വാർത്തകൾ
Back

ജന്തുജന്യ രോഗ നിവാരണ യജ്ഞം - മണ്ണുത്തി വെറ്റിനറി കോളേജില്‍

“മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും തിരിച്ച് മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്കും” പകരുന്ന രോഗങ്ങളെയും അവയുടെ പ്രതിരോധ നടപടികളെയും കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുന്നതിനായി ജൂലൈ 6-ാം തിയതി ജന്തുജന്യ രോഗ ദിനമായി ആചരിക്കുന്നു.

1886 ജൂലൈ 6 ന് ലൂയീസ് പാസ്ചര്‍ പേവിഷബാധയ്‌ക്കെതിരായ കുത്തിവെയ്പ് മനുഷ്യരില്‍ ഫലപ്രദമായി ഉപയോഗിച്ചതിന്റെ സ്മരണ നിലനിര്‍ത്താനാണ് ഈ ദിനാചരണം. ഇതിനോടനുബന്ധിച്ച് ജൂലൈ 16 ചൊവ്വാഴ്ച വെറ്ററിനറി കോളേജില്‍, വെറ്ററിനറി പബ്ലിക്ക് ഹെല്‍ത്ത്, പ്രവന്റീവ് മെഡിസിന്‍ ആന്റ് എപ്പിഡെമിയോളജി, വെറ്ററിനറി പാരസൈറ്റോളജി എന്നീ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ശാസ്ത്ര സെമിനാറും, പോസ്റ്റര്‍ പ്രദര്‍ശന മത്സരവും, കൊതുകു നിവാരണ യജ്ഞവും സംഘടിപ്പിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ സഹായത്തോടെ വെറ്ററിനറി കോളേജ് ക്യാമ്പസ്സില്‍ ഫോഗിങ്ങും നടത്തുകയുണ്ടായി.

രാവിലെ 9.00 ന് റജിസ്‌ട്രേഷന്‍ ആരംഭിച്ചു. 9.30 ന് ആരംഭിച്ച ഉദ്ഘാടന യോഗത്തില്‍ വെറ്ററിനറി കോളേജ് ഡീന്‍ ഡോ. പി.സി. ശശീന്ദ്രന്‍ അദ്ധ്യക്ഷപദം വഹിച്ചു. കൊതുകു നിവാരണ യജ്ഞത്തിന്റെ ഔപചാരിക ഉദ്ഘാടനം ആരാധ്യയായ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. സുബി ബാബു നിര്‍വ്വഹിക്കുകയും, തുടര്‍ന്ന് സദസ്സിനെ സംബോധന ചെയ്യുകയും ചെയ്തു. കൊതുക് നിവാരണത്തിന്റെ അനിവാര്യതയും, ഉറവിട മാലിന്യ സംസ്‌ക്കരണത്തിന്റെ പ്രസക്തിയും ഡെപ്യൂട്ടി മേയര്‍ ഊന്നിപ്പറയുകയും, കൊതുകു നിവാരണത്തിനായി വെറ്ററിനറി കോളേജ് കൈക്കൊണ്ട പ്രാധമിക ഉദ്യമത്തെ പ്രശംസിക്കുകയും ചെയ്തു. ശാസ്ത്ര സെമിനാറിന്റെ ഉദ്ഘാടനം,. വെറ്ററിനറി കോളേജ് റിസര്‍ച്ച് കോര്‍ഡിനേഷന്‍ പ്രൊഫസ്സറും, വെറ്ററിനറി പാരസൈറ്റോളജി വകുപ്പ് മേധാവിയുമായ ഡോ. കെ. ദേവത നിര്‍വ്വഹിച്ചു. ബഹുമാന്യനായ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ഗിരീഷ് ബാബു, കൗണ്‍സിലര്‍ ശ്രീമതി  ജയശ്രീ ഭാസ്‌ക്കരന്‍, കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി പന്നി-ഉല്പാദന ഗവേഷണ കേന്ദ്രം മേധാവിയും പ്രൊഫസ്സറുമായ ഡോ. ഉഷ എ.പി. എന്നിവര്‍ സംരംഭത്തിന് ആശംസകള്‍ നേര്‍ന്നു. പ്രിവന്റീവ് മെഡിസിന്‍ ആന്റ് എപ്പിഡെമിയോളജി മേധാവിയും, അസോസിയേറ്റ് പ്രൊഫസ്സറുമായ ഡോ. പി.വി. ട്രീസാമോള്‍ സ്വാഗതവും, വെറ്ററിനറി പബ്ലിക്ക് ഹെല്‍ത്ത് വകുപ്പ് മേധാവിയും, അസോസിയേറ്റ് പ്രൊഫസ്സറുമായ ഡോ. സി. ലത നന്ദിയും പറഞ്ഞു. വെറ്ററിനറി കോളേജ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പോസ്റ്റര്‍ പ്രദര്‍ശന മത്സരത്തില്‍, ഐശ്വര്യ ലക്ഷ്മണ്‍, അനഘ എസ്, ഷാരോണ്‍ എ.ജെ. എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഇവര്‍ക്കുള്ള സമ്മാനദാനം വെറ്ററിനറി കോളേജ് ഡീന്‍ ഡോ. പി.സി. ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.

ഉദ്ഘാടന യോഗത്തെ തുടര്‍ന്നുള്ള  ശാസ്ത്ര സെമിനാറില്‍, കൊതുകുകള്‍ പരത്തുന്ന പ്രധാനപ്പെട്ട രോഗങ്ങളെയും അവയുടെ പ്രതിരോധ നിയന്ത്രണ മാര്‍ഗ്ഗങ്ങളേയും പറ്റി വെള്ളാനിക്കര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോ. സുജിത്ത് ജോസഫ് ബംഗ്ലാവന്‍ ക്ലാസ്സെടുത്തു. വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ഫാം ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ 250 ഓളം പേര്‍ ക്ലാസ്സില്‍ പങ്കെടുത്തു. വെറ്ററിനറി കോളേജ് ക്യാമ്പസ്സില്‍ കാണപ്പെടുന്ന കൊതുകിനങ്ങളേയും അവയുടെ സവിശേഷതകള്‍, ആണ്‍ പെണ്‍ അനുപാതം, നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ എന്നിവയെപ്പറ്റി മൂന്നും നാലും വര്‍ഷ ബിരുദ വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികള്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് വെറ്ററിനറി കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സോനു എസ്. നായര്‍, നാലാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ആര്യാ അനില്‍ എന്നിവര്‍ അവതരിപ്പിച്ചു.

ശാസ്ത്ര സെമിനാറിനുശേഷം അദ്ധ്യാപകരുടെ മേല്‍ നോട്ടത്തില്‍ വിദ്യാര്‍ത്ഥികളും, ഫാം ജീവനക്കാരും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കോളേജ് ക്യാമ്പസില്‍ കൊതുകു നിവാരണ യജ്ഞം ആരംഭിച്ചു. കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ നശിപ്പിക്കുക എന്നതായിരുന്നു ഈ യജ്ഞത്തിന്റെ പ്രധാന ലക്ഷ്യം. അനാവശ്യമായ കുറ്റിച്ചെടികളും കളകളും വെട്ടിമാറ്റുകയും പ്ലാസ്റ്റിക്ക് മാലിന്യം ചാക്കുകളില്‍ ശേഖരിക്കുകയും ചെയ്തു. വെള്ളം കെട്ടിക്കിടക്കുന്ന ചിരട്ടകള്‍, കുപ്പികള്‍, പാത്രങ്ങള്‍ എന്നിവയിലെ വെള്ളം കളഞ്ഞ് കമിഴ്ത്തി വെക്കുക, വെള്ളം കെട്ടിക്കിടക്കുന്ന അഴുക്കു ചാലുകളിലെ തടസ്സം മാറ്റുക, അവ പ്രവര്‍ത്തന യോഗ്യമാക്കുക, അഴുക്കു ചാലുകളിലും വെള്ളം കെട്ടിക്കിടക്കുന്ന മറ്റു സ്ഥലങ്ങളിലും ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുനശീകരണം നടത്തുക എന്നീ ശുചീകരണ പരിപാടികള്‍ നടത്തുകയുണ്ടായി. രണ്ട് മണിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ ഉച്ചഭക്ഷണത്തോടെ പരിപാടികള്‍ അവസാനിച്ചു. രാവിലെയും വൈകുന്നേരവുമായി വെറ്ററിനറി കോളേജ് ക്യാമ്പസ്സ് മുഴുവനും ഫോഗിങ്ങും നടത്തി.
 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS