വാർത്തകൾ
Back

മൃഗസംരക്ഷണമേഖലയില്‍ കാര്‍ഷിക മേഖലയെക്കാള്‍ 1.5 ഇരട്ടി വളര്‍ച്ചാ നിരക്ക്

ഡോ. ടി.പി. സേതുമാധവന്‍

രാജ്യത്ത് മൃഗസംരക്ഷണമേഖല കാര്‍ഷിക മേഖലയെക്കാള്‍ 1.5 ഇരട്ടി വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി വരുന്നു. മൃഗസംരക്ഷണവും കന്നുകാലി വളര്‍ത്തലും പരമ്പരാഗതമായി രാജ്യത്തെ കാര്‍ഷികവൃത്തിയുടെ ഭാഗമാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഈ മേഖലയുടെ സ്വാധീനം ചില്ലറയല്ല. 2010 ലെ ദേശീയ സാമ്പിള്‍ സര്‍വ്വെയ്ക്കനുസരിച്ച് 16.5 ദശലക്ഷം ജനങ്ങളാണ് രാജ്യത്ത് മൃഗസംരക്ഷണ മേഖല ഒരു തൊഴില്‍ മേഖലയായെടുത്ത് പ്രവര്‍ത്തിക്കുന്നത്. 90 ദശലക്ഷം കറവമാടുകളെ വളര്‍ത്തി വരുന്നു. 73% ത്തോളം ഗ്രാമീണ ജനത കന്നുകാലി വളര്‍ത്തലിലേര്‍പ്പെട്ടു വരുന്നു.

സ്ത്രീകളുടെ പങ്കാളിത്തം ഈ മേഖലയില്‍ 77% മാണ്. കാര്‍ഷിക മേഖലയിലിത് 33% മാത്രമാണ്. കൃഷിയില്‍ 3 ദശലക്ഷം സ്ത്രീകള്‍ തൊഴില്‍ ചെയ്യുമ്പോള്‍ മൃഗസംരക്ഷണമേഖലയിലിത് 75 ദശലക്ഷമാണ്. മൃഗങ്ങളുടെ സ്വഭാവം, തീറ്റ, തീറ്റക്രമം എന്നിവയെക്കുറിച്ചും ഇവര്‍ക്ക് വ്യക്തമായ ധാരണയുണ്ട്.രാജ്യത്തെ മൊത്തം കാര്‍ഷിക വരുമാനത്തിന്റെ 28.4% സംഭാവന ചെയ്യുന്നത് മൃഗസംരക്ഷണ മേഖലയാണ്. ഇത് രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 5.26% ത്തോളം വരും.

Arid മേഖലയില്‍ കാര്‍ഷിക മേഖലയുടെ 11% വും, Semi Arid മേഖലയില്‍ 40% വും മൃഗസംരക്ഷണ മേഖല സംഭാവന ചെയ്യുന്നു. പോഷകസമ്പുഷ്ടമായ ഭക്ഷണം, തുകല്‍, രോമം, എല്ല്, രക്തം, കൊഴുപ്പ്, മറ്റു ഉപോല്പന്നങ്ങള്‍ എന്നിവ ഈ മേഖലയുടെ സംഭാവനയാണ്.

2011 ലെ മൊത്തം പാലിന്റെ വില 2,62214 കോടി രൂപയോളം വരും. ഇത് നെല്ല്, ഗോതമ്പ്, കരിമ്പ് എന്നിവയില്‍ നിന്നുള്ള മൊത്തം വരുമാനത്തെക്കാള്‍ കൂടുതലാണ്. മൃഗസംരക്ഷണ മേഖലയില്‍ നിന്നുള്ള മൊത്തം വരുമാനത്തില്‍ 67% പാലും, പാലുല്പന്നങ്ങളുമാണ്. ഇത് മൊത്തം കാര്‍ഷിക ആഭ്യന്തര ഉല്പാദനത്തിന്റെ 18%ത്തോളം വരും. ലോകത്തില്‍ വെച്ചേറ്റവും കൂടുതല്‍ പാലുല്പാദിപ്പിക്കുന്ന ഇന്ത്യയിലെ വാര്‍ഷിക പാലുല്പാദനം 121.8 ദശലക്ഷം ടണ്ണിലധികമാണ്. പാലിന്റെ പ്രതിശീര്‍ഷ ഉപഭോഗം 267 ഗ്രാമാണ്. മൊത്തം ഉല്പാദനത്തില്‍ 17% ജന്തുജന്യ ഉല്പന്നങ്ങളാണ്. മുട്ടയുടെ ഉല്പാദനത്തില്‍ ഇന്ത്യക്ക് ലോകത്ത് 3 ാം സ്ഥാനമാണുള്ളത്. 63 ബില്ല്യനാണ് വാര്‍ഷിക മുട്ടയുല്‍പാദനം. ലോകത്തില്‍ വെച്ചേറ്റവും കൂടുതല്‍ എരുമകളുള്ളത് ഇന്ത്യയിലാണ് (56.7%) പശുക്കളുടെ എണ്ണം 12.5% മാണ്. ഇന്ത്യക്ക് സ്വന്തമായി 34 കന്നുകാലി ജനുസ്സുകളും 12 എരുമ ജനുസ്സുകളുമുണ്ട്.

പാലും, പാലുല്പന്നങ്ങളും ചരിത്രാതീതകാലം മുതല്‍ക്കെ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. തൈര്, യോഗര്‍ട്ട്, വെണ്ണ, നെയ്യ്, പനീര്‍, ചീസ്, കോവ, പായസം എന്നിവ തനത് പാലുല്പന്നങ്ങളാണ്. ജൈവകൃഷിയ്ക്കുള്ള മുഖ്യ ഘടകങ്ങളിലൊന്നാണ് ചാണകം. ഇത് മൊത്തം മൃഗസംരക്ഷണ മേഖലയുടെ ആഭ്യന്തര ഉല്പാദനത്തിന്റെ 9% ത്തോളം വരും. ഗോമൂത്രത്തിന് ആയുര്‍വ്വേദത്തില്‍ വിപണന സാധ്യതയേറെയാണ്. ഉഴവുശേഷിയിലൂടെ 440000 MW വൈദ്യുതിക്ക് തുല്യമായ ഊര്‍ജ്ജം ഉല്പാദിപ്പിക്കാന്‍ കഴിയും.

എന്നാല്‍ മൃഗസംരക്ഷണ മേഖലയിലെ പദ്ധതിവിഹിതം കാര്‍ഷിക മേഖലയെ അപേക്ഷിച്ച് കുറവാണ്. 12% Public expenditure on Agriculture മാത്രമെ ഈ മേഖലയ്ക്ക് ലഭിയ്ക്കുന്നുള്ളൂ.

മൃഗചികിത്സാ രംഗത്തും പരിമിതികളേറെയുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സേവന ലഭ്യതയില്‍ മികച്ച അന്തരം നിലനില്‍ക്കുന്നു. മൊത്തം കൃഷി ചെയ്യാവുന്ന സ്ഥലത്തിന്റെ 4.6% സ്ഥലത്ത് മാത്രമെ തീറ്റപ്പുല്ല് കൃഷി ചെയ്തു വരുന്നുള്ളൂ. വൈക്കോല്‍, ഖരാഹാരം, പച്ചപ്പുല്ല് എന്നിവയുടെ ക്ഷാമം യഥാക്രമം 10, 33, 35 ശതമാനമാണ്. തീറ്റച്ചെലവ് അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പ്രജനനരംഗത്തും പരിമിതികളുണ്ട്. ഇന്ത്യയിലെ തനത് ജനുസ്സുകള്‍ അമേരിക്ക, ആസ്‌ട്രേലിയ, ന്യൂസിലാന്റ്, ബ്രസീല്‍, ബള്‍ഗേറിയ എന്നീ രാജ്യങ്ങളില്‍ മികച്ച ജനുസ്സുകളായി മാറിക്കഴിഞ്ഞു. സഹിവാള്‍, ഗിര്‍, കാന്‍കറെജ്, താര്‍പാര്‍ക്കര്‍, ഹരിയാന എന്നിവയില്‍പ്പെടും. കൃത്രിമബീജ സങ്കലനം, ബീജം സൂക്ഷിക്കല്‍, പ്രവര്‍ത്തനമികവിന്റെ അഭാവം എന്നിവയും ഈ രംഗത്തുണ്ട്.

പാലുല്പാദനച്ചെലവും അനുദിനം വര്‍ദ്ധിച്ചു വരികയാണ്. ഈ മേഖലയില്‍ നിന്നുള്ള ലാഭവിഹിതം കുറഞ്ഞു വരുന്നു. കാലാവസ്ഥാ വ്യതിയാനം, മണ്ണിന്റെ ഫലഭൂയിഷ്ഠതയിലുള്ള കുറവ്, വര്‍ദ്ധിച്ച ജനസാന്ദ്രത മുതലായവ തീറ്റപ്പുല്‍ കൃഷിയ്ക്കുള്ള പരിമിതികളില്‍ ചിലതാണ്. ഉപഭോക്താക്കള്‍ പാല്‍വില ഉയര്‍ത്തുമ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു വരുന്നു.

എന്നാല്‍ രാജ്യത്ത് മൃഗസംരക്ഷണമേഖല കാര്‍ഷിക മേഖലയെക്കാള്‍ 1.5 ഇരട്ടി വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി വരുന്നു. ശാസ്ത്രീയ വിപണന സംവിധാനം ജന്തുജന്യ ഉല്പന്നങ്ങള്‍ക്ക് ഇന്ത്യയിലാവശ്യമാണ്. കയറ്റുമതി, ഇറക്കുമതി, സംസ്‌ക്കരണം, വിപണനം, വായ്പ, വില, മുതല്‍ മുടക്ക്, ഭൗതീക സൗകര്യങ്ങള്‍ എന്നിവയില്‍ മികച്ച തന്ത്രങ്ങള്‍ രാജ്യത്തിനാവശ്യമാണ്.

ജനങ്ങളുടെ വാങ്ങാനുള്ള ശേഷി വര്‍ദ്ധിക്കുന്നു, ആവശ്യകത ഉയരുന്നു എന്നത് മൃഗസംരക്ഷണമേഖലയ്ക്ക് കരുത്തേകുന്നു. ഭക്ഷണം, പോഷണം, തീറ്റ, തീറ്റപ്പുല്ല്, ഫലഭൂയിഷ്ഠത, ജീവിത നിലവാരം, പാരിസ്ഥിതിക സുരക്ഷ എന്നീ മേഖലയിലെ നേട്ടത്തിനുള്ള തന്ത്രങ്ങള്‍ രൂപീകരിക്കേണ്ടിയിരിക്കുന്നു. വിപണിയില്‍ നിന്നുള്ള ലാഭം കന്നുകാലിവളര്‍ത്തല്‍ കര്‍ഷകരുടെ ലാഭവിഹിതത്തിനനുസരിച്ചാണ്. ഇവരുടെ നിലനില്‍പ്പിനും, സുസ്ഥിരതയ്ക്കും ഊന്നല്‍ നല്‍കിയാലേ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താന്‍ സാധിക്കൂ!
 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS