നായ
Back

രോഗനിയന്ത്രണത്തില്‍ ശ്രദ്ധവേണം

ഡോ. ടി.പി. സേതുമാധവന്‍

നായ്ക്കളെ ഉയര്‍ന്ന വില നല്‍കി വാങ്ങുന്നവരില്‍ പലരും രോഗനിയന്ത്രണ ത്തെക്കുറിച്ച് അജ്ഞരാണ്. നായ്ക്കളെ ബാധിക്കുന്ന സാംക്രമിക രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ച് ഇവര്‍ അറിയേണ്ടതുണ്ട്.
45-60 ദിവസം പ്രായത്തിലാണ് ഏവര്‍ക്കും നായക്കുട്ടിയെ ലഭിക്കുന്നത്. ഈ പ്രായത്തില്‍തന്നെ പേവിഷബാധയ്‌ക്കെതിരായുള്ള ആദ്യ പ്രതിരോധ വാക്‌സിന്‍ നല്‍കണം. ഈ കാലയളവില്‍ ഡിസ്റ്റംബര്‍ രോഗം, പാര്‍ച്ച് രോഗം, എലിപ്പനി, കൊറോണ രോഗം, ഹെപ്പറ്റൈറ്റിസ് എന്നിവയ്‌ക്കെതിരായുള്ള പ്രതിരോധ കുത്തിവെയ്പും നല്‍കാം. ഒരു മാസത്തിനു ശേഷം ബൂസ്റ്റര്‍ ഡോസും വര്‍ഷംതോറും തുടര്‍ കുത്തിവെയ്പും നല്‍കേണ്ടതാണ്.
അടുത്തകാലത്തായി നായ്ക്കളില്‍ ഡിസ്റ്റംബര്‍ രോഗം കൂടുതലായി കണ്ടുവരുന്നു. സാധാരണയായി രണ്ട് വയസ്സില്‍ താഴെയുള്ള നായ്ക്കളിലാണ് രോഗബാധ നമ്മുടെ നാട്ടില്‍ കൂടുതലായും കണ്ടുവരുന്നത്. മാറിമാറിയുള്ള പനി, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും പഴുപ്പൊലിപ്പ്, തളര്‍ച്ച, വിറയല്‍, വയറിനടിവശത്ത് കുരുക്കള്‍ എന്നിവയാണ് പൊതുവായ രോഗലക്ഷണങ്ങള്‍. വൈറസ്മൂലമുള്ള രോഗമാണിത്. ഇവ ശ്വാസകോശത്തെ ബാധിച്ചാല്‍ ന്യുമോണിയയ്ക്കിടവരും. രോഗം ബാധിച്ച നായ്ക്കളില്‍ മരണ നിരക്ക് കൂടുതലാണ്. രോഗപ്രതിരോധ കുത്തിവെയ്പിലൂടെ രോഗത്തെ നിയന്ത്രിക്കാം. ലെപ്‌റ്റോസ്‌പൈറോസിസ് അഥവാ എലിപ്പനി നായ്ക്കളിലും കണ്ടുവരുന്നു. രോഗം മനുഷ്യരിലേക്കും പകരാറുണ്ട്. ലെപ്‌റ്റോസ്‌പൈറ അണുജീവികളാണ് രോഗമുണ്ടാക്കുന്നത്. പനി, ഭക്ഷണം കഴിയ്ക്കാന്‍ വിമുഖത, ഛര്‍ദ്ദി, തളര്‍ച്ച എന്നിവ പൊതുവായ രോഗലക്ഷണങ്ങളാണ്. കൂടും, പരിസരവും രോഗാണുവിമുക്തമാക്കാനും, ഭക്ഷണപ്പാത്രങ്ങള്‍ എലികളുടെ മൂത്രം, കാഷ്ഠം എന്നിവ സൂക്ഷിക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം. രോഗനിയന്ത്രണ ത്തിനായി പ്രതിരോധകുത്തിവെപ്പുകള്‍ നിലവിലുണ്ട്.
നായ്ക്കളെ ബാധിക്കുന്ന വൈറസ് രോഗങ്ങളാണ് കൊറോണ രോഗം ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം എന്നിവ പൊതുമായ രോഗലക്ഷണങ്ങളാണ്. ഇവയ്‌ക്കെതിരായി പ്രതിരോധ കുത്തിവെപ്പുകളുണ്ട്. ഹെപ്പറ്റൈറ്റിസ് അഥവാ കരള്‍വീക്കം നായ്ക്കളില്‍ അഡിനോ വൈറസുകളുണ്ടാക്കുന്ന രോഗമാണ്. മഞ്ഞപ്പിത്തത്തിന് സമാനമായ രോഗലക്ഷണങ്ങള്‍ ഛര്‍ദ്ദി, ഭക്ഷണത്തിനു രുചിക്കുറവ് എന്നിവ ലക്ഷണങ്ങളാണ്. രോഗത്തെ നിയന്ത്രിക്കാന്‍ വാക്‌സിനേഷനുകളുമുണ്ട്.
മൈക്കോപ്ലാസ്മയിനം അണുജീവികള്‍ പട്ടുണ്ണി വഴി പകരുന്ന എര്‍ലിഷിയോസിസ് രോഗം അടുത്ത കാലത്തായി നായ്ക്കളില്‍ കൂടുതലായി കണ്ടുവരുന്നു. പനി, രുചിക്കുറവ്, മൂക്കില്‍ നിന്നും രക്തമൂറുക, ശരീരതൂക്കം കുറയല്‍, ലിംഫ് ഗ്രന്ഥികളുടെ വീക്കം, തൊലിപ്പുറത്ത് രക്തപ്പാടുകള്‍ എന്നിവയും പൊതുവായ രോഗലക്ഷണങ്ങളാണ്. പരാദബാധ നിയന്ത്രിക്കുന്നതിലൂടെ രോഗത്തെ നിയന്ത്രിക്കാം.
വളര്‍ത്തു നായ്ക്കളില്‍ ത്വക്ക് രോഗങ്ങള്‍ കൂടുതലായി കണ്ടു വരുന്നു. ഇവ വിവിധയിനം അണുജീവികള്‍, പൂപ്പല്‍, ബാഹ്യപരാദങ്ങള്‍ എന്നിവ വഴിയാകാം. കാലാവസ്ഥാവ്യതിയാനം, അലര്‍ജി എന്നിവയും രോഗത്തിന് ഇടവരുത്തും. പൂപ്പലുണ്ടാക്കുന്ന മാലസീഷിയ, പയോഡെര്‍മ എന്നിവയും, വിവിധയിനം സൂക്ഷ്മജീവികളായ മൈറ്റുകളുണ്ടാക്കുന്ന ഡെമോഡെക്‌സ് ബാധ എന്നിവ നായ്ക്കളില്‍ കൂടുതലായി കണ്ടുവരുന്നു. ശാസ്ത്രീയ പരിചരണം, തുടക്കത്തിലുള്ള രോഗ നിര്‍ണ്ണയം ചികിത്സ എന്നിവ രോഗ നിയന്ത്രണത്തിന് അനുവര്‍ത്തിക്കേണ്ടതാണ്. വളര്‍ത്തു നായ്ക്കള്‍ക്ക് മൂന്നാഴ്ച പ്രായത്തില്‍ വിരമരുന്ന് നല്‍കണം. തുടര്‍ന്ന് മാസത്തിലൊരിക്കല്‍ വീതം ആറു മാസംവരെ വിരമരുന്ന് നല്‍കണം. നായ്ക്കളില്‍ വിവിധയിനം വിരകള്‍ കാണപ്പെടുന്നതിനാല്‍ കാഷ്ഠം പരിശോധിച്ച് വിരമരുന്ന് നല്‍കുന്നതാണ് അഭികാമ്യം.
 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS