വളര്‍ത്തു നായ്ക്കളുടെ പരിശീലനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ മൂന്നാമത്തെ മാസം അതായത് നായ്കുട്ടി വീട്ടിലെത്തിയതു മുതല്‍ തുടങ്ങണം. പ്രായപൂര്‍ത്തിയെത്തിയ നായ്ക്കളെ പരിശീലിപ്പിക്കുക അത്ര എളുപ്പമല്ല.
നായ്ക്കളില്‍ പ്രവര്‍ത്തന മികവ,് നല്ല സ്വഭാവം എന്നിവ വളര്‍ത്തിയെടുക്കാന്‍ പരിശീലനം വഴിയൊരുക്കും. ആജ്ഞകള്‍ അനുസരിക്കുവാനും, പ്രതികൂല സാഹചര്യങ്ങളില്‍ ആവശ്യമായ കഴിവുകള്‍ രൂപപ്പെടുത്തി എടുക്കുവാനും പരിശീലനം ഉപകരിക്കും. നായ പരിശീലനത്തില്‍ പ്രാഥമികമായ മര്യാദകള്‍ പഠിപ്പിക്കുന്ന Obedience Training തുടങ്ങി കുറ്റാന്വേഷണം, സൈന്യ സേവനം, വളര്‍ത്തുമൃഗങ്ങളുടെ സുരക്ഷ, കാവല്‍ക്കാരന്‍, ശാരീരിക ബുദ്ധിമുട്ടുള്ളവരുടെ സന്തതസഹചാരി, സ്‌പോര്‍ട്‌സ് തുടങ്ങി നിരവധി മേഖലകളില്‍ പരിശീലനം നല്‍കാറുണ്ട്. പരിശീലനത്തെത്തുടര്‍ന്ന് വളര്‍ത്തു നായ്ക്കള്‍ നായവളര്‍ത്തുകാരുടെ ആജ്ഞകള്‍ ശരിയായി അപഗ്രഥിച്ച് പ്രതികരിക്കും.
നായ്ക്കള്‍ക്ക് പരിശീലനം നല്‍കുന്നതിനെക്കുറിച്ച് രണ്ട് അഭിപ്രായങ്ങളുണ്ട്. നല്ലശീലങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പോസറ്റീവ് റീ ഇന്‍ഫോഴ്‌സ്മെന്റാണ് നല്ലതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ ശിക്ഷ നല്‍കിയുള്ള പരിശീലനമാണ് നല്ലതെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു.
നായ്ക്കളില്‍ കൂടുതലായി പ്രതിഫലിച്ചു വരുന്ന പ്രകടമായ സ്വഭാവ വ്യതിയാനങ്ങള്‍ മറികടക്കാനിണങ്ങിയ പരിശീലനം ആവശ്യമാണെന്ന് ചിലര്‍ വാദിക്കുന്നു. എന്നാല്‍ നായ്ക്കളെ പരിശീലിപ്പിക്കുമ്പോള്‍ അനുസരണ പ്രോത്സാഹിപ്പിക്കുന്ന പോസറ്റീവ് റീ ഇന്‍ഫോഴ്‌സ്‌മെന്റും, അനുസരണക്കേടിന് ശിക്ഷയും നല്‍കിയുള്ള പരിശീലനം (Operant conditioning) അനുവര്‍ത്തിച്ചു വരുന്നു.
നായ്ക്കളെ പരിശീലിപ്പിക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണം
1. ആശയവിനിമയം
പരിശീലകന്‍ നായ്ക്കള്‍ക്ക് ഏത് സ്വഭാവമാണ് അനുചിതം, വേണ്ടത്, ആവശ്യമായത് എന്ന് വ്യത്യസ്ഥ സാഹചര്യങ്ങള്‍ക്കനുസരിച്ച് മനസ്സിലാക്കിയിരിക്കണം. ഇതിനിണങ്ങിയ ആശയവിനിമയം അത്യന്താപേക്ഷിതമാണ്. നായപരിശീലകന്‍ നായയുടെ ആശയവിനിമയശേഷി വിലയിരുത്തണം. നായ്ക്കളിലെ, ആശയക്കുഴപ്പം, സന്തോഷം, പേടി, ആവേശം തുടങ്ങിയ സ്വഭാവവ്യതിയാനങ്ങള്‍ വിലയിരുത്തി ആശയവിനിമയം ക്രമീകരിക്കാം.
നാല് പ്രധാനപ്പെട്ട സന്ദേശങ്ങള്‍ നായ്ക്കള്‍ക്ക് നല്‍കാന്‍ സാധിക്കും
ആശയവിനിമയം വാക്കുകള്‍, ആംഗ്യം എന്നിവ വഴിയാകാം. കൈകൊണ്ടും, ശരീരഭാഷ ഉപയോഗിച്ചും ശീലിപ്പിച്ചെടുക്കാം.
എല്ലാ ആജ്ഞകളും എല്ലായ്‌പ്പോഴും എല്ലാ സ്ഥലങ്ങളിലും അനുവര്‍ത്തിക്കണമെന്നില്ല. വീടിനകത്തു നല്‍കിയ പരിശീലന മുറകള്‍ വീടിന് വെളിയില്‍ പ്രാവര്‍ത്തികമാക്കണമെന്നില്ല.
2. അന്വോന്യം മനസ്സിലാക്കല്‍
പരിശീലനത്തിന് ക്ഷമയും, സമയവും, ആവശ്യമാണ്. വ്യക്തമായ ആശയമവിനിമയം തുടര്‍ച്ചയായി നടത്തേണ്ടതുണ്ട്. ഇതിലൂടെയാണ് നായ പരിശീലകനെ മനസ്സിലാക്കുന്നത്. Animal cognition ലൂടെ നായ മണം, കാഴ്ച, ശബ്ദം എന്നിവ വിലയിരുത്തും. നായ്ക്കളിലെ മാനസിക സ്വഭാവമാണ് Animal cognition.
ഉദാഹരണമായി കൈയുയര്‍ത്തി ഉച്ചത്തിലുള്ള ആജ്ഞയോടെ ഇരിക്കാന്‍ ശീലിപ്പിച്ചാല്‍ ഇത് നായയുടെ മനസ്സില്‍ പതിയും. ശബ്ദവ്യത്യാസത്തിലുള്ള ഏറ്റക്കുറച്ചില്‍ നായ്ക്കളുടെ അനുസരണയെ ബാധിക്കും. ഉദാഹരണമായി 'Sit' എന്ന ആജ്ഞയില്‍ T പ്രതിഫലിക്കണം എന്നാല്‍ 'Stay' എന്ന ആജ്ഞ ശീലിപ്പിച്ചെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരും.
വിവിധയിനം പരിശീലനങ്ങള്‍
1. പ്രാഥമിക പരിശീലനം
സാധാരണ അനുവര്‍ത്തിക്കാവുന്ന പരിശീലനങ്ങള്‍ Sit, Down, Stay, Recall (Come here), Close (loose - leash walking), Heel, Stand, (Standing up), Toilet training എന്നിവയാണ്.
വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളെ വീട്ടിലെ ഒരംഗം തന്നെ പതിവായി നിശ്ചിത സമയം പരിശീലിപ്പിക്കണം. എത്രത്തോളം ക്ഷമയോടെ തുടര്‍ച്ചയായി പരിശീലിപ്പിക്കുന്നുവോ അത്രത്തോളം പരിശീലനം ഫലപ്രദമായിരിക്കും.
നായക്കുട്ടി സാധാരണയായി ഒന്നര - 2 മാസം പ്രായത്തിലാണ് വീട്ടിലെത്തുന്നത്. വീട്ടിലെത്തിയ ഉടനെ പ്രാഥമിക മര്യാദകള്‍ ശീലിപ്പിച്ചെടുക്കണം. ആദ്യം തന്നെ പേരിട്ട് വിളിച്ചാല്‍ വരാന്‍ പ്രേരിപ്പിക്കണം.
നായക്കുട്ടി വീട്ടിലെത്തിയാല്‍ വീടിനകത്തും, പരിസരത്തും മലമൂത്രവിസര്‍ജ്ജനം നടത്തുന്നത് തീരാശല്യമായിത്തീരാറുണ്ട്. ഇതിനുള്ള പരിശീലനം Toilet Training ല്‍ പ്പെടുന്നു. ലിറ്റര്‍ ബോക്‌സ്, പ്രത്യേക പാത്രങ്ങള്‍, പേപ്പര്‍ എന്നിവ വെച്ച് പരിശീലിപ്പിച്ചെടുക്കാം.
2. ഉന്നതതല പരിശീലനം
പ്രാഥമിക പരിശീലനത്തിനുശേഷം നായയെ ഏത് ആവശ്യത്തിനാണോ വളര്‍ത്തുന്നത് അതിനിണങ്ങിയ പരിശീലനം അവലംബിക്കണം. പല സാഹചര്യങ്ങളിലും ആവശ്യമായ സ്വഭാവങ്ങള്‍ / പെരുമാറ്റം പ്രത്യേകം വിലയിരുത്തണം. തടസ്സങ്ങളെ മാറ്റി മുന്നേറാനുള്ള Agility Training, കുറ്റാന്വേഷണത്തിന് മണം പിടിച്ചുള്ള കണ്ടെത്തലിനായി Tracking, Training for blind എന്നീ എല്ലാ ആവശ്യങ്ങള്‍ക്കും അനുസരണയുള്ള ചാമ്പ്യന്‍ എന്നീ രീതിയില്‍ ശീലിപ്പിച്ചെടുക്കാം.
നായ്ക്കളെ മറ്റു നായ്ക്കളെ കണ്ടെത്താനും, സഹായിക്കാനും, വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാനും ശീലിപ്പിക്കാം.
വസ്തുക്കള്‍ കണ്ടെത്താനുള്ള, കുറ്റാന്വേഷണത്തിനുള്ള പോലീസ് നായ, കാവല്‍ക്കാരന്‍, സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്താനുള്ള പരിശീലനം എന്നിവ അവലംബിക്കാം, Tracking കാവലിനുള്ള നായക്ക് വീട് സുരക്ഷയ്ക്കു വേണ്ടിയുള്ള പരിശീലനം ആവശ്യമാണ്.
പരിശീലന രീതികള്‍
പോസറ്റീവ് റീ ഇന്‍ഫോഴ്‌സ്‌മെന്റ് ആജ്ഞകള്‍ അനുസരിക്കുന്നതിന് പാരിതോഷികവും, അനുസരണക്കേടിന് ശിക്ഷയും നല്‍കാം. ഇത് വിവിധരീതിയില്‍ ചെയ്യാം.
'Good' എന്ന വാക്ക് കൂടുതലായി ഭക്ഷണം നല്‍കുന്നതോടൊപ്പം ഉപയോഗിച്ച് അനുസരിപ്പിക്കാം. ഇത് Conditioned Re-inforcer എന്നപേരില്‍ അറിയപ്പെടുന്നു. പേടിമാറ്റാനായി തുടര്‍ച്ചയായി കാണാനുള്ള അവസരമൊരുക്കണം. ഇത് desensitization എന്ന പേരിലറിയപ്പെടുന്നു.
സ്വഭാവം ചെറുതായി മാറ്റിയെടുക്കുന്ന പ്രക്രിയ 'Shaping' എന്ന പേരിലറിയപ്പെടുന്നു. ശിക്ഷണം നല്‍കുന്നത് ഉറച്ച ശബ്ദത്തിലാകാം. കോളര്‍ ചെറുതായി വലിക്കാം. പരിശീലന സ്ഥലത്തില്‍ മാറ്റം വരുത്താം.
ഹസ്തദാനം, വട്ടം ചുറ്റുക, ഭക്ഷണത്തിന് വേണ്ടി കൈ നീട്ടുക തുടങ്ങിയവ എളുപ്പത്തില്‍ ശീലിപ്പിച്ചെടുക്കാം.
കുട്ടികളെപ്പോലെ നായക്കുട്ടികളും നിരീക്ഷണത്തിലൂടെയാണ് നിങ്ങളില്‍ നിന്നും കാര്യങ്ങള്‍ ഗ്രഹിക്കുന്നത്. പിരശീലനം നല്‍കുന്ന 15-20 മിനിറ്റുകള്‍ മാത്രമല്ല, മറിച്ച് നായ നിങ്ങളില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ എല്ലായ്‌പ്പോഴും മനസ്സിലാക്കും.
പരിശീലനം നായ്ക്കളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കരുത്. അവയില്‍ ജിജ്ഞാസ മൂലമുള്ള രോഗങ്ങള്‍ക്കും ഇടതടവില്ലാതെയുള്ള കുര എന്നിവയ്ക്ക് അത് ഇടവരുത്തരുത്.
പരിശീലനം ലഭിക്കാത്ത നായ്ക്കള്‍ വീട്ടുകാര്‍ക്കും, സമൂഹത്തിനും തലവേദന സൃഷ്ടിക്കുമെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതാണ്.