ആന
Back

ശ്രദ്ധിക്കുക; സ്വഭാവം പ്രവചനാതീതം !

ഡോ. ടി.പി. സേതുമാധവന്‍

പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന്റെ മുഖ്യ ആകര്‍ഷണം നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാര്‍ തന്നെയാണ്. തൃശ്ശൂര്‍ പൂരം കാണാനെത്തുന്ന തദ്ദേശിയരും, വിദേശീയരും ആര്‍ത്തിയോടെ കാണാനെത്തുന്നത് ഇവയെതന്നെയാണ്. പൂരപ്പറമ്പിലെത്തുന്ന ആനപ്രേമികളുടെ എണ്ണം വര്‍ഷംതോറും വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവരില്‍ കുട്ടികളും, സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടുന്നു.

കരയിലെ ഏറ്റവും വലിയ മൃഗമായ ആനയെ കാണാനും ആനച്ചന്തം ആസ്വദിക്കാനുമെത്തുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വര്‍ഷത്തെ അസഹനീയമായ ഉയര്‍ന്ന അന്തരീക്ഷോഷ്മാവ് ആനകളിലും അസ്വസ്ഥത ഉളവാക്കും. കട്ടിയുള്ള പുറം തൊലിയും, വിയര്‍പ്പുഗ്രന്ഥികളുടെ കുറവും ഇതിന് ആക്കം കൂട്ടും. മാത്രമല്ല ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ ഇടഞ്ഞോടുന്ന ആനകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. നാട്ടാനകളുടെ ആക്രമണം മൂലം ഈ സീസണില്‍ അഞ്ചോളം പേര്‍ ദാരുണമായി കൊല്ലപ്പെട്ടിട്ടുണ്ട്. നാട്ടാനകളും മനുഷ്യരും തമ്മിലുള്ള കിടമത്സരത്തിലൂടെ കേരളത്തില്‍ കഴിഞ്ഞ മൂന്നു പതീറ്റാണ്ടു കാലയളവില്‍ മരിച്ചവരുടെ എണ്ണം 400 ലധികമാണ്. കൂടിയ ചൂട്, പ്രജനനത്തിനുള്ള പരിമിതികള്‍ ഉയര്‍ന്ന ടെസ്റ്റോസ്റ്ററോണ്‍ ഹോര്‍മോണിന്റെ അളവ്, വിശ്രമമില്ലാത്ത എഴുന്നള്ളിപ്പ്, ലോറികളിലെ അശാസ്ത്രീയമായ യാത്ര, ദീര്‍ഘ ദൂര നടത്തം, രോഗങ്ങള്‍, ആനകളോടുള്ള ക്രൂരത, അശാസ്ത്രീയ തീറ്റക്രമം, ആവശ്യത്തിന് വെള്ളം ലഭിക്കാതിരിക്കല്‍ എന്നിവ ആനകള്‍ നിയന്ത്രണം വിടാനിടവരുത്തും.

പതിനായിരക്കണക്കിന് ജനങ്ങള്‍ തടിച്ചുകൂടുമ്പോള്‍ സാമൂഹ്യ വിരുദ്ധര്‍ ആനയോടിയെന്ന് വിളിച്ചു പറഞ്ഞ് ഓടുന്നത് നിരവധി പേര്‍ക്ക് പരുക്കേല്‍ക്കാനിടവരുത്താറുണ്ട്. ആനകളുടെ സുരക്ഷ വിലയിരുത്താനുള്ള നടപടിക്രമങ്ങള്‍ ജില്ല ഭരണകൂടം അനുവര്‍ത്തിച്ചു വരുന്നു. എന്നാല്‍ ഉത്സവപ്പറമ്പുകളില്‍ ആനകള്‍ വിരണ്ടോടുന്നത് പതിവായതിനാല്‍ പൊതുജനങ്ങള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാട്ടാനയെ മനുഷ്യന്‍ മെരുക്കിയെടുത്ത് നാട്ടാനയാക്കി വളര്‍ത്തുമ്പോഴും അവയുടെ സ്വഭാവം പ്രവചനാതീതമാണെന്ന് ഓര്‍ക്കേണ്ടതാണ്.

15-60 വയസ്സ് പ്രായത്തില്‍ കൊമ്പനാനകളില്‍ കണ്ടുവരുന്ന ശാരീരിക പ്രക്രിയയാണ് മദം. ഇക്കാലത്ത് മദ ഗ്രന്ഥികളില്‍ നിന്നും മദജലം പുറത്തേയ്‌ക്കൊഴുകും. മദക്കാലത്തിന് മുമ്പും, മദക്കാലത്തും, മദക്കാലത്തിനു ശേഷവും നിശ്ചിത കാലയളവില്‍ ആനയ്ക്ക് വിശ്രമം നല്‍കി നരീക്ഷിച്ചശേഷം മാത്രമെ എഴുന്നള്ളിപ്പിക്കാവൂ. എന്നാല്‍ ഇവയിലുണ്ടാകുന്ന അശാസ്ത്രീയ പ്രവണതകള്‍ ആനകള്‍ വിരണ്ടോടാന്‍ ഇടവരുത്തും.

ആനകളെ ഒരേ സമയം 20 കി.മീ. ല്‍ കൂടുതല്‍ നടത്തിക്കരുത്. ചൂട് കുറഞ്ഞ പകല്‍ സമയങ്ങളില്‍ മാത്രമെ നടത്തിക്കാവൂ. വാഹനങ്ങളില്‍ ശ്രദ്ധയോടെ ഏറെ ബന്തവസ്സോടെ മാത്രമെ ആനകളെ കൊണ്ടുപോകാവൂ. ഉത്സവപ്പറമ്പുകളില്‍ നിന്നും ഉത്സവപ്പറമ്പുകളിലേക്കുള്ള യാത്രയില്‍ കുറഞ്ഞത് ഒരു ദിവസ്സമെങ്കിലും വിശ്രമം നല്‍കണം. ദീര്‍ഘദൂര എഴുന്നള്ളിപ്പുകളില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തണം. ചൂടുകൂടുതലുള്ള സമയങ്ങളില്‍ എഴുന്നള്ളിക്കുമ്പോള്‍ നിലത്ത് വെള്ളം തളിക്കുന്നതും, ശരീരോഷ്മാവ് കുറയ്ക്കാന്‍ യഥേഷ്ടം ശുദ്ധമായ വെള്ളം, തണ്ണിമത്തന്‍, വെള്ളരിക്ക എന്നിവ നല്‍കുന്നതും നല്ലതാണ്. 60 ഓളം ആനകള്‍ പങ്കെടുക്കുന്ന തൃശ്ശൂര്‍പൂരം എഴുന്നളളിപ്പുകളില്‍ ഒരേ ആനയെത്തന്നെ തുടര്‍ച്ചയായി എഴുന്നള്ളിപ്പിക്കരുത്. എഴുന്നള്ളിപ്പു സമയങ്ങളില്‍ ഒന്നാം പാപ്പാന്‍ മുന്നിലും, രണ്ടാം പാപ്പാന്‍ പിറകിലും ആവശ്യമാണ്.

പാപ്പാന്മാര്‍ മദ്യപിച്ച് ആനകളെ പരിചരിക്കരുത്. ആനയും പാപ്പാനും തമ്മിലുള്ള ആകസ്മികദൂരം (critical distance) മറ്റുള്ളവര്‍ ഉപയോഗപ്പെടുത്തരുത്. പൊതുജനങ്ങള്‍ അവയുമായി നിശ്ചിത അകലത്തില്‍ നില്‍ക്കണം. വിരണ്ടോടുന്ന വിക്രിയകള്‍ കാണിക്കുന്നതായ ആനകളുടെ അടുത്ത് ചെന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതും, ബഹളം വെയ്ക്കുന്നതും അവ നിയന്ത്രണം വിട്ടോടാനേ ഉപകരിക്കൂ! മൊബൈല്‍ ഫോണുപയോഗിച്ച് നിരവധി പേര്‍ ആനയുടെ ഫോട്ടോയെടുക്കുന്നത് അവയെ അസ്വസ്ഥരാക്കും. പൊതുജനങ്ങള്‍ ആനകളുടെ അടുത്ത് പോകുന്നതും, അവയെ തൊടാനും, പഴം നല്‍കാന്‍ ശ്രമിക്കുന്നതും ഒഴിവാക്കണം. അവയുടെ അടുത്ത് കൂടെ പോകുമ്പോള്‍ വാഹനങ്ങളില്‍ ഹോണ്‍ ഉപയോഗിക്കരുത്.

ആനകളെ എഴുന്നള്ളിക്കുമ്പോള്‍ മെയ്ച്ചങ്ങല ഉപയോഗം നിര്‍ബന്ധമാക്കണം. ആന നിയന്ത്രണം വിട്ടു എന്ന് മനസ്സിലാക്കിയാല്‍ സ്വയം സുരക്ഷ ഉറപ്പാക്കുന്ന രീതിയില്‍ പിറകോട്ട് പോകാന്‍ ശ്രമിക്കണം. നിയന്ത്രിക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാരും, പാപ്പാന്മാരും, പോലീസും ശ്രമിക്കുമ്പോള്‍ കാഴ്ചക്കാരാകാന്‍ ശ്രമിക്കരുത്.

ആനകളുടെ സ്വഭാവം വിലയിരുത്തി എഴുന്നള്ളിപ്പിക്കാനുള്ള നടപടികള്‍ക്ക് ഉത്സവക്കമ്മറ്റിക്കാരും, ആനയുടമകളും. പാപ്പാന്മാരും, വെറ്ററിനറി ഡോക്ടര്‍മാരും, പോലീസും ഊന്നല്‍ നല്‍കേണ്ടതുണ്ട്. ഇവരുടെ കൂട്ടായ പരിശ്രമവും പൊതുജനങ്ങളുടെ സഹകരണവും സുരക്ഷിതമായ ആന എഴുന്നള്ളിപ്പ് ഉറപ്പു വരുത്തും !

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS