വാർത്തകൾ
Back

കാര്‍ഷിക വിപണിയിലെ പുത്തന്‍ പ്രവണതകള്‍

ഡോ. ടി.പി. സേതുമാധവന്‍

തൊഴില്‍ സംരംഭകത്വം അഥവാ എന്റര്‍പ്രണര്‍ഷിപ്പിന് ഇന്ന് ഏറെ പ്രാധാന്യം ലഭിച്ചു വരുന്നു. ടെക്‌നോ പാര്‍ക്കുകളില്‍ അനുദിനം വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ ഇതിനു തെളിവാണ്. മികച്ച തൊഴില്‍ രൂപപ്പെടുത്തിയെടുക്കാനും കൂടുതല്‍ വരുമാനം ഉറപ്പു വരുത്താനും തൊഴില്‍ സംരംഭകത്വ വികസനം സഹായിക്കും. തൊഴില്‍ സംരംഭകത്വ വികസനത്തില്‍ മുന്‍കാലങ്ങളെ വിലയിരുത്തിയുള്ള ബിസിനസ്സ് മോഡലിങ്ങ് പ്രവചനം (Prediction), ലഭ്യമായ ഭൗതീക സൗകര്യങ്ങള്‍ ഉപയോഗിച്ചുള്ള സൃഷ്ടിക്കല്‍ (Creation) എന്നിവ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
സംരംഭകന് സ്വന്തം കഴിവുകള്‍, ആത്മവിശ്വാസം എന്നിവയെക്കുറിച്ചുള്ള സാമൂഹിക ആവബോധമുണ്ടെങ്കില്‍ മാത്രമെ സുസ്ഥിരമായ ബിസിനസ്സ് രൂപപ്പെടുത്തി യെടുക്കാന്‍ സാധിക്കൂ! എന്റര്‍പ്രണര്‍ഷിപ്പില്‍ സാമ്പത്തികവും, സാമൂഹികവും പാരിസ്ഥിതികവുമായ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. സുസ്ഥിരത കൈവരിക്കാത്ത തൊഴില്‍ സംരംഭകങ്ങള്‍ നഷ്ടത്തിനിടവരുത്തും.
വിപണിയെക്കുറിച്ച് വ്യക്തമായ ധാരണ വേണം. ആഭ്യന്തര, അന്തര്‍ദേശീയ സ്ഥിതിവിവരക്കണക്കുകള്‍, പുത്തന്‍ പ്രവണതകള്‍ എന്നിവ അറിഞ്ഞിരിക്കണം. ഡിവിസിബിലിറ്റി, മൂല്യ വര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം, ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കല്‍, ഗുണനിലവാരം നിലനിര്‍ത്തല്‍, കയറ്റുമതി സാധ്യതകള്‍, അന്താരാഷ്ട്ര വിപണിയിലെ സാധ്യതകള്‍ എന്നിവ പ്രയോജനപ്പെടുത്തുകയും വേണം.
കേരളത്തില്‍ കാര്‍ഷിക അനുബന്ധ മേഖലകളില്‍ മുതല്‍ മുടക്കാന്‍ നിരവധി സംരംഭകര്‍ തയ്യാറായി വരുന്നുണ്ട്. എളുപ്പത്തില്‍ ലാഭകരമായി നടത്താവുന്ന സംരംഭങ്ങളോടാണ് ഏവര്‍ക്കും താല്‍പര്യം! വിപണി ലക്ഷ്യമിട്ട യൂണിറ്റുകളാണ് ഏറെ ലാഭകരം.
കേരളത്തില്‍ ലാഭകരമായി നടത്താവുന്ന സംരംഭങ്ങള്‍ ഏതെന്ന് നോക്കാം.
ഇറച്ചിത്താറാവ് ഫാം
ഇന്ന് താറാവിറച്ചിക്ക് പ്രിയമേറി വരുന്നു. പരമ്പരാഗതമായി വളര്‍ത്തുന്ന കുട്ടനാടന്‍ താറാവുകളെയാണ് മുമ്പ് ഇതിനായി വളര്‍ത്തിയിരുന്നത്. ഇന്ന് ഇറച്ചിക്കുവേണ്ടി വൈറ്റ് പെക്കിന്‍, വിഗോവ എന്നീ വിദേശ ഇനം താറാവുകളുണ്ട്. താറാവുകളെ എട്ട് ആഴ്ച പ്രായത്തില്‍ വില്‍പ്പനയ്ക്ക് തയ്യാറാക്കാം. ഈ പ്രായത്തില്‍ ഇവയ്ക്ക് മൂന്ന് കി.ഗ്രാം. ശരീരതൂക്കമുണ്ടായിരിക്കും. താറാവൊന്നിന് കിലോയ്ക്ക് 150 രൂപ വില ലഭിയ്ക്കും. ഒരു താറാവില്‍ നിന്നും ശരാശരി 30 രൂപവരെ ലാഭം പ്രതീക്ഷിക്കാം. 1000 താറാവുകളെ വളര്‍ത്താന്‍ ഇറച്ചിക്കോഴികള്‍ക്ക് നിര്‍മ്മിക്കുന്നതുപോലെ കൂട് പണിയാം. താറാവൊന്നിന് കൂട്ടില്‍ മൂന്ന് ചതുരശ്രയടി ആവശ്യമാണ്. കൂടിന്റെ ഉള്ളില്‍ രണ്ട് വശങ്ങളിലും എളുപ്പത്തില്‍ വൃത്തിയാക്കാന്‍ കഴിയുന്ന രീതിയില്‍ ചാലുകളില്‍ വെള്ളം നിറച്ചിരിക്കണം. താറാവുകളെ മുറിയില്‍ ഡീപ്പ്‌ലിറ്റര്‍ സിസ്റ്റത്തില്‍ വളര്‍ത്താം. എട്ട് ആഴ്ചയില്‍ വിപണനത്തിന് തയ്യാറാകുന്നതിനാല്‍ രോഗപ്രതിരോധ കുത്തിവെപ്പിന്റെ ആവശ്യമില്ല. കൂടിന് മേല്‍ക്കൂരയായി ലൈറ്റ് റൂഫിംഗ് ഉപയോഗിക്കാം. 500 താറാവുകളെ ഒരുമിച്ച് വളര്‍ത്താം. നാല് ലക്ഷത്തോളം രൂപ മുതല്‍മുടക്കി 1000 താറാവുകളെ വളര്‍ത്തുന്ന ഫാമുകളില്‍ നിന്നും എട്ട് ആഴ്ചയില്‍ 30,000 രൂപവരെ ലാഭം പ്രതീക്ഷിക്കാം.
കാട വളര്‍ത്തല്‍-മുട്ടയ്ക്കും ഇറച്ചിയ്ക്കും
കുറഞ്ഞ മുതല്‍ മുടക്കുള്ള കാട വളര്‍ത്തലിന് സാധ്യതകളേറെയുണ്ട്. കാടയിറച്ചിയ്ക്കും, മുട്ടയ്ക്കും ഔഷധ ഗുണമേറെയുണ്ട്. ഇറച്ചിക്കാടയെ അഞ്ച് ആഴ്ച പ്രായത്തില്‍ വില്‍പ്പനയ്ക്ക് തയ്യാറാക്കാം. മുട്ടക്കാടകള്‍ എട്ട് ആഴ്ച പ്രായത്തില്‍ മുട്ടയിടാന്‍ തുടങ്ങും. ഇറച്ചിക്കാടകളെ അപേക്ഷിച്ച് മുട്ടക്കാടകളെ വളര്‍ത്തുന്നതാണ് ലാഭകരം! ഒരുമിച്ച് കാടകളെ വളര്‍ത്തുമ്പോള്‍ പൂവനെ ഇറച്ചിക്കായി അഞ്ച് ആഴ്ച പ്രായത്തില്‍ വില്‍പ്പന നടത്താം. കാടകളെ പ്രത്യേകം കൂടുകളില്‍ തട്ടുകളായി വളര്‍ത്താം. ഇത് ബാറ്ററി കേജുകളെന്ന പേരില്‍ അറിയപ്പെടുന്നു. 7 അടി നീളവും, 3 അടി വീതിയും ഒരടി ഉയരവുമുള്ള കേജില്‍ 100 കാടകളെ വളര്‍ത്താം. ഇത്തരം കേജുകള്‍ മൂന്നെണ്ണം തട്ടുകളായി ഘടിപ്പക്കാം. 20 x 6 അടി വിസ്തീര്‍ണ്ണമുള്ള ഷെഡില്‍ 500 കാടകളെ വളര്‍ത്താവുന്ന കേജുകള്‍ സ്ഥാപിക്കാം.
കാടകള്‍ എട്ടാമത്തെ ആഴ്ചയില്‍ മുട്ടയിടാന്‍ തുടങ്ങും. 80% ത്തോളം മുട്ടകള്‍ പ്രതീക്ഷിക്കാം. മുട്ടയൊന്നിന് 90 പൈസയോളം ഉല്പാദനച്ചെലവ് വരും. കാടയൊന്നിന് പ്രതിദിനം 30 ഗ്രാം തീറ്റ വേണ്ടിവരും. കാടമുട്ടയ്ക്ക് വിപണിയില്‍ 1.50 മുതല്‍ രണ്ട് രൂപവരെ വില ലഭിക്കും. 500 കാടകളെ വളര്‍ത്തുന്ന യൂണിറ്റ് തുടങ്ങാന്‍ 50,000 രൂപയില്‍ താഴെ മാത്രമെ ചെലവ് വരികയുള്ളൂ. ആദ്യ വര്‍ഷത്തില്‍ 36,000 രൂപയോളം വരുമാനം പ്രതീക്ഷിക്കാം.
തീറ്റപ്പുല്‍കൃഷി വ്യാവസായികാടിസ്ഥാനത്തില്‍
കേരളത്തില്‍ ക്ഷീരമേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തീറ്റപ്പുല്ലിന്റെ ക്ഷാമവും കൃഷി ചെയ്യുവാനുള്ള സ്ഥലത്തിന്റെ ദൗര്‍ലഭ്യവുമാണ്. എന്നാല്‍ ലഭ്യമായ സ്ഥലത്തോ, സ്ഥലം പാട്ടത്തിനെടുത്തോ വ്യാവസായികാടിസ്ഥാനത്തില്‍ തീറ്റപ്പുല്‍കൃഷി ലാഭകരമായി നടത്താം.
മികച്ച Co3, കിള്ളിക്കുളം ഇനം തീറ്റപ്പുല്‍ കടകള്‍ നടാം. ശാസ്ത്രീയമായ രീതിയില്‍ വളര്‍ത്തിയാല്‍ ഒരേക്കറില്‍ നിന്നും രണ്ടുമാസത്തിലൊരിക്കല്‍ 80 ടണ്‍ തീറ്റപ്പുല്ല് ലഭിയ്ക്കും. വര്‍ഷത്തില്‍ 6 തവണ വിളവെടുക്കാം. കിലോയ്ക്ക് ആദ്യവര്‍ഷം ഒന്നര രൂപ ഉല്‍പാദനച്ചെലവ് വരും. ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ ഒരു കിലോ തീറ്റപ്പുല്ലില്‍ നിന്നും യഥാക്രമം 50 പൈസ, 80 പൈസ, 90 പൈസ വീതം ലാഭം പ്രതീക്ഷിക്കാം. ഒരേക്കറില്‍ നിന്നും രണ്ട് മാസത്തില്‍ 40,000 രൂപവരെ വരുമാനം പ്രതീക്ഷിക്കാം. ജലസേചന സൗകര്യം, രാസവള പ്രയോഗം എന്നിവ ശാസ്ത്രീയ രീതിയില്‍ നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
സമ്മിശ്ര സംയോജിത കൃഷി
കേരളത്തില്‍ ഉപഭോക്താക്കളില്‍ ഫ്രഷ് മില്‍ക്കിനോടുള്ള താല്‍പര്യം വര്‍ദ്ധിച്ചു വരുന്നു. മൂല്യ വര്‍ദ്ധിത പാലുല്പന്നങ്ങള്‍ക്കും വന്‍ സാധ്യതകളുണ്ട്. അര ഏക്കര്‍ സ്ഥലത്ത് അഞ്ച് പശുക്കളെ വളര്‍ത്താനാവും. മിനി ഡയറിഫാം, തീറ്റപ്പുല്‍കൃഷി, പച്ചക്കറികൃഷി, മത്സ്യകൃഷി എന്നിവ അനുവര്‍ത്തിച്ചുള്ള സമ്മിശ്ര-സംയോജിത കൃഷിരീതികള്‍ക്ക് സാധ്യതകളുണ്ട്. ഇതോടൊപ്പം മുട്ടക്കോഴികളെ വളര്‍ത്താം. ഫ്രഷ് പാല്‍, പാലുല്പന്നങ്ങള്‍, പച്ചക്കറി എന്നിവ ഗുണനിലവാരത്തോടെ വീടുകളിലെത്തിച്ച് മികച്ച വരുമാനം നേടാം. ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ക്ക് വിപണിയില്‍ മികച്ച വില ലഭിയ്ക്കും. ഉദാഹരണമായി പാലിന് ലിറ്ററിന് 45 രൂപവരെ വില ലഭിയ്ക്കും. വെറ്ററിനറി സര്‍വ്വകലാശാല കോള്‍ നിലങ്ങളില്‍ സ്റ്റാര്‍ട്ട് അപ് വില്ലേജ് തുടങ്ങാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു വരുന്നു. പശു വളര്‍ത്തല്‍ ഉള്‍ക്കൊള്ളിച്ചുള്ള സമ്മിശ്ര, സംയോജിത കൃഷി വളര്‍ത്തലിലൂടെ മാസത്തില്‍ കുറഞ്ഞത് 25,000 രൂപയോളം ലാഭം പ്രതീക്ഷിക്കാം. മുടക്കുമുതല്‍ നാലുലക്ഷം രൂപയോളം വരും. തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി തീറ്റപ്പുല്‍ കൃഷി ചെയ്യാം. ഡയറി ഫാമില്‍ നിന്നും ബയോഗ്യാസും, വൈദ്യുതിയും ഉത്പാദിപ്പിക്കാം. ഉണക്കിപ്പൊടിച്ച ചാണകം പച്ചക്കറി കൃഷിയ്ക്കും, പൂന്തോട്ട കൃഷിയ്ക്കും ഉപയോഗിക്കാം. ജൈവകൃഷിയ്ക്ക് വേണ്ടി ഗോമൂത്രം, പഞ്ചഗവ്യം എന്നിവയും വിപണനം നടത്താം.
ഇറച്ചിക്കോഴി ഫാം
കേരളത്തില്‍ വിപണിയില്‍ ഇടയ്ക്കിടെയുണ്ടാകുന്ന മാറ്റങ്ങള്‍ ഇറച്ചിക്കോഴി വളര്‍ത്തലിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. എന്നാല്‍ കോഴിയിറച്ചി കഴിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഇറച്ചിക്കോഴികളെ 6-8 ആഴ്ചവരെ വളര്‍ത്തി വിപണനത്തിന് തയ്യാറാകുന്ന സംരംഭകര്‍ ഇടനിലക്കാര്‍ വഴിയാണ് കൂടുതലായും വില്‍പ്പന നടത്തി വരുന്നത്. എന്നാല്‍ ഡ്രസ്സ് ചെയ്ത് വില്‍പ്പന നടത്തുന്നതിലൂടെ ഉയര്‍ന്ന വരുമാനം പ്രതീക്ഷിക്കാം. കോഴികളെ പ്രത്യേകം മുറികളില്‍ ലിറ്ററില്‍ ഡീപ് ലിറ്റര്‍ രീതിയില്‍ വളര്‍ത്താം. വിപണിയ്ക്കനുസരിച്ച് 5-6 ആഴ്ച മുതല്‍ വിപണനം തുടങ്ങാം.
കോഴിയൊന്നിന് കൂട്ടില്‍ ഒരു ചതുരശ്രയടി സ്ഥലം വേണം ആറ് ആഴ്ച പ്രായത്തില്‍ 11/2 കിലോഗ്രാം ശരീരതൂക്കമുണ്ടായിരിക്കും. ഡ്രസ്സ് ചെയ്ത് വില്‍പന നടത്തുമ്പോള്‍ ഒരു കോഴിയില്‍ നിന്നും 50 രൂപയും, നേരിട്ട് വില്‍പന നടത്തുമ്പോള്‍ 20 രൂപയും ശരാശരി ലാഭം പ്രതീക്ഷിക്കാം. 250-500 കോഴികളെ ഒരു കൂട്ടില്‍ പാര്‍പ്പിക്കാം. ആഴ്ചയില്‍ 500 കോഴികളെ ആഴ്ചതോറും വളര്‍ത്താവുന്ന യൂണിറ്റില്‍ നിന്നും പ്രതിമാസം 40,000 രൂപയിലധികം ലാഭം പ്രതീക്ഷിക്കാം. ഈസ്റ്റര്‍, ശബരിമല സീസണില്‍ വിപണിയ്ല്‍ മാന്ദ്യം പ്രതീക്ഷിക്കാം. ഗുണനിലവാരം, ജൈവസുരക്ഷ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. ആഴ്ചയില്‍ 500 കോഴികളെ വീതം വില്‍പ്പന നടത്തുന്ന യൂണിറ്റിന് അഞ്ച് ലക്ഷത്തോളം തുക മുടക്കുമുതല്‍ വേണ്ടി വരും.
കൂടുതലറിയാന്‍
സംരംഭങ്ങള്‍ തുടങ്ങാന്‍ ദേശസാല്‍കൃത ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വായ്പ ലഭിയ്ക്കും. നബാര്‍ഡിന്റെ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടില്‍ ഉള്‍പ്പെട്ട പദ്ധതികള്‍ക്ക് പലിശ ഇളവും ലഭിയ്ക്കും. തുടങ്ങാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ രേഖ ബാങ്കില്‍ പണയപ്പെടുത്തിയിരിക്കണം.
മൃഗാശുപത്രികള്‍, ക്ഷീരവികസന ഓഫീസ്, കേരള കന്നുകാലി വികസന ബോര്‍ഡ്, വെറ്ററിനറി സര്‍വ്വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം, പൗള്‍ട്രി സയന്‍സ് വിഭാഗം, കൃഷിഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിയ്ക്കും.
കോഴി, കാട, താറാവ് എന്നിവയെക്കുറിച്ചറിയാന്‍ വെറ്ററിനറി സര്‍വ്വകലാ ശാലയുടെ പൗള്‍ട്രി സയന്‍സ് വിഭാഗമുമായി ബന്ധപ്പെട്ടാല്‍ മതി.
ഫോണ്‍ നമ്പര്‍ : 0487-2371178, 0487-2370117.
തീറ്റപ്പുല്‍ കൃഷി, സമ്മിശ്ര കൃഷി - വെറ്ററിനറി യൂണിവേഴ്‌സിറ്റി ലൈവ് സ്റ്റോക്ക് ഫാം, മണ്ണുത്തി , തൃശ്ശൂര്‍, ഫോണ്‍ - 0487 - 2370302

പൂക്കോട്, വയനാട് - 04936 - 256470
എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം - 0487 - 2376644 (പ്രസിദ്ധീകരണങ്ങള്‍ക്ക്)
കോലാഹലമേട് - 04869 - 24842
തുമ്പൂര്‍മുഴി - 0480 - 2828606
തിരുവാഴാംകുന്ന് - 04924 - 2237270
എന്നീ നമ്പറില്‍ ബന്ധപ്പെടാം.


 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS