സർവകലാശാല വാർത്തകൾ
Back

പബ്ലിക്ക് ഹെല്‍ത്ത് കോഴ്‌സുകള്‍ക്ക് സാധ്യതയേറുന്നു

ഡോ. ടി.പി. സേതുമാധവന്‍

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, മറ്റു മേഖലകളില്‍ നിന്ന് ആരോഗ്യമേഖലയിലേക്ക് ചേക്കേറാനാഗ്രഹിക്കുന്നവര്‍ക്കും മികച്ച ഉപരിപഠന മേഖലയാണ് പബ്ലിക്ക് ഹെല്‍ത്ത് കോഴ്‌സുകള്‍. സയന്‍സ് ബിരുദധാരികള്‍ക്ക് ഈ കോഴ്‌സ് മികച്ച തൊഴില്‍ ലഭിയ്ക്കുവാന്‍  ഉപകരിക്കും. ഏത് ആരോഗ്യ, അനുബന്ധ മേഖലയില്‍ ബിരുദമെടുത്തവര്‍ക്കും പബ്ലിക്ക് ഹെല്‍ത്ത് കോഴ്‌സുകള്‍ ഏറെ പ്രയോജനപ്പെടും.

രാജ്യത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി  ആശുപത്രികള്‍ കൂടുതലായി രൂപപ്പെടുമ്പോഴും ഗ്രാമീണ മേഖലയില്‍ രോഗനിയന്ത്രണ രംഗത്ത് ഏറെ പരിമിതികള്‍ ഇന്ന് നിലനില്‍ക്കുന്നു. ഇതുമൂലം നിരവധി സാംക്രമിക രോഗങ്ങളാണ് പകരുന്നത്. രോഗനിയന്ത്രണ രംഗത്ത് ശാസ്ത്രീയ ബോധവല്‍ക്കരണം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

പബ്ലിക്ക് ഹെല്‍ത്ത് കോഴ്‌സുകള്‍ രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്  ഇവയ്ക്കാവശ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ്. രോഗനിയന്ത്രണം, പര്യവേഷണം, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, പാരിസ്ഥിക പ്രശ്‌നങ്ങള്‍, മാലിന്യ നിര്‍മാര്‍ജ്ജനം, പോഷണം, ഹെല്‍ത്ത് മാനേജ്‌മെന്റ്, ഇന്‍ഷൂറന്‍സ്, നാഷണല്‍ ഹെല്‍ത്ത് പ്രോഗ്രാമുകള്‍, ആരോഗ്യ വിദ്യാഭ്യാസം, ഇക്കണോമിക്‌സ് തുടങ്ങി നിരവധി മേഖലകള്‍  ഈ കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

പബ്ലിക്ക് ഹെല്‍ത്തില്‍ ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്്. ജയ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് മാനേജ്‌മെന്റ്  റിസര്‍ച്ച്, തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാള്‍  ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി, മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, ഗുഡ്ഗാവിലെ അമിറ്റി മെഡിക്കല്‍ സ്‌ക്കൂള്‍ എന്നിവ പബ്ലിക്ക് സയന്‍സില്‍ ബിരുദാനന്തര പ്രോഗ്രാമുകള്‍ നടത്തുന്ന മികച്ച ഗവേഷണ സ്ഥാപനങ്ങളാണ്. പ്രവേശന പരീക്ഷ, ഇന്റര്‍വ്യൂ, ഗ്രൂപ്പ് ചര്‍ച്ച എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് WHO, UNICEF, UNDP, UNPA സന്നദ്ധ സംഘടനകള്‍, കേന്ദ്ര/സംസ്ഥാന  സംഘടനകള്‍, പബ്ലിക്ക് ഹെല്‍ത്ത് വകുപ്പുകള്‍, പ്ലാനിംഗ് കമ്മീഷന്‍, സാനിറ്റേഷന്‍ ആന്റ് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കാം.

രാജ്യത്ത് പബ്ലിക്ക് ഹെല്‍ത്ത് രംഗത്ത് വിദഗ്ദരുടെ രൂക്ഷമായ ക്ഷാമം നിലനില്‍ക്കുന്നു. രാജ്യത്ത് വരുംകാലങ്ങളില്‍ ഏറെ തൊഴിലവസരങ്ങള്‍ രൂപപ്പെടുന്ന മേഖലയാണ് ആരോഗ്യരംഗം. ലോകത്ത് മില്ലെനിയം വികസന ലക്ഷ്യത്തില്‍ ആരോഗ്യ മേഖലയ്ക്ക് മുന്നേറണമെങ്കില്‍ പൊതുജനാരോഗ്യം ശക്തിപ്പെടേതുണ്ട്.

പൊതുജനാരോഗ്യ കോഴ്‌സുകള്‍ക്കും, ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തിനും രാജ്യത്തിനകത്തും വിദേശത്തും സാധ്യതകളേറെയുണ്ട്്. അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ്, നോര്‍ത്ത് കരോലീന, ഓഹായോ, കാലിഫോര്‍ണിയ സര്‍വ്വകലാശാലകളിലും  യു.കെ. യിലെ ലിവര്‍പൂള്‍, എഡിന്‍ബറോ, കാനഡയിലെ ബ്രിട്ടീഷ് കൊളമ്പിയ, കാല്‍ഗരി, ആല്‍ബെര്‍ട്ട സര്‍വ്വകലാശാലകളിലും പബ്ലിക്ക് ഹെല്‍ത്തില്‍ ഗവേഷണത്തിന് സാധ്യതയേറെയുണ്ട്. ആഗോള തൊഴില്‍ സാധ്യത ലക്ഷ്യമിട്ട് തെരഞ്ഞെടുക്കാവുന്ന കോഴ്‌സാണിത്്.

ഗ്രാമീണ മേഖലയില്‍ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാനായി കേന്ദ്ര ആരോഗ്യമന്ത്രാലയം  പ്ലസ്സ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് ബാച്ചിലര്‍ ഓഫ് റൂറല്‍ മെഡിസിന്‍ ആന്റ് സര്‍ജറി (BRMS) എന്ന കോഴ്‌സ് തുടങ്ങാനുള്ള കരിക്കുലം രൂപപ്പെടുത്തിയെങ്കിലും ഇന്ത്യന്‍ മെഡിക്കല്‍ അസോസ്സിയേഷന്റെ എതിര്‍പ്പുമൂലം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച സിലബസ്സില്‍ നേരിയ മാറ്റങ്ങള്‍ വരുത്തി ബി.എസ്.സി.  കമ്മ്യൂണിറ്റി മെഡിസിന്‍ എന്ന ബിരുദ പ്രോഗ്രാം പ്ലസ്സ് ടു വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രാലയം ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഗ്രാമീണ മേഖലയിലെ ഹെല്‍ത്ത്  സെന്ററുകളിലൂടെ രോഗനിയന്ത്രണവും, പൊതുജനാരോഗ്യം  എന്നിവയ്ക്ക് ഊന്നല്‍ നല്‍കാനാണ് ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. മൂന്നര വര്‍ഷത്തെ ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവരെ ആരോഗ്യവകുപ്പിന്റെ സബ്‌സെന്ററുകളില്‍ പബ്ലിക്ക് ഹെല്‍ത്ത് ഓഫീസര്‍മാരായി  നിയമിക്കാനാണ് ഉദ്ദേശിക്കുന്നത്.

അമേരിക്കയിലെ പ്രശസ്തമായ ജോണ്‍സ് ഹോപ്കിന്‍സ് മെഡിക്കല്‍ സ്‌കൂളും, ജയ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് മാനേജ്‌മെന്റ് ആന്റ് റിസര്‍ച്ചും ചേര്‍ന്നുള്ള പബ്ലിക്ക് ഹെല്‍ത്തിലെ ബിരുദാനന്തര കോഴ്‌സ്  (MPH) ന് അപേക്ഷ   ക്ഷണിച്ചു. ബിരുദധാരികള്‍ക്ക്  ആരോഗ്യമേഖലയില്‍ രണ്ട് വര്‍ഷത്തെയെങ്കിലും പ്രവൃത്തി പരിചയമുണ്ടെങ്കില്‍ കോഴ്‌സിന് അപേക്ഷിക്കാം. TOFEL, GRE  സ്‌കോര്‍ എന്നിവ അത്യന്താപേക്ഷിതമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്  mph@iihmr.org എന്ന ഇ-മെയിലില്‍ ബന്ധപ്പെടാം. അപേക്ഷിക്കേണ്ട അവസാന തിയതി 2013 ഒക്‌ടോബര്‍ 26 ആണ്.


 

സന്ദേശങ്ങൾ

ശ്രീ പിണറായി വിജയന്‍( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ അഡ്വ. കെ. രാജു ( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ വി.എസ. സുനിൽ കുമാർ ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ചോദ്യപ്പെട്ടി

Web designed by netBIOS