വാർത്തകൾ
Back

മാലിന്യനിര്‍മാര്‍ജ്ജനത്തിന് ശാസ്ത്രീയ അറവുശാലകള്‍

ഡോ. ടി.പി. സേതുമാധവന്‍

കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ നിലവില്‍വരുന്നതോടെ ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ടതും മുന്തിയ പരിഗണന ലഭിക്കേണ്ടതുമായ വിഷയം മാലിന്യനിര്‍മാര്‍ജ്ജനം തന്നെയാണ്.

മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കുമ്പോള്‍ അറവുശാല, ഇറച്ചി സംസ്‌കരണ യൂണിറ്റുകള്‍ എന്നിവ ശാസ്ത്രീയരീതിയില്‍ സ്ഥാപിക്കേണ്ടതുണ്ട്. അശാസ്ത്രീയ അറവ് പ്രക്രിയയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതുമൂലം ദുര്‍ഗന്ധം വമിക്കുന്ന ദേശീയപാതകള്‍, വഴിയോരങ്ങള്‍ എന്നിവ പൊതുജനാരോഗ്യത്തിനു തന്നെ ഭീഷണി ഉയര്‍ത്തുന്നു! ഇറച്ചിക്കോഴി അവശിഷ്ടങ്ങള്‍ റോഡരികിലേക്കും പൊതുസ്ഥലങ്ങളിലും വലിച്ചെറിയുന്നതു വഴി നിലനില്ക്കുന്ന മാലിന്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല! ചുരുക്കത്തില്‍ അശാസ്ത്രീയ അറവു പ്രക്രിയകളും, മാലിന്യ നിക്ഷേപങ്ങളും കേരളത്തില്‍ 25 ശതമാനത്തോളം മാലിന്യ പ്രശ്‌നങ്ങള്‍ക്കിടവരുത്തുന്നു. ഇവപരിഹരിക്കുന്നതിലൂടെ പൊതുജനാരോഗ്യം ഒരു പരിധിവരെ നിയന്ത്രിക്കാം.

ആഗോളതലത്തില്‍ വെജിറ്റേറിയനിസം ശക്തിപ്പെട്ടുവരുമ്പോള്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഈ ആശയത്തിന് വേണ്ടത്ര പിന്‍ബലം കൈവന്നിട്ടില്ല. ഇന്ത്യയില്‍ കേരളം, പശ്ചിമബംഗാള്‍ മുതലായ സംസ്ഥാനങ്ങളിലാണ് മാട്ടിറച്ചിയുടെ ഉപഭോഗം കൂടുതല്‍! കേരളത്തില്‍ ജനസംഖ്യയുടെ 90 ശതമാനത്തോളം പേരും മാംസാഹാരം കഴിക്കുന്നവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഗോളതലത്തില്‍ പന്നിയിറച്ചിയുടെ ഉപഭോഗം കൂടുതലാണ്. പന്നിയിറച്ചി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് കോഴിയിറച്ചിയും തുടര്‍ന്ന് മാട്ടിറച്ചിയുമാണ്.

എന്നാല്‍ കേരളത്തില്‍ കോഴിയിറച്ചിയ്ക്കാണ് മുന്‍തൂക്കം! രണ്ടാം സ്ഥാനം മാട്ടിറച്ചിയ്ക്ക് തുടര്‍ന്ന ആട്ടിറച്ചിയ്ക്കും, പന്നിയിറച്ചിയ്ക്കുമാണ്.

കേരളത്തില്‍ ആളോഹരി ഇറച്ചിയുടെ ഉപഭോഗം ഏതാണ്ട് പ്രതിദിനം 4.8 ഗ്രാമാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കനുസരിച്ച് പ്രതിശീര്‍ഷ ആവശ്യകത പ്രതിദിനം 13.8 ഗ്രാമാണ്. ഉല്പാദനവും ലഭ്യതയും തമ്മില്‍ വന്‍ അന്തരം നിലനില്ക്കുന്നു. ഇറച്ചിയുല്പാദന സംസ്‌കരണ മേഖലയിലെ അനന്ത സാധ്യതകളിലേയ്ക്കാണിത് വിരല്‍ചൂണ്ടുന്നത്.

സംസ്ഥാനത്ത് കോര്‍പ്പറേഷനുകളിലും 75% ത്തോളം നഗരസഭകളിലും മാത്രമെ ശാസ്ത്രീയ അറവുശാലകള്‍ നിലവിലുള്ളൂ. മറ്റുള്ള സ്ഥലങ്ങളിലും, ഗ്രാമപ്രദേശങ്ങളിലും, വഴിയോരത്തും, റോഡരികിലുമാണ് ഇറച്ചിവില്പ്പന നടക്കുന്നത്. കശാപ്പിനുമുമ്പ് മൃഗങ്ങളെ വെറ്ററിനറി ഡോക്ടറുടെ ആന്റിമോര്‍ട്ടം പരിശോധനയ്ക്കും കശാപ്പിനു ശേഷം ഇറച്ചി ഉപയോഗ്യമാണോ എന്നു തീരുമാനിക്കുന്നതിനുള്ള പോസ്റ്റ് മോര്‍ട്ടം പരിശോധനയ്ക്കും വിധേയമാക്കേണ്ടതുണ്ട്. അശാസ്ത്രീയ അറവു പ്രക്രിയ നടക്കുന്ന സ്ഥലങ്ങളില്‍ ഇവ നടപ്പില്‍ വരുത്തുന്നില്ല. ഇതുമൂലം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഇറച്ചി വൃത്തിഹീനമായ ചുറ്റുപാടില്‍ കശാപ്പുചെയ്തതും, ചിലപ്പോള്‍ രോഗം ബാധിച്ചതും ചത്തതുമായ മൃഗങ്ങളില്‍ നിന്നുള്ളതായിരിക്കും. ഇതിലൂടെ 200 ഓളം രോഗങ്ങളാണ് മനുഷ്യരിലേക്ക് പകരുന്നത്. ക്ഷയം, റാബീസ്, ആന്ത്രാക്‌സ്, ഭക്ഷ്യവിഷബാധ, സാല്‍മൊണല്ലോഡിസ്, ത്വക്ക് രോങ്ങള്‍, ആമാശയ അര്‍ബുദം മുതലായവ ഇവയില്‍ ചിലതുമാത്രം.

ശാസ്ത്രീയ അറവു പ്രക്രിയയില്‍ കശാപ്പിനു മുമ്പ് മൃഗങ്ങള്‍ക്ക് വിശ്രമും, 4 മണിക്കൂര്‍ മുമ്പ് വരെ വെള്ളവും നല്‍കണം. അറവുശാലയുടെ നിലം ടൈല്‍സ് പതിച്ച് വൃത്തിയാക്കിയിരിക്കണം. ഇറച്ചി നിലത്ത് സ്പര്‍ശിക്കാത്ത രീതിയില്‍ തൂക്കിയിട്ട് അറവു പ്രക്രിയ നടത്തണം.

അറവുശാലയില്‍ നിന്നും പാഴായിപ്പോകുന്ന എല്ല്, രക്തം, തുകല്‍ എന്നിവ ശാസ്ത്രീയ രീതിയില്‍ സംസ്‌ക്കരിക്കണം. ഇവയില്‍ നിന്നും വിലയേറിയ ഔഷധങ്ങള്‍, വളം, ലെതര്‍ ഉല്പന്നങ്ങള്‍ മുതലായവ നിര്‍മ്മിക്കാം. ഇവ പാഴാക്കുന്നതിലൂടെ 500 കോടിയിലധികം രൂപയുടെ പ്രതിവര്‍ഷ സാമ്പത്തിക നഷ്ടത്തിനിടവരുന്നു.

ഇറച്ചി സംസ്‌കരണ മേഖലയില്‍ ഭക്ഷ്യസുരക്ഷിത്വം ഉറപ്പുവരുത്താന്‍ ഹാസിപ്പ്, ജി.എം.പി., ജി.ആര്‍.പി. നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ശാസ്ത്രീയ പായ്ക്കിംഗ്, ഉപഭോക്താക്കള്‍ക്ക് ആവശ്യമായ അളവില്‍ ലഭിക്കാനുള്ള Divisibility പ്രക്രിയ എന്നിവ അത്യന്താപേക്ഷിതമാണ്. കയറ്റുമതി ലക്ഷ്യമിട്ട യൂണിറ്റുകള്‍ക്കും കേരളത്തില്‍ സാധ്യതകളുണ്ട്. ഇറച്ചിക്കോഴി വില്പന, സംസ്‌കരണ കേന്ദ്രങ്ങള്‍ എന്നിവ കൂടുതലായും പട്ടണപ്രദേശങ്ങളിലും റോഡരികിലുമാണ് പ്രവര്‍ത്തിക്കുന്നത്. മലയാളികളില്‍ 5% പേര്‍ക്ക് മാത്രമെ ശിതീകരിച്ച് പായ്ക്ക് ചെയ്ത കോഴിയിറച്ചിയോട് താല്പര്യമുള്ളൂ! കണ്‍മുന്നില്‍ വെച്ച് ഡ്രസ്സ് ചെയ്ത കോഴിയിറച്ചി വാങ്ങാനാണ് ഏവര്‍ക്കും താല്പര്യം! കോഴിയിറച്ചി സംസ്‌കരണ സ്റ്റാളുകള്‍ ടൈല്‍സിട്ട് ശാസ്ത്രീയരീതിയില്‍ രോഗാണുബാധയ്ക്കിടവരാത്ത രീതിയില്‍ നിര്‍മ്മിക്കണം. ശുദ്ധമായ വെള്ളം മാത്രമെ ഉപയോഗിക്കാവൂ!

അറവുശാല, കോഴിയിറച്ചി സംസ്‌കരണ യൂണിറ്റുകള്‍ എന്നിവ കഴുകിയ വെള്ളം പൊതുസ്ഥലങ്ങളിലേക്ക് വിടുന്നതാണ് മലിനീകരണത്തിനിടവരുത്തുന്നത്. ഖരമാലിന്യങ്ങള്‍ ഉല്‌പോല്പന്നങ്ങളാക്കി മാറ്റാനുള്ള മൂല്യവര്‍ദ്ധിത ഉല്പന്ന പ്രക്രിയ അനുവര്‍ത്തിക്കണം. ജനസാന്ദ്രത കൂടിയ സ്ഥലങ്ങള്‍, തിരക്കുപിടിച്ച നഗര/പട്ടണ വീഥികള്‍, സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്നും നിശ്ചിത അകലത്തിലായിരിക്കണം അറവുശാലകള്‍.

കേരളത്തിലെ അറവുശാലനവീകരണവുമായി പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാര്‍ട്ട്മാന്‍ പ്രൊഫസര്‍ രാമസ്വാമി കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ തീര്‍ത്തും പ്രായോഗികമാണ്. അയല്‍ സംസ്ഥാങ്ങളില്‍ നിന്നും മൃഗങ്ങളെക്കൊണ്ടുവന്ന് കശാപ്പ് ചെയ്ത് ഇറച്ചി വില്പന നടത്തി മാലിന്യങ്ങള്‍ പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നതിനു പകരം സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ അറവുശാല സ്ഥാപിച്ച് ഇറച്ചി കേരളത്തിലേയ്ക്ക് ശീതീകരിച്ച് എത്തിയ്ക്കുന്നത് മാലിന്യപ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

താരതമ്യേന ഇറച്ചി ഉപഭോഗം കൂടുതലുള്ള പട്ടണങ്ങളില്‍ നഗരസഭ നേരിട്ടും, ഇറച്ചി ഉപഭോഗം കൂടുതലുള്ള ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ബ്ലോക്ക് പഞ്ചായത്ത് വഴിയും പദ്ധതി നടപ്പിലാക്കാവുന്നതാണ്. ഇറച്ചി ഉപഭോഗം കൂടുതലുള്ള 3-4 പഞ്ചായത്തുകള്‍ക്ക് ഒരു അറവുശാല മതിയാകും.

അറവുശാലയില്‍ പ്രവര്‍ത്തിയ്ക്കുന്ന ജീവനക്കാര്‍ക്ക് പരിശീലനവും, മൂന്ന് മാസത്തിലൊരിക്കല്‍ ആരോഗ്യപരിശോധനയോടൊപ്പം കൈയ്യുറ, മുഖംകൂടി (Facemask) , യൂണിഫോം, ഷൂസ്, എന്നിവയും ലഭ്യമാക്കേണ്ടതാണ്. ആന്റിമോര്‍ട്ടം, പോസ്റ്റ്‌മോര്‍ട്ടം, പരിശോദനയ്ക്ക് വെറ്ററിനറി ഡോക്ടറുടെ സേവനം പ്രയോജനപ്പെടുത്തണം. വലിയ മുതല്‍ മുടക്കിയുള്ള അറവുശാലകള്‍ക്ക് പകരം 5-15 ലക്ഷം രൂപ വരെയുള്ള പരിസ്ഥിതിക്കിണങ്ങിയ ചെറുകിടയൂണിറ്റുകള്‍ സ്ഥാപിക്കാം. ദ്രവമാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ ബയോഗ്യാസ് യൂണിറ്റ് നിര്‍മ്മിക്കാം. മെക്കാനിക്കല്‍, രാസ, ജൈവമലിനീകരണ നിയന്ത്രപ്രക്രിയകള്‍ അവലംബിക്കണം. കുടുംബശ്രീ യൂണിറ്റുകളെ ഉപയോഗിച്ച് ഇറച്ചി പായ്ക്ക് ചെയ്ത് വിപണനം നടത്താം. ഉല്പാദനച്ചെലവിനാനുപാതികമായി അറവുമൃഗങ്ങള്‍ക്ക് കൂടുതല്‍ ഫീസ് ചുമത്തുന്നതും, നികുതി നിരക്ക് വര്‍ദ്ധിപ്പിയ്ക്കുന്നതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ട് ഉയര്‍ത്താന്‍ സഹായിക്കും.

സ്വകാര്യപങ്കാളിത്തത്തോടെയുള്ള PPP (Public private partnership) മാതൃകയില്‍ അറവുശാലകള്‍ നിര്‍മ്മിക്കാം. ഈ രംഗത്ത് കേന്ദ്രഭക്ഷ്യ സംസ്‌കരണ മന്ത്രാലയം,APEDA, Dept of Marketing Infrastructure, KSIDC, മൃഗസംരക്ഷണവകുപ്പ്, കേരള കാര്‍ഷിക സര്‍വ്വകലാശാല എന്നിവയുടെ സാങ്കേതിക/ സാമ്പത്തികസഹായങ്ങള്‍ പ്രയോജനപ്പെടുത്താം.

മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇറച്ചിയുടെ ഉപഭോഗം കണക്കിലെടുത്ത് സ്ഥായിയായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഇനിയും മറക്കരുത്.

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS