ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കണ്ടു വരുന്ന ലീഷ്മാനിയോസിസ് (Leishmaniosis) രോഗം അടുത്ത കാലത്തായി കേരളത്തിലും കണ്ടു തുടങ്ങിയിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ ലീഷ്മാനിയോസിസ,് കാലാ അസാര്‍, ബ്ലാക്ക് ഫീവര്‍ തുടങ്ങിയ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ബീഹാര്‍, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. ആഫ്രിക്കയിലും, ഏഷ്യന്‍ രാജ്യങ്ങളിലുമാണ് രോഗം കണ്ടു വരുന്നത്. കേരളത്തില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗംമൂലം കോഴിക്കോട് ഒരാള്‍ മരിച്ചിട്ടുമുണ്ട്. വിട്ടു മാറാത്ത പനി ശ്രദ്ധയില്‍പ്പെട്ടയുടനെയുള്ള രോഗനിര്‍ണ്ണയ ടെസ്റ്റുകളാണ് രോഗത്തെ തിരിച്ചറിയാന്‍ സഹായിച്ചത്. രോഗിര്‍ണ്ണയത്തിനായി നിരവധി സീറോളജിക്കല്‍ ടെസ്റ്റുകളുമുണ്ട്.
ലീഷ്മാനിയോസിസിനു കാരണം ലീഷ്മാനിയ ഇനം പ്രോട്ടോസോവകളാണ്. ഇവ ശരീരത്തില്‍ മാക്രോഫേജ്, എന്‍ഡോത്തീലിയല്‍ കോശങ്ങള്‍ എന്നിവയിലാണ് കണ്ടു വരുന്നത്. സാന്‍ഡ് ഫ്‌ളൈ ഇനത്തില്‍പ്പെട്ട പ്ലിബോടോമസ് ഇനം രക്തം കുടിയ്ക്കുന്ന ചെറിയ ഈച്ചകളാണ് രോഗം പരത്തുന്നത്. രോഗം ബാധിച്ച വ്യക്തിയില്‍ നിന്നും പ്രോട്ടോസോവയുടെ അമാസ്റ്റിഗോട്‌സുകള്‍ സാന്‍ഡ് ഫ്‌ളൈ കടിയ്ക്കുന്നതിലൂടെ അവയിലെത്തുകയും പ്രോമാസ്റ്റിഗോട്ടുകളായി മാറുകയും ചെയ്യും. ഇത്തരം രോഗവാഹികളായ ഈച്ചകള്‍ കടിക്കുമ്പോഴാണ് പ്രോമാസ്റ്റിഗോട്ടുകള്‍ മനുഷ്യരിലെത്തുന്നത്. ഇവ വീണ്ടും അമാസ്റ്റിഗോട്ടുകളായി രോഗലക്ഷണമുളവാക്കുന്നു. മനുഷ്യരില്‍ ഇവ കരള്‍, പ്ലീഹ, മജ്ജ തുടങ്ങിയ അവയവങ്ങളിലുമെത്തും. ഇവയാണ് വിസറല്‍ ലീഷ്മാനിയോസിസ് രോഗത്തിനിടവരുത്തുന്നത്. ശക്തിയായി പനി, ക്ഷീണം, തളര്‍ച്ച, വയറിളക്കം മുതലായവ പ്രാരംഭ രോഗലക്ഷണങ്ങളാണ്. ലീഷ്മാനിയ ഡോണോവാണിയാണ് ഇന്ത്യയില്‍ മനുഷ്യരില്‍ രോഗത്തിനിടവരുത്തുന്നത്.
ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന തൊഴിലാളികളിലൂടെയാണ് സാന്‍ഡ് ഫ്‌ളൈ വഴി രോഗം പകരുന്നത്. സാന്‍ഡ് ഫ്‌ളൈ വഴിമാത്രമെ രോഗം മറ്റുള്ളവരിലേക്ക് പകരുകയുള്ളൂ. ലീഷ്മാനിയോസിസ് പ്രധാനപ്പെട്ട ജന്തുജന്യരോഗം കൂടിയാണ്. നായ്ക്കളിലും, പൂച്ചകളിലും ലീഷ്മാനിയ ട്രോപ്പിക്കല്‍ ഇനത്തെ കാണപ്പെടാറുണ്ട്.
രോഗം ബാധിച്ച മനുഷ്യരില്‍ മാരകമായ രോഗലക്ഷണങ്ങള്‍ ഉളവാക്കും. ചില സന്ദര്‍ഭങ്ങളില്‍ Post Kala Azar Dermal Leishmanoid (PKADL) ആയി ത്വക്ക് രോഗങ്ങള്‍ പ്രത്യക്ഷപ്പെടും. രോഗത്തെ നേരത്തെ തിരിച്ചറിഞ്ഞാല്‍ ഫലപ്രദമായ ചികിത്സ അനുവര്‍ത്തിക്കാം. വിസറല്‍ ലീഷ്മാനിയോസിസിന് പെന്റാവാലന്റ് ആന്റിമോണിയല്‍സ്, സോഡിയം സ്റ്റിബോഗ്ലൂക്കണേറ്റ്, മെഗ്ലൂമിന്‍ ആന്റിമോണിയേറ്റ് മരുന്നുകളുണ്ട്.
രോഗനിയന്ത്രണത്തിനുള്ള ഫലപ്രദമായ മാര്‍ഗ്ഗം സാന്‍ഡ് ഫ്‌ളൈകളെ നിയന്ത്രിക്കുകയാണ്. മലിനജലം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. ജൈവമാലിന്യങ്ങള്‍ അശാസ്ത്രീയമായി കൂട്ടിയിടരുത്. സാന്റ് ഫ്‌ളൈയെ നിയന്ത്രിക്കാനായി കൂട്ടിയിട്ട മാലിന്യങ്ങളില്‍ ഒര്‍ഗാനോ ഫോസ്ഫറസ്, IGR ഉല്പന്നങ്ങള്‍, സിന്തറ്റിക്ക് പൈറിത്രോയിസുകള്‍ മുതലായവ ഉപയോഗിക്കണം. വീടിന് ചുറ്റും പരിസരവും വൃത്തിയായി സൂക്ഷിക്കണം. എല്ലാവിധ കൊതുകുനശീകരണ നിയന്ത്രണ നടപടികളും അനുവര്‍ത്തിക്കണം.
ചെറിയ ഇനം ഈച്ചകളായ സാന്‍ഡ് ഫ്‌ളൈയ്ക്ക് പ്രജനനത്തിന് കുറഞ്ഞ ജലാംശം മതിയാകും അതിനാല്‍ അവ ചെടികളിലും പരിസരങ്ങളിലും കൂടുതലായി കാണപ്പെടും. രോഗനിയന്ത്രണത്തിനായി സത്വര നടപടികള്‍ അനുവര്‍ത്തിക്കേണ്ടതാണ്.