ആരോഗ്യം
Back

താറാവുരോഗങ്ങള്‍ നിയന്ത്രിക്കാന്‍

Dr.T.P Sethumadhavan

അടുത്ത കാലത്തായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താറാവ് കോളറയും താറാവ് വസന്തയും കൂടുതലായി കണ്ടുവരുന്നു. തൃശ്ശൂര്‍ ജില്ലയിലെ കോള്‍പ്പാടങ്ങളിലും കുട്ടനാടന്‍ പ്രദേശങ്ങളിലും താറാവ് കോളറ മൂലം താറാവിന്‍ കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങിയിട്ടുണ്ട്. താറാവ് കോളറ രോഗം പാസുചുറില്ല അണുജീവികള്‍ ഉണ്ടാക്കുന്ന രോഗമാണ്. പാസ്ചുറില്ല മള്‍ട്ടോസിഡ ഗ്രാം നെഗറ്റീവ് അണുജീവികളാണ് രോഗത്തിനു കാരണം. പാസ്ചുറില്ല അണുജീവികള്‍ മണ്ണില്‍ വളരെക്കാലം ജീവിക്കാന്‍ കെല്‍പ്പുള്ളവയാണ്. രോഗപ്രതിരോധശേഷി കുറയുന്നതും കാലാവസ്ഥാ വ്യതിയാനവും മൂലം രോഗാണുക്കള്‍ കരുത്താര്‍ജ്ജിച്ച് രോഗലക്ഷണമുളവാക്കും. രോഗം ബാധിച്ച താറാവുകളിലൂടെയും, അവയുടെ വിസര്‍ജ്ജ്യങ്ങളിലൂടെയും, സ്രവങ്ങളിലൂടെയും മറ്റു താറാവുകളില്‍ രോഗബാധയ്ക്ക് ഇടവരും. തീറ്റപ്പാത്രങ്ങള്‍, തീറ്റ, താറാവ് വളര്‍ത്തുകാരുടെ ഷൂസ്, ചെരിപ്പ്, മറ്റ് ഉപകരണങ്ങള്‍ എന്നിവയിലൂടെയും രോഗം പകരാം.

രോഗലക്ഷണങ്ങള്‍ വിവിധ രീതിയിലാണ് കണ്ടു തുടങ്ങുന്നത്. അതി കഠിനാവസ്ഥയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങും. ക്ഷീണം, എഴുന്നേല്‍ക്കാന്‍ ബൂദ്ധിമുട്ട്, തീറ്റ തിന്നാതിരിക്കല്‍, കൊക്കില്‍ നിന്നും ശ്ലേഷ്മ ദ്രാവകം പുറത്തേക്ക് വരുക, അലക്ഷ്യമായ തൂവലുകള്‍, വയറിളക്കം, ഉയര്‍ന്ന ശ്വാസോച്ഛ്വാസനിരക്ക് എന്നിവയാണ് പൊതുവായ ലക്ഷണങ്ങള്‍. ചില സന്ദര്‍ഭങ്ങളില്‍ രോഗം ബാധിച്ച താറാവുകളില്‍ ശരീരം വീര്‍ക്കാനും ഇടവരാറുണ്ട്.

രോഗലക്ഷണങ്ങള്‍ മനസ്സിലാക്കിയും, സീറോളജിക്കല്‍ ടെസ്റ്റുകള്‍ വഴിയും രോഗത്തെ തിരിച്ചറിയാം. രോഗംമൂലം ചത്ത താറാവുകളെ പോസ്റ്റ്‌മോര്‍ട്ടം നടത്തി രോഗകാരണം കണ്ടെത്താം. രക്ത പരിശോധനയില്‍ 'ബൈപോളാര്‍' ഇനം രോഗാണുവിനെ Wright's/ Giemsa Stain ചെയ്യുന്നതിലൂടെ കണ്ടെത്താം. PCR, ELISA തുടങ്ങിയ സീറോളജിക്കല്‍ ടെസ്റ്റുകള്‍ വഴിയും രോഗാണുക്കളെ തിരിച്ചറിയാം.

രോഗം നേരത്തെ മനസ്സിലാക്കിയാല്‍ ചികിത്സിച്ച് ഭേദപ്പെടുത്താം. Amoxicillin, Sulbactom, എറിത്രോ മൈസിന്‍, സള്‍ഫണാമൈഡുകള്‍ എന്നിവ ഫലപ്രദമായ മരുന്നുകളാണ്. തീറ്റയിലും കുടിവെള്ളത്തിലും 0.05%, ടെട്രാസൈക്കിളിന്‍ ചേര്‍ത്ത് നല്‍കുന്നത് രോഗനിയന്ത്രണത്തിനുപകരിക്കും. രോഗനിയന്ത്രണത്തിനായി ഫലപ്രദമായ Live attenuated വാക്‌സിനുകള്‍ ഇന്ന് നിലവിലുണ്ട്. താറാവിന്‍ കുഞ്ഞുങ്ങള്‍ക്ക് 4 ആഴ്ച പ്രായത്തില്‍ താറാവ് കോളറ രോഗത്തിനെതിരായുള്ള വാക്‌സിന്‍ നല്‍കാം. ആറ് മാസത്തിന് ശേഷം തുടര്‍ കുത്തിവെപ്പ് നല്‍കാവുന്നതാണ്. രോഗബാധ സംശയിക്കുന്ന പ്രദേശങ്ങളില്‍ 2 മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് നല്‍കാം. മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പാലോട് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്ററിനറി ബയോളജിക്കല്‍സില്‍ വാക്‌സിന്‍ നിര്‍മ്മിച്ച് സംസ്ഥാനത്തെ മൃഗാശുപത്രികളിലൂടെ വിതരണം ചെയ്തു വരുന്നു. രോഗനിയന്ത്രണത്തിനായി താറാവുകള്‍ക്ക് കൂട്ടിലാവശ്യത്തിന് സ്ഥലം ലഭ്യമാക്കാനും പൂപ്പല്‍ ഇല്ലാത്തതും, പഴകാത്തതുമായ തീറ്റ നല്‍കാനും ശ്രദ്ധിക്കേണ്ടതാണ്. താറാവുകളില്‍ മറ്റു പക്ഷികളെയപേക്ഷിച്ച് പൂപ്പല്‍ വിഷബാധ വളരെ കൂടുതലാണ്. ഇത് രോഗപ്രതിരോധശേഷി കുറയ്ക്കുവാനും സാംക്രമിക രോഗങ്ങള്‍ക്ക് അടിമപ്പെടാനും ഇടവരുത്തും. താറാവുകളെ കൂട്ടത്തോടെ വളര്‍ത്തുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് സത്വര നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ശ്രദ്ധിച്ചാല്‍ അനുവര്‍ത്തിച്ച്ാല്‍ മാത്രമെ ഇതുവഴിയുണ്ടാകുവാനുള്ള വന്‍ സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ സാധിക്കൂ. താറാവ് വസന്ത(താറാവ് പ്ലേഗ്) രോഗവും കേരളത്തില്‍ കണ്ടു വരുന്നു. വൈറസ് രോഗമായതിനാല്‍ ഇവയ്‌ക്കെതിരായുള്ള ഫലപ്രദമായ കുത്തിവെപ്പുകള്‍ നിലവിലുണ്ട്.
 

സന്ദേശങ്ങൾ

ശ്രീ പിണറായി വിജയന്‍( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ അഡ്വ. കെ. രാജു ( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ വി.എസ. സുനിൽ കുമാർ ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ചോദ്യപ്പെട്ടി

Web designed by netBIOS