അന്തരിച്ച ഡോ. വര്‍ഗ്ഗീസ് കുര്യന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന് വക നല്‍കുന്നു. ലോകത്തില്‍ വെച്ചേറ്റവും വലിയ ക്ഷീരവികസന പദ്ധതിയായ 'ഓപ്പറേഷന്‍ ഫ്‌ളഡി'ന്റെ (Operation Flood) ശില്പിയായ ഈ മലയാളിയുടെ അക്ഷീണ പ്രയത്‌നമാണ് ഇന്ത്യയെ ലോകത്തിലേറ്റവും കൂടുതല്‍ പാലുല്പാദിപ്പിക്കുന്ന രാജ്യമാക്കി മാറ്റിയത്. ഇതിന്റെ പരിണിതഫലമെന്നോണം ഒരു പതിറ്റാണ്ടു കാലമായി ഇന്ത്യ ലോകഭൂപടത്തില്‍ പാലുല്പാദനത്തില്‍ മുന്നേറുകയാണ്! ഇവിടുത്തെ പ്രതിവര്‍ഷ പാലുല്പാദനം 116.2 ദശലക്ഷം ടണ്ണിലധികമാണ് !
ലക്ഷ്യബോധത്തോടെയുള്ള ഡോക്ടര്‍ കുര്യന്റെ അരനൂറ്റാണ്ടു കാലത്തെ അക്ഷീണ പ്രയത്‌നമാണ് ഇന്ത്യയിലെ ക്ഷീര കര്‍ഷകരുടെ ഉന്നമനം എന്ന സ്വപ്നസാക്ഷാത്കാരത്തിന് വഴിയൊരുക്കിയത്.
വളരെ യാദൃശ്ചികമായാണ് ഡോ. കുര്യന്‍ ഗുജറാത്തിലെ ആനന്ദിലെത്തിയത്. എന്‍ജിനീയറിംഗ് ബിരുദധാരിയായ കുര്യന്‍ ടിസ്‌ക്കോ (TISCO) (Tata Iron and Steel Company) യിലെ ഉയര്‍ന്ന ഉദ്യോഗം രാജിവെച്ചാണ് ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കെയ്‌റ ജില്ലയിലെ ആനന്ദിലെത്തിയത്. 1945 ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് 500 ഓളം ഇന്ത്യന്‍ ബിരുദധാരികളെ ഇംഗ്ലണ്ട്, ന്യൂസിലാന്റ്, ആസ്‌ത്രേലിയ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ സ്‌കോളര്‍ഷിപ്പോടെ ഉന്നത പഠനത്തിനും പരിശീലനത്തിനും അയക്കാന്‍ തീരുമാനിച്ചിരുന്നു. ഫിസിക്‌സിലും, എന്‍ജിനീയറിംഗിലും ബിരുദമുള്ള കുര്യന്‍ മെറ്റലര്‍ജി, ന്യൂക്ലിയര്‍ഫിസിക്‌സ് എന്നിവയില്‍ വിദേശത്ത് ബിരുദാനന്തര പഠനമെന്ന ആഗ്രഹവുമായാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചത്. ഇന്റര്‍വ്യൂവില്‍ കുര്യനോട് പാസ്ചുറൈസേഷനെ കുറിച്ചാണ് ചോദിച്ചത്. വളരെ വിനയത്തോടെ കുര്യന്റെ മറുപടി ഇങ്ങനെയായിരുന്നു. \'പാസ്ചറൈസേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയില്ല, പക്ഷെ ഇത് പാല്‍ രോഗാണുവിമുക്തമാക്കാനുള്ള പ്രക്രിയയാണെന്നറിയാം.\' തുടര്‍ന്ന് കുര്യന് പാലുമായി ബന്ധപ്പെട്ട ഡയറി എന്‍ജിനിയറിംഗില്‍ അമേരിക്കയിലെ പ്രശസ്തനായ മിഷിഗണ്‍ സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ അഡ്മിഷന്‍ ലഭിച്ചു. അമേരിക്കയിലെ പഠനത്തിന് മുമ്പ് 8 മാസം ബാഗ്ലൂരിലെ ഇംപീരിയല്‍ ഡയറി ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഇന്നത്തെ ദേശീയ ക്ഷീരഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട്, ബാംഗ്ലൂര്‍ കാമ്പസ്) പരിശീലനം നല്‍കിയിരുന്നു.
അമേരിക്കയിലെ പഠനം പൂര്‍ത്തിയാക്കി 1948 ല്‍ സ്വതന്ത്ര ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ സാഹചര്യം തികച്ചും വ്യത്യസ്ഥം ! ഇന്ത്യയെ വിഭജിച്ച് പാക്കിസ്ഥാന്‍ രൂപം കൊണ്ടിരുന്നു. സ്‌കോളര്‍ഷിപ്പോടെ പഠിച്ചതിനാല്‍ ഉപരിപഠനശേഷം ഗവണ്‍മെന്റ് കുര്യനെ ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഗുജറാത്തിലെ ആനന്ദിലേക്കയച്ചു. തീര്‍ത്തു വ്യത്യസ്തമായ ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കണമെന്ന അധികാരികളുടെ ആവശ്യം കുര്യനെ നിരുത്സാഹപ്പെടുത്തിയെങ്കിലും വിദേശപഠനത്തിന് ലഭിച്ച 30000 രൂപയുടെ സ്‌കോളര്‍ഷിപ്പിന്റെ നിബന്ധനകള്‍ അനുസരിച്ച് കുര്യന് ആനന്ദില്‍ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക മാത്രമെ നിര്‍വ്വാഹമുണ്ടായിരുന്നുള്ളു ! ടിസ്‌കോയിലെ ഉയര്‍ന്ന ഉദ്യോഗം രാജിവെച്ചതില്‍ അമ്മാവനും അന്നത്തെ കേന്ദ്ര ധനകാര്യ മന്ത്രിയുമായിരുന്ന പരേതനായ ഡോക്ടര്‍ ജോണ്‍ മത്തായിക്കും എതിര്‍പ്പുണ്ടായിരുന്നു. അമേരിക്കയില്‍ യൂണിയന്‍ കാര്‍ബൈഡില്‍ ജോലി വാഗ്ദാനം ലഭിച്ചെങ്കിലും ലഭിച്ച സ്‌കോളര്‍ഷിപ്പ് തിരിച്ചടക്കേണ്ടി വരുമെന്നതും കുര്യന്‍ ആനന്ദിലെത്താന്‍ കാരണമായി.
ആനന്ദിലെത്തിയ കുര്യന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ക്ഷീരകര്‍ഷകരെ സംഘടിപ്പിച്ച് പാല്‍ വിപണനത്തിന് തുടങ്ങിയ സഹകരണ പ്രസ്ഥാനമാണ് പിന്നീട് കെയ്‌റ ജില്ല ക്ഷീരോല്പാദക യൂണിയനും, അമൂലുമായി മാറിയത്. കുര്യനെ ഈ പ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചത് സ്വാതന്ത്ര്യ സമര സേനാനിയായ ശ്രീ. ത്രിഭൂവന്‍ദാസ് പട്ടേലിന്റെ ആത്മാര്‍ത്ഥമായ പരിശ്രമമാണ്. കെയ്‌റജില്ലയില്‍ ആരംഭിച്ച ആനന്ദ് മാതൃകയിലുള്ള ക്ഷീരോല്പാദകസംഘങ്ങള്‍ ഇന്ത്യയില്‍ ഉടനീളം വ്യാപിച്ചുകഴിഞ്ഞു. ഒപ്പം ദേശീയ ക്ഷീരവികസനബോര്‍ഡ് (National Dairy Development Board) രൂപം കൊണ്ടു. അമൂല്‍ ബ്രാന്‍ഡില്‍ പാലും, പാലുത്പന്നങ്ങളും വിപണനം നടക്കാന്‍ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ നിലവില്‍ വന്നു. ധവളവിപ്ലവത്തിന്റെ പിതാവ് - (Father of White Revolution ) എന്ന പേരില്‍ അറിയപ്പെടുന്ന ഡോക്ടര്‍ വര്‍ഗ്ഗീസ് കുര്യന്റെ ജീവചരിത്രം ഇന്ത്യന്‍ ക്ഷീരമേഖല കൈവരിച്ച നേട്ടങ്ങള്‍ വിളിച്ചോതുന്നതാണ്.
തുടക്കം മുതല്‍ ദീര്‍ഘകാലം ഡോക്ടര്‍ കുര്യന്‍ ദേശീയക്ഷീരവികസന ബോര്‍ഡിന്റെ പ്രസിഡന്റ് ആയിരുന്നു. ഇക്കാലത്താണ് വിദേശ സഹായത്തോടെ ഇന്ത്യന്‍ക്ഷീരമേഖലയില്‍ \'Operation Flood\' പദ്ധതി നടപ്പിലാക്കിയത്. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, നാഷണല്‍ കോ-ഓപ്പറേറിറിങ്ങ് ഡയറി ഫെഡറേഷന്‍, ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റ് എന്നീ സ്ഥാപനങ്ങളുടെ ചെയര്‍മാനായി ഡോക്ടര്‍ കുര്യന്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലെ ബോര്‍ഡംഗമായിരുന്ന ഡോ. കുര്യന്‍ മാനേജ്‌മെന്റ് വിദഗ്ദര്‍ ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിക്കണമെന്ന് ശക്തമായി വാദിച്ചിരുന്നു. ഇത് ബോര്‍ഡംഗങ്ങളായ വന്‍ വ്യവസായികളുടെ അപ്രിതിയ്ക്ക് കാരണമായി. ഐ.ഐ.എമ്മില്‍ നിന്ന് പുറത്തിറങ്ങുന്ന മാനേജ്‌മെന്റ് വിദഗ്ദര്‍ പശുവിനെ കറക്കണമോ ? എന്നു പറഞ്ഞ് കുര്യനെ അവര്‍ ആക്ഷേപിച്ചു. ബോര്‍ഡംഗത്വം രാജിവെച്ച കുര്യന്‍ ആദ്യം ചെയ്തത് ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിക്കാനുതകുന്ന മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുകയായിരുന്നു. ഇതായിരുന്നു ആനന്ദിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റിന്റെ (IRMA) തുടക്കം . ഇന്ന് അഗ്രിബിസിനസ്സ് മാനേജ്‌മെന്റ്, ഡയറി മാനേജ്‌മെന്റ്, റൂറല്‍ ബിസിനസ്സ് മാനേജ്‌മെന്റ് എന്നിവയില്‍ ഉന്നതപഠനം, ഗവേഷണം, പരിശീനം എന്നിവയ്ക്കുള്ള ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടായി (IRMA) മാറിക്കഴിഞ്ഞു.
നിരവധി അംഗീകാരം ഡോ. കുര്യനെ തേടിയെത്തിയിട്ടുണ്ട്. മഗ്‌സാസെ അവാര്‍ഡ് (1963), വാട്ട്‌ലര്‍ പീസ് പുരസ്‌കാരം (1980), വേള്‍ഡ് ഫുഡ് പ്രൈസ് (1989) പത്മശ്രീ (1965), പത്മഭൂഷണ്‍ (1966), പത്മവിഭൂഷണ്‍ (1999) എന്നിവ ഇവയില്‍ ചിലതുമാത്രം !
ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, മോറാര്‍ജി ദേശായി, രാജീവ് ഗാന്ധി തുടങ്ങി ഒട്ടനേകം മഹത് വ്യക്തികളുമായി നല്ല സൗഹൃദം പങ്കിട്ടിരുന്ന ഡോ. കുര്യന്‍ ഇവരുടെ സേവനങ്ങള്‍ ഇന്ത്യന്‍ ക്ഷീരമേഖലയുടെ വികസനത്തിനായി വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ക്ഷീര കര്‍ഷകരെ ഇടനിലക്കാരില്‍ നിന്നും രക്ഷിച്ച് പാലിനും, പാലുല്പന്നങ്ങള്‍ക്കും സ്ഥായിയായ വിപണി കണ്ടെത്തിയ ഡോ. കുര്യന്‍ തന്റെ അരനൂറ്റാണ്ടിലേറെയുള്ള പരിശ്രമത്തില്‍ പാല്‍, പാലുല്പന്നങ്ങള്‍ എന്നിവയുടെ വിദേശ വിപണിയില്‍ ഇന്ത്യന്‍ ക്ഷീരമേഖലയ്ക്ക് കടന്നെത്താന്‍ വഴിയൊരുക്കിയിട്ടുണ്ട്.
കുടുംബം -1921 ല്‍ നവംബര്‍ 26 ന് കോഴിക്കോട് പുത്തന്‍പുരയ്ക്കല്‍ കുര്യന്റെ നാല് മക്കളില്‍ മൂന്നാമത്തെയാളാണ് ഡോ. വര്‍ഗ്ഗീസ് കുര്യന്‍. അച്ഛന്‍ ബ്രിട്ടീഷ് അധീന കൊച്ചിയില്‍ സിവില്‍ സര്‍ജനായിരുന്നു. ഭാര്യ മോളി കുര്യന്‍, മകള്‍ നിര്‍മ്മല.