ഓമന മൃഗങ്ങൾ
Back

അരുമ നായ്ക്കള്‍ക്ക് രോമം പൊഴിച്ചില്‍

ഡോ. പി.വി. ട്രീസാമോള്‍, ഡോ. ഉഷ നാരായണ പിള്ള
അസോസിയേറ്റ് പ്രൊഫസ്സര്‍ വെറ്ററിനറി കോളേജ്, മണ്ണുത്തി

അരുമകളായ നായ്കുട്ടികള്‍ക്ക് രോമം പൊഴിയുന്നത് ഏതൊരു ഉടമസ്ഥനേയും വിഷമിപ്പിക്കും. നായ്കുട്ടികള്‍ക്ക് രോമം പൊഴിയുന്നു എന്ന പരാതിയുമായി ഡോക്ടറെ സമീപിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. എന്താണ് രോമം പൊഴിയാനുള്ള കാരണങ്ങള്‍ എന്ന് മനസ്സിലാക്കിയാല്‍ മാത്രമേ അതിനുള്ള പ്രതിവിധികള്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ.

രോമം പൊഴിച്ചില്‍ പല കാരണങ്ങള്‍കൊണ്ട് ഉണ്ടാകാം. ചില കാലാവസ്ഥയിലും ശാരീരിക അവസ്ഥയിലും പ്രത്യേകിച്ച് പ്രസവത്തിനുശേഷവും സാധാരണയില്‍ കവിഞ്ഞ് രോമം പൊഴിച്ചില്‍ ഉണ്ടാകാം. അങ്ങിനെയുള്ള സമയത്ത് മറ്റു രോഗലക്ഷണങ്ങളായ ചൊറിച്ചില്‍, തൊലിപ്പുറത്തെ വ്രണങ്ങള്‍ എന്നിവയൊന്നും കാണപ്പെടാറില്ല. നായ്ക്കളുടെ ചര്‍മ്മരോഗങ്ങളാണ് രോമം പൊഴിയുന്നതിനുള്ള പ്രധാന കാരണം. പലതരം ബാക്ടീരിയകള്‍, ഫംഗസുകള്‍, പരാദങ്ങള്‍, യീസ്റ്റുകള്‍ എന്നിവയാണ് സാധാരണ ചര്‍മ്മരോഗങ്ങളുടെ കാരണങ്ങള്‍. കൂടാതെ ഹോര്‍മോണുകളിലെ വ്യതിയാനങ്ങള്‍, വിറ്റാമിനുകളുടേയും ധാതുലവണങ്ങളുടേയൂം പര്യാപ്തത, അലര്‍ജി, മറ്റ് ആന്തരിക രോഗങ്ങള്‍ എന്നിവമൂലവും രോമം പൊഴിയാറുണ്ട്.

ശരിയായ ലബോറട്ടറി പരിശോധനകളിലൂടെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കി അതിനനുസരിച്ച് ചികിത്സിച്ചാല്‍ മാത്രമേ ഇത് തടയാന്‍ സാധിക്കുകയുള്ളൂ. പലപ്പോഴും ത്വക്ക് രോഗങ്ങള്‍ക്ക് കൂറെ ദിവസങ്ങളും മാസങ്ങളും നീണ്ട ചികിത്സ തന്നെ വേണ്ടിവരും. അതുകൊണ്ട് ഒരു ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ശരിയായ കാലയളവിലുള്ള ചികിത്സയിലൂടെ മാത്രമേ പൂര്‍ണ്ണമായ രോഗമുക്തി ലഭിക്കുകയുള്ളൂ. അല്ലെങ്കില്‍ തല്ക്കാല ശാന്തി ഉണ്ടായാലും വീണ്ടും രോഗബാധ വരാനുള്ള സാധ്യതയുണ്ട്.

ചികിത്സയോടൊപ്പം തന്നെ രോഗത്തിന് കാരണമാകുന്ന സാഹചര്യങ്ങള്‍ കണ്ടെത്തി ഒഴിവാക്കുകയും വേണം. ത്വക്കിന് തുടര്‍ച്ചയായി ഈര്‍പ്പം തട്ടുന്ന അവസ്ഥ ഒഴിവാക്കണം. അതോടൊപ്പം ചെള്ള്, പേന്‍, ഫ്‌ളീസ് തുടങ്ങിയ ബാഹ്യപരാദങ്ങളെ അകറ്റുകയും വേണം. ഇവയ്‌ക്കെതിരായ പല മരുന്നുകളും ഷാംബുകളും നായയുടെ കഴുത്തിലിടാവുന്ന മരുന്നുകള്‍ അടങ്ങിയ കോളറുകളും വിപണിയില്‍ ലഭ്യമാണ്. ഇവ ശരിയായ രീതിയില്‍ ഉപയോഗിച്ച് ഇത്തരം കീടങ്ങളെ നിയന്ത്രിക്കണം. നായ്ക്കളുടെ ശരീരത്തില്‍ നിന്ന് മാത്രം ഇത്തരം ബാഹ്യപരാദങ്ങളെ തടഞ്ഞതുകൊണ്ട് പ്രയോജനമില്ല. ചുറ്റുമുള്ള പരിസരങ്ങളില്‍ നിന്നും കൂടിന്റെ മുക്കിലും മൂലയിലും നിന്നും ഇവ വീണ്ടും നായയുടെ ശരീരത്തിലേക്ക് വരും. അതുകൊണ്ട് കീടനാശിനികള്‍ കൂട്ടിലും പരിസരങ്ങളിലും ഉപയോഗിച്ച് ഇവയെ പൂര്‍ണ്ണമായി നശിപ്പിക്കാന്‍ ശ്രദ്ധിക്കണം.

പലപ്പോഴും ത്വക്ക് രോഗങ്ങള്‍ ചികിത്സയിലൂടെ ഭേദമായാലും ശരീരത്തിന്റെ പ്രതിരോധശക്തി കുറയുന്ന അവസരങ്ങളില്‍ വീണ്ടും രോഗലക്ഷണങ്ങള്‍ പ്രകടമാകും. അതുകൊണ്ട് ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടുന്ന തരം മരുന്നുകളും നല്‌കേണ്ടിവരും. മണ്ഡരിബാധ പോലെയുള്ള ത്വക്ക് രോഗങ്ങള്‍ പാരമ്പര്യമായി പകരുന്നതായി കണ്ടുവരുന്നു. അതുകൊണ്ട് ഈ രോഗം ഉള്ള നായ്ക്കളേയും പട്ടികളേയും ഇണചേര്‍ക്കാന്‍ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.

ഹോര്‍മോണുകളിലുള്ള വ്യതിയാനങ്ങളും രോമം പൊഴിച്ചിലിനും ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകാമെന്നതുകൊണ്ട് രക്തത്തിലെ ഹോര്‍മോണുകളുടെ അളവ് പരിശോധിച്ച് ചികിത്സ നടത്തുകയും വേണം. അതോടൊപ്പംതന്നെ ത്വക്കിന്റെ ആരോഗ്യത്തിന് വേണ്ട വൈറ്റമിനുകള്‍ പ്രത്യേകിച്ച് വൈറ്റമിന്‍ എ, ധാതുലവണങ്ങളായ കോപ്പര്‍, സിങ്ക് എന്നിവ അടങ്ങിയ മരുന്നുകള്‍ നല്കുന്നതും ഗുണം ചെയ്യും.

നിത്യേനയുള്ള കുളിപ്പിക്കല്‍ കഴിയുന്നതും ഒഴിവാക്കണം. കാരണം ഇത് തൊലി വരണ്ടുപോകുവാനും രോമങ്ങള്‍ പൊഴിയുന്നതിനും കാരണമാകും. ആഴ്ചയില്‍ ഒന്നോ അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ മാത്രം കുളിപ്പിച്ചാല്‍ മതി. പക്ഷേ, ദിവസവും ബ്രഷ് ചെയ്യുന്നത് ത്വക്കിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ദിവസവും ബ്രഷ് ചെയ്യുന്നതു മൂലം ആരോഗ്യമില്ലാത്ത രോമങ്ങള്‍ പൊഴിഞ്ഞ് പോകുകയും രോമത്തിന് കൂടുതല്‍ തിളക്കമുണ്ടാവുകയും ചെയ്യും.

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS