ക്ഷീര
Back

അകിടുവീക്കം നിയന്ത്രിക്കാന്‍ - വറ്റുകാലചികിത്സ

ഡോ. പി.വി. ട്രീസമോള്‍
അസോസിയേറ്റ്‌പ്രൊഫസ്സര്‍ വെറ്ററിനറികോളേജ്, മണ്ണുത്തി

കറവപ്പശുക്കളെ ബാധിയ്ക്കുന്ന രോഗങ്ങളില്‍ ഏറ്റവും പ്രധാനമായതും ക്ഷീരകര്‍ഷകര്‍ക്ക് ഭീമമായ സാമ്പത്തിക നഷ്ടംവരുത്തിവയ്ക്കുന്നതുമായ ഒരുരോഗമാണ് അകിടുവീക്കം. ഇതുമൂലം പാലുല്പാദനം പൂര്‍ണ്ണമായോ ഭാഗികമായോ കുറയാന്‍ ഇടവരുന്നു. വിവിധതരം ബാക്ടീരിയകള്‍, വൈറസുകള്‍, ഫംഗസുകള്‍, ആല്‍ഗകള്‍ എന്നിവയാണ് രോഗഹേതുക്കള്‍. അതോടൊപ്പം തന്നെ തൊഴുത്തിലും പരിസരങ്ങളിലുമുള്ള ശുചിത്വമില്ലായ്മ, ശാസ്ത്രീയമല്ലാത്ത പരിപാലനമുറകള്‍, പശുക്കളുടെ രോഗപ്രതിരോധശക്തിയിലുള്ളകുറവ്, കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ എന്നിവയും രോഗബാധയ്ക്കുള്ള സാധ്യതകൂട്ടും. പാലുല്പാദനം കുറയുക, അകിടിലും മുലക്കാമ്പിലുമുള്ള നീര്, കല്ലിപ്പ്, വേദന, നിറവ്യത്യാസം, പാലിന്റെ നിറത്തിലും രുചിയിലുമുള്ള വ്യത്യാസം, പാല്‍ പിരിയുക എന്നിവയാണ ്‌രോഗലക്ഷണങ്ങള്‍. തീവ്രമായ രോഗബാധയുള്ളപ്പോള്‍ പനി, വിശപ്പില്ലായ്മ, നടക്കാനുള്ള ബുദ്ധിമുട്ട് എന്നിവകാണുന്നു. പ്രകടമായ രോഗലക്ഷണങ്ങളൊന്നും ഇല്ലാതെ, പാലുല്പാദനത്തിലുള്ള കുറവ് മാത്രമായി കാണുന്ന ബാഹ്യലക്ഷണങ്ങളില്ലാത്ത (സബ്ക്ലിനിക്കല്‍) അകിടുവീക്കവുംകാണപ്പെടുന്നു. പശുക്കളില്‍കാണപ്പെടുന്ന അകിടുവീക്കത്തില്‍ 70 ശതമാനവുംസബ്ക്ലിനിക്കല്‍ രോഗബാധയാണെന്ന്‌തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതുമൂലം രോഗലക്ഷണങ്ങളോടു കൂടിയ ക്ലിനിക്കല്‍ അകിടുവീക്കം മൂലമുള്ള നഷ്ടത്തിന്റെ മൂന്നിരട്ടി നഷ്ടം വരുത്തുന്നതായാണ് കണ്ടിട്ടുള്ളത്.

രോഗബാധിതരായ പശുക്കളുടെ ശരിയായചികിത്സ, ശാസ്ത്രീയമായ കറവ, പരിസരശുചിത്വം, കറവക്കാരന്റെ ശുചിത്വം, മുഴുവന്‍ പാല്‍ കറന്നെടുക്കല്‍, കറവയ്ക്കുശേഷം മുലകാമ്പുകള്‍ അണുനാശിനി ലായിനിയില്‍മുക്കുക (ടീറ്റ്ഡിപ്പിംഗ്), പ്രാണികളുടേയും ഈച്ചകളുടേയും നിയന്ത്രണം, അകിടിലും മുലകാമ്പിലും ഉണ്ടാകുന്ന മുറിവുകളുടെ ശരിയായ ചികിത്സ എന്നിവയാണ് അകിടുവീക്ക നിയന്ത്രണത്തിനുള്ള പ്രധാന മാര്‍ഗ്ഗങ്ങള്‍. അതോടൊപ്പം തന്നെ പ്രധാനമായ മറ്റൊരുമാര്‍ഗ്ഗമാണ് വറ്റുകാലചികിത്സ(Dry cow therapy) പ്രത്യേകിച്ച് സബ്ക്ലിനിക്കല്‍ അകിടുവീക്കം നിയന്ത്രിക്കാനുള്ള ഏറ്റവും പ്രധാന മാര്‍ഗ്ഗമാണ ്ഇത്.

കറവപ്പശുക്കള്‍ക്ക് അടുത്ത കറവയ്ക്കുമുമ്പായി ഏകദേശം രണ്ടുമാസത്തോളം സമയം കറവയില്ലാതെ നിറുത്തന്നതാണ് വറ്റുകാലം. വറ്റുകാലത്ത് അകിടിന്റെ പ്രതിരോധശക്തി കുറയുന്നതുമൂലം അണൂബാധക്കുള്ള സാധ്യതകൂടുതലാണ്. അതുമൂലം അണുക്കള്‍ കൂടുതല്‍ കാലം നിലനില്ക്കുകയും അടുത്ത കറവയില്‍ അകിടുവീക്കത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. അതുകൊണ്ട് വറ്റുകാലചികിത്സയിലൂടെ ഇത്തരം അണുബാധയെ നിയന്ത്രിക്കാനും അങ്ങിനെ അടുത്ത കറവയില്‍ ഉണ്ടാകുന്ന അകിടുവീക്കം തടയാനും സാധിക്കും.

വറ്റുകാലം തുടങ്ങുന്നതിനു മുമ്പുള്ള അവസാന കറവയ്ക്കുശേഷം ആന്റിബയോട്ടിക്ക് മരുന്നുകള്‍ മുലകാമ്പിനുള്ളിലേക്ക ്‌കൊടുക്കുകയാണ് വറ്റുകാലചികിത്സയില്‍ ചെയ്യുന്നത്. 3 ആഴ്ച ഇടവിട്ട് വീണ്ടും നല്കണം. ഇതുമൂലം അകിടില്‍ മുമ്പ് ഉണ്ടായിട്ടുള്ള അണുബാധയെ കുറയ്ക്കുകയും അതോടൊപ്പം വറ്റുകാലത്തില്‍ ഉണ്ടാകാവുന്ന പുതിയ അണുബാധയെ പ്രതിരോധിക്കുകയും ചെയ്യുന്നു. വറ്റുകാല ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ കൂടുതല്‍ അളവില്‍ ആന്റിബയോട്ടിക്ക ്മരുന്നുകള്‍ ഉള്ളതും സാവധാനം പ്രവര്‍ത്തിക്കുന്നതുമായിരിക്കണം. അതുകൊണ്ട് ശരിയായ മരുന്നുകള്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ. വറ്റുകാലത്ത് നടത്തുന്ന ചികിത്സയായതുകൊണ്ട് പാലില്‍ ആന്റിബയോട്ടിക്ക് മരുന്നുകളുടെ സാന്നിധ്യംവരാനുള്ള സാധ്യതയും കുറവാണ്.
  

 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS