അനുബന്ധ മേഖലകള്‍
Back

വ്യവസായവത്കരണവും, കയറ്റുമതിയും

 ആഗോളീകരണത്തിന്റെ പശ്ചാതലത്തില്‍ വ്യവസായികാടിസ്ഥാനത്തിലുള്ള മൃഗസംരക്ഷണ രീതികള്‍ക്ക് രാജ്യത്തുടനീളം പ്രാധാന്യമേറിവരികയാണ്. ഈ മാറ്റം കേരളത്തിലും ദൃശ്യമായി തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ മൊത്തം കാര്‍ഷിക വരുമാനത്തിന്റെ 30 ശതമാനത്തോളം സംഭാവന ചെയ്യുന്ന മൃഗസംരക്ഷണ മേഖലയില്‍, കേരളത്തിലിത്, മൊത്തം കാര്‍ഷിക വരുമാനത്തിന്റെ 40%-ല്‍ അധികമാണ്. മൃഗസംരംക്ഷണമേഖലയില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള മാറ്റം മനസ്സിലാക്കിക്കൊണ്ട് മൃഗസംരംക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമങ്ങള്‍, ഫാമിങ്ങ് രീതികള്‍, പരിചരണ മാര്‍ഗ്ഗങ്ങള്‍, ലാഭനഷ്ടക്കണക്കുകള്‍, ഉത്പന്നവൈവിധ്യവത്കരണം, കയറ്റുമതി, ജൈവകൃഷി, ഫാം ടൂറിസം, മലിനീകരണ നിയന്ത്രണം, യന്ത്രവത്കരണം, സാമ്പത്തിക സഹായം, സബ്‌സിഡികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഊന്നല്‍ നല്‍കി വരുന്നു.

വാണ്ജ്യാടിസ്ഥാനത്തില്‍ ഫാം തുടങ്ങുന്നതിനു മുന്‍പ് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വെള്ളം, വൈദ്യുതി, ഗതാഗത സൗകര്യം എന്നിവയ്ക്ക് മുന്‍ഗണന നല്‍കണം. തീറ്റപ്പുല്ല് കൃഷിചെയ്യാവുന്ന സ്ഥലങ്ങളില്‍ ഫാം കൂടുതല്‍ ലാഭകരമായിരിക്കും.

കുറഞ്ഞ ചെലവില്‍ തൊഴുത്ത്, കൂട് എന്നിവ നിര്‍മ്മിക്കണം. ഫാമിന്റെ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വന്‍തുക വിനിയോഗിക്കരുത്. ജന്തുജന്യ ഉത്പന്നങ്ങളുടെ ഉത്പാദനം മുതല്‍ വിപണനം വരെ ഭക്ഷ്യസുരക്ഷാനടപടികള്‍ അനുവര്‍ത്തിക്കണം. Good Retail Practices (GRP) അത്യന്താപേക്ഷിതമാണ്. ഉത്പന്ന വൈവിധ്യവല്‍ക്കരണം പ്രാവര്‍ത്തികമാക്കണം. 

കയറ്റുമതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഫാമുകള്‍ ഭക്ഷ്യ സുരക്ഷാ (Food safety) നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം. മാലിന്യ നിര്‍മാര്‍ജ്ജനത്തിന് സ്ഥായിയായ സംവിധാനം ഏര്‍പ്പെടുത്തണം. ഫാമുകള്‍ കൂടുതല്‍ ആരംഭിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നത്തിന് മുന്തിയ പരിഗണന നല്‍കണം.

ജൈവോല്പന്നങ്ങളോടുള്ള ഉപഭോക്താക്കളുടെ താത്പര്യം ജൈവകൃഷി മേഖല (Organic farming) യുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ജൈവകൃഷിയ്ക്കു വേണ്ട മുഖ്യ ഘടകങ്ങളിലൊന്ന്  കന്നുകാലിവളര്‍ത്തലാണ്. 

പരിസ്ഥിതിക്കിണങ്ങിയ വിനോദ സഞ്ചാര വികസനത്തില്‍ ഇക്കോടൂറിസത്തിന്റെ ഭാഗമായുള്ള ഫാം ടൂറിസത്തിനും ഏറെ സാധ്യതകളുണ്ട്. കേരളത്തിലെ കൃഷിരീതികള്‍, ഫാം ഫ്രഷ് ഉത്പന്നങ്ങള്‍, രുചിക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ എന്നിവ സമന്വയിപ്പിച്ച് ഫാം ടൂറിസം വികസിപ്പിക്കാവുന്നതാണ്.

പന്നിഫാമുകളിലെ മാലിന്യ പ്രശ്‌നങ്ങള്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു വരുന്നു. ഫാമുകളില്‍ വളര്‍ത്താവുന്നവയ്ക്കനുസരിച്ചുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിബന്ധനകളും പാലിക്കണം. ഫാം തുടങ്ങാനാവശ്യമായ മൂലധനത്തിന്റെ 5-8 ശതമാനത്തോളം മാലിന്യ നിര്‍മാര്‍ജ്ജനത്തിന് നീക്കി വയ്‌ക്കേണ്ടി വരും. 

ഉത്പന്ങ്ങളുടെ ഗുണമേന്മ വിലയിരുത്താന്‍ ജി.എല്‍.പി. GLP (Good Laboratory Practices) ഉള്ള ലബോറട്ടറികള്‍ ആരംഭിക്കേണ്ടതാണ്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (CIFT)  യുടെ സഹകരണത്തോടെ മൃഗസംരക്ഷണവകുപ്പ് കൊച്ചിയിലാരംഭിച്ച  ലൈവ്‌സ്റ്റോക്ക് പ്രൊഡക്ട്‌സ് ഇന്‍സ്‌പെക്ഷന്‍ ലാബ് ഈ രംഗത്ത്  സംസ്ഥാനത്തിന് ഒരു മുതല്‍ക്കൂട്ടാണ്. 

ഇറച്ചി സംസ്‌കരണ-വിപണന മേഖലകളില്‍ കേരളത്തിന് അനന്ത സാധ്യതകളാണിന്നുള്ളത്. ഉത്പന്ന വൈവിധ്യവത്കരണത്തിലൂടെ ഉപോത്പന്നങ്ങള്‍ പാഴാകാതെ സംസ്‌കരിക്കാം. ശാസ്ത്രീയ അറവുശാലകളുടെ  പ്രാധാന്യം എടുത്തു പറയത്തക്കതാണ്.

ഏതു ഫാമിങ്ങ് രീതിയ്ക്കും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയാണ് പ്രധാനം. കേരളത്തിലെ കാലാവസ്ഥയ്ക്കിണങ്ങിയ കന്നുകാലി ജനുസ്സുകള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. താരതമ്യേന അന്തരീക്ഷതാപനില കുറഞ്ഞ മലയോരമേഖലകളില്‍ ശുദ്ധജനുസ്സുകളെ വളര്‍ത്താവുന്നതാണ്. എന്നാല്‍ മറ്റു മേഖലകളില്‍ സങ്കരയിനം ജേഴ്‌സി, ഹോള്‍സ്‌യറ്റീന്‍ ഫ്രീഷ്യന്‍ ഇനങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ട്. 

ആടുവളര്‍ത്തലില്‍ വിദേശ ഇനമായ ബോവറിനു പകരം മലബാറി, അട്ടപ്പാടി ബ്ലാക്ക്, സങ്കരയിനം എന്നിവയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. തരിശായിക്കിടക്കുന്ന സ്ഥലങ്ങളില്‍ തീറ്റപ്പുല്ല് കൃഷി ചെയ്ത് വരുമാനം നേടാവുന്നതാണ്.

സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന കേരളത്തിന് ഭക്ഷ്യസുരക്ഷാക്രമങ്ങളില്‍ ഏറെ മുന്നേറാനുണ്ട്. ആവശ്യമായ കാലിത്തീറ്റയുടെ 55 ശതമാനത്തോളം സമീകൃത തീറ്റ മാത്രമേ കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. ബാക്കി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെത്തുന്നത്. കാലിത്തീറ്റയുടെ ഗുണമേന്മ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ സഹായിക്കും. 

ആരോഗ്യത്തിനു ഹാനികരമായ മാംസത്തിനു ബദലായി മുയലിറച്ചിക്ക് പ്രാധാന്യമേറിവരുന്നു. കുറഞ്ഞ കൊളസ്റ്റ്‌റൊളിന്റെ അളവും കൂടിയ പ്രജനനനിരക്കും കൂടുതല്‍ ലാഭം ലഭിക്കാന്‍ വഴിയൊരുക്കുന്നു. 

ആഗോളീകരണത്തിന്റെ പശ്ചാതലത്തില്‍ ഇറച്ചി, പാല്‍, മുട്ട എന്നിവ ഗുണമേന്മയോടെ കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ച് വിപണിയിലെത്തിക്കേണ്ടതുണ്ട്.

മൃഗസംരക്ഷണ മേഖലയില്‍ ശാസ്ത്രീയ പ്രജനനം, തീറ്റക്രമം, പരിചരണം, രോഗനിയന്ത്രണമാര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കുമ്പോള്‍ വിപണിയെ പൂര്‍ണ്ണമായും ലക്ഷ്യമിട്ടിരുന്നില്ല ! വിപണി ലക്ഷ്യമാക്കിയുള്ള ഉത്പാദന തന്ത്രങ്ങള്‍ (Market oriented production stratgies) ഇന്ന് അത്യന്താപേക്ഷിതമാണ്. ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മെച്ചപ്പെട്ട വിപണി കണ്ടെത്താനുള്ള ശ്രമങ്ങളും ആവിഷ്‌കരിക്കണം.

ഫാമുകളില്‍ യന്ത്രവത്ക്കരണം പ്രാവര്‍ത്തികമാക്കുന്നത് ഉത്പന്ന ശുചിത്വം ഉറപ്പുവരുത്തുന്നതോടൊപ്പം ഉത്പാദനച്ചെലവ് കുറയ്ക്കാനും സഹായിക്കും.   സംയോജിത കൃഷി, സമ്മിശ്ര കൃഷി എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

 ഡോ. ടി.പി. സേതുമാധവന്‍

 

 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS