വാർത്തകൾ
Back

കര്‍ഷകരുടെ താല്‍പര്യത്തിനിണങ്ങിയ ഗവേഷണത്തിന് മുന്‍തൂക്കം നല്‍കണം

ഡോ. ടി.പി. സേതുമാധവന്‍

കേരളത്തില്‍ അടുത്തകാലത്തായി പാലിന്റെ വിലയുമായി ബന്ധപ്പെട്ട വാര്‍ത്തകളും, വിവാദങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുമ്പോള്‍ ഉല്പാദനചെലവിലുണ്ടാകുന്ന വര്‍ദ്ധനവ് വിലയിരുത്താന്‍ മറക്കരുത്. ജനസംഖ്യയില്‍ ഭൂരിഭാഗവും ഉഭഭോക്തൃസംസ്‌കാരത്തോട് താത്പര്യം പ്രകടിപ്പിക്കുന്ന ഇന്ത്യയുടെ 1.13% ഭൂവിസ്തൃതിയുള്ള കേരളത്തിലെ പാലുല്പാദനച്ചെലവ് തുലോം ഉയര്‍ന്നുവെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. കുറഞ്ഞ സ്ഥലവിസ്തൃതി, തീറ്റപ്പുല്‍കൃഷിചെയ്യാനുള്ള സ്ഥലപരിമിതി, കാലിത്തീറ്റക്കാവശ്യമായ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന ചേരുവകളുടെ ഉയര്‍ന്ന വില മുതലായ ഉല്പാദനച്ചെലവ് ഉയര്‍ത്താനിടവരുത്തുന്നു. അടുത്ത കാലത്ത് കേരള കന്നുകാലി വികസന ബോര്‍ഡിലെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഉണ്ണിത്താന്‍ നടത്തിയ പഠനങ്ങളില്‍ കേരളത്തില്‍ ഒരുലിറ്റര്‍ പാലിന്റെ ഉല്പാദനച്ചെലവ് 26 രൂപയിലധികമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പാലിന്റെ വിലയില്‍ 50% വര്‍ദ്ധനവുണ്ടാകുമ്പോള്‍ തീറ്റയുടെ വിലയില്‍ 200% വര്‍ദ്ധനവുണ്ടാകുന്നുവെന്നത്. ഉല്പാദനച്ചെലവിലുണ്ടാകുന്ന കുതിച്ചുകയറ്റത്തിന് തെളിവാണ്.

കേരളത്തില്‍ 95 ശതമാനത്തിലധികവും സങ്കരയിനം പശുക്കളാണുള്ളത്. ഉല്പാദനക്ഷമത കൂടിയ ഇവയുടെ ശരാശരി പ്രതിദിന പാലുല്പാദനം കര്‍ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല എന്നതും ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. അടുത്തയിടെ നടന്ന കന്നുകാലി സെന്‍സസ്സില്‍ പശുക്കളുടെ എണ്ണത്തില്‍ 25 ശതദമാനത്തിലധികം കുറവും, ആടുകളുടെ എണ്ണത്തില്‍ 32 ശതമാനത്തിലധികം വര്‍ദ്ധനവും കണ്ടെത്തിയിട്ടുണ്ട്. ദാരിദ്രനിര്‍മാര്‍ജ്ജന മേഖലയില്‍ പശുവളര്‍ത്തലിനേക്കാള്‍ ലാഭം ആടുവളര്‍ത്തല്‍ എന്ന തിരിച്ചറിവ് കുടുംബശ്രീ സംരംഭങ്ങളെ ഈ മേഖലയിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചുവരുന്നു.

ഉല്പാദനച്ചെലവ് അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പാലിന്റെ വില വര്‍ദ്ധിപ്പിക്കണമെന്ന ക്ഷീരകര്‍ഷകരുടെ ആവശ്യം ഉപഭോക്താക്കളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി നിരാകരിക്കുന്നത് ഈ മേഖലയില്‍ നിന്നും ക്ഷീരകര്‍ഷകരെ പിന്തിരിപ്പിക്കാനേ ഉപകരിക്കൂ! പശുവളര്‍ത്തലില്‍ നിന്നുള്ള പ്രതിദിന ലാഭം മറ്റു മേഖലകളെ അപേക്ഷിച്ച് കുറവാണ്. ഇത് പ്രതിദിനം പശുവൊന്നിന് 60-100 രൂപ മാത്രമാണ് വരുന്നത്. കൂടുതല്‍ കാലയളവില്‍ പച്ചപ്പുല്ല് ലഭിക്കുന്നതാണ് ഇടുക്കി, വയനാട് ജില്ലകളില്‍ ഉല്പാദനച്ചെലവ് കുറയാന്‍ കാരണം. എന്നാല്‍ ഉല്പാദനച്ചെലവിനേക്കാള്‍ കുറഞ്ഞ വിലക്ക് പാല്‍ നല്‍കി ഇത് എത്രകാലം നടത്താന്‍ സാധിക്കും? പാല്‍ വിപണന രംഗത്ത് സംഘടിത സംവിധാനമുള്ള കേരളത്തില്‍ 80%ത്തോളം ഉല്പാദകരും അസംഘടിത മേഖലയിലൂടെ വിപണനം നടത്തുന്നതിന്റെ കാരണം മറ്റൊന്നുമല്ല! ഉല്പാദനച്ചെലവിനാനുപാതികമായി വില ലഭിക്കാത്തതുകൊണ്ടുതന്നെയാണ്! മാത്രമല്ല തൊഴിലുറപ്പ് പദ്ധതിയില്‍ ലഭിക്കുന്നതിനേക്കാളും കുറഞ്ഞ വരുമാനത്തില്‍ പശുക്കളെ വളര്‍ത്താന്‍ ക്ഷീരകര്‍ഷകര്‍ വിമുഖതകാട്ടുന്നു എന്നതും എടുത്തു പറയത്തക്ക വസ്തുതയാണ്.

ഉല്പാദനച്ചെലവിനാനുപാതികമായി പാലിന് വില ലഭിക്കേണ്ടതുണ്ട്. ഇതിനുതകുന്ന രീതിയില്‍ Milk Pricing Index സംവിധാനം രൂപപ്പെടേണ്ടതുണ്ട്. യൂറോപ്പിലും, അമേരിക്കയിലും, മറ്റുവികസ്വര രാജ്യങ്ങളിലും ഉല്പാദകര്‍ ഉല്പന്നത്തിന്റെ വില നിശ്ചയക്കുമ്പോള്‍ ഉപഭോക്താക്കളുടെ അഭിപ്രായം ഗുണനിലവാരം, ഭക്ഷ്യസുരക്ഷിതത്വം എന്നിവയിലാണ് പരിഗണിക്കുന്നത്. ക്രൂഡോയിലിന്റെ രാജ്യാന്തര വിലയിലുണ്ടാകുന്ന വില വര്‍ദ്ധനവിനനുസരിച്ച് പെട്രോളിയം, ഡീസല്‍ വിലവര്‍ദ്ധിക്കുന്നതുപോലെ പാലിന്റെ കാര്യത്തില്‍ ഉല്പാദനച്ചെലവ് വിലയിരുത്തി വിലനിശ്ചയിക്കേണ്ടത് ക്ഷീരമേഖലയിലേയ്ക്ക് നിരവധി യുവതീയുവാക്കളുടെ കടന്നുവരവിമന് ഉപകരിക്കും.

പാല്‍ഉല്പാദനച്ചെലവ് ഉയര്‍ന്നുവരുന്ന ഇക്കാലത്ത് ഉല്പാദനച്ചെലവ് കുറയ്ക്കാനും, ഉല്പാദനം വര്‍ദ്ധിയ്പ്പിക്കാനും ഉതകുന്ന തന്ത്രങ്ങള്‍ക്ക് മുന്‍ഗണനനല്‍കണം. ഈ രംഗത്ത് ആഗോളതലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന 3 P തന്ത്രങ്ങള്‍ (Politics, Programmes, Policies) ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

പ്രജനനം, തീറ്റ, പരിചരണം, രോഗനിയന്ത്രണം, വിപണനം എന്നിവയിലൂന്നിയുള്ള 3 P തന്ത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. സങ്കരപ്രജനനത്തിലൂടെ പാലുല്പാദനത്തില്‍ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കിയ കേരളത്തില്‍ കന്നുകാലിവര്‍ഗ്ഗോദ്ധാരണത്തില്‍ സമ്പൂര്‍ണ്ണത കൈവരിച്ചതോടെ ഉല്പാദനം കുറയാനിടവന്നുവെന്ന സത്യം തിരിച്ചറിയേണ്ടതുണ്ട്. . F 1 തലമുറയിലുണ്ടായ Hybrid Vigour തുടര്‍ന്നങ്ങോട്ട് നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന തിരിച്ചറിവ് മുന്നില്‍ക്കണ്ട് കൂടുതല്‍ ഉല്പാദന ശേഷിയുള്ള ഇനങ്ങളെ ഉരുത്തിരിച്ചെടുക്കാനുള്ള ഗവേഷണ തന്ത്രങ്ങള്‍ രൂപപ്പെടുത്തിയെടുക്കണം. കുറഞ്ഞത് 10 വര്‍ഷക്കാലത്തെ പരിശ്രമം ഇതിനാവശ്യമാണ്. ഇതിനുള്ള ശ്രമം 12-ാം പദ്ധതിയിലെതെങ്കിലും തുടങ്ങിയില്ലെങ്കില്‍ പശുക്കളും, ക്ഷീരകര്‍ഷകരും നിലനില്‍പ്പിനു തന്നെ ഭീഷണി നേരിടേണ്ടിവരുമെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളില്ല.

തീറ്റയുടെ വിലവര്‍ദ്ധനവിനാനുപാതികമായി തീറ്റ പരിവര്‍ത്തനശേഷി ഉല്പാദനക്ഷമത മുതലായവ ഉയര്‍ത്താനുള്ള ഗവേഷണങ്ങള്‍ക്കും മുന്‍ഗണന നല്‍കണം. ഈ രംഗത്ത് കാലിത്തീറ്റ നിര്‍മ്മാതാക്കളും, ഗവേഷണ സ്ഥാപനങ്ങളും ചേര്‍ന്നുള്ള കൂട്ടായ്മ (PPP)അത്യന്താപേക്ഷിതമാണ്.

ശാസ്ത്രീയ പരിചരണത്തില്‍ എത്രത്തോളം ശ്രദ്ധചെലുത്തുന്നുവെന്നത് ഉല്പാദനം വര്‍ദ്ധിയ്പ്പിക്കാനും, ഉല്പന്നസുരക്ഷയ്ക്കും , നിയന്ത്രണത്തിനും ഉപകരിക്കും.

അടുത്തയിടെ നടന്ന പഠനങ്ങളില്‍ തൊഴുത്തിലെ നിലത്തുണ്ടാകുന്ന കുഴികള്‍ നികത്തുന്നതിലൂടെ അകിടുവീക്കത്തിന്റെ നിരക്ക് 90% ത്തോളം കുറക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രസവത്തിന് മുമ്പും, പ്രസവാനന്തരവും വിരമരുന്ന് നല്‍കുന്നത് പശുക്കളില്‍ ശരാശരി 305 ദിവസ കറവക്കാലയളവില്‍ പ്രതിദിനം 1.4 ലിറ്റര്‍ പാലിന്റെ വര്‍ദ്ധനവുണ്ടാകുന്നതായി വിലയിരുത്തിയിട്ടുണ്ട്. ഇത് പ്രതിദിന വരുമാനത്തില്‍ 25-30 രൂപയുടെ അധികവരുമാനത്തിനിടവരുത്തും.

രോഗ നിര്‍ണ്ണയ രംഗത്ത് പാലുല്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന അകിടുവീക്കത്തെ നിയന്ത്രിക്കാന്‍ പുത്തന്‍ ഗവേഷണ പദ്ധതികള്‍ക്ക് രൂപം കൊടുക്കേണ്ടതുണ്ട്. നിര്‍ദ്ധാരണ, വാക്‌സിന്‍ നിര്‍മ്മാണ പ്രക്രിയയിലൂടെ വികസിതരാജ്യങ്ങളില്‍ ഇതിനുള്ള ഗവേഷണങ്ങള്‍ ശക്തിപ്പെടുത്തുമ്പോള്‍ ശാസ്ത്രീയ പരിചരണ തന്ത്രങ്ങള്‍ കൂടുതല്‍ പ്രാവര്‍ത്തികമാക്കാന്‍ ഇനിയും വൈകരുത്. പാലുല്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന അകിടുവീക്കത്തിന്റെ മുഖ്യ ഹേതു കോളിഫോം അണുജീവികളാണെന്നതിനാല്‍ ഇവയ്‌ക്കെതിരെയുള്ള രോഗപ്രതിരോധ വാക്‌സിനുകളുടെ സാധ്യത വിലയിരുത്തേണ്ടതുണ്ട്.

വന്ധ്യതാ നിരക്ക് സങ്കരയിനം പശുക്കളില്‍ വര്‍ദ്ധിച്ചുവരുമ്പോള്‍ അതാതു സ്ഥലത്തെ ധാതുലവണ നിലവാരത്തിനനുസരിച്ചുള്ള തീറ്റ, ധാതുലവണമിശ്രിതം എന്നിവ രൂപപ്പെടുത്തേണ്ടതുണ്ട്. അടുത്തയിടെ ബാംഗ്ലൂരിലെ നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആനിമല്‍ ന്യൂട്രീഷന്‍ ആന്റ് ഫിസിയോളജി നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ വില്പനനടത്തുന്ന ധാതുലവണമിശ്രിതങ്ങളില്‍ 90 ശതമാനത്തിലധികവും ഗുണനിലവാരമില്ലാത്ത താണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല ധാതുനിലവാരം ഓരോ പ്രദേശത്തും വ്യത്യാസപ്പെട്ടിരിക്കും. ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ ഇവയുടെ അളവില്‍ ഏറ്റകുറച്ചില്‍ സ്വാഭാവികം മാത്രം! ഇവ വിലയിരുത്താനുള്ള മിനറല്‍ മാപ്പിംഗ് രീതി കേരളത്തില്‍ ജില്ലാതലത്തിലെങ്കിലും വിപുലപ്പെടുത്തേണ്ടതുണ്ട്. മണ്ണ്, പശു, തീറ്റ, തീറ്റപ്പുല്ല് എന്നിവയില്‍ ഈരീതി അവലംബിക്കണം.

മൃഗസംരക്ഷണ മേഖലയില്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുമ്പോള്‍ വെറ്ററിനറി സര്‍വ്വകലാശാല അനുബന്ധ വകുപ്പുകള്‍, മില്‍ക്ക് യൂണിയനുകള്‍, കര്‍ഷകര്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ കൂട്ടായ പരിശ്രമം പ്രാവര്‍ത്തികമാക്കിയാലേ കര്‍ഷകനിണങ്ങിയ ക്ഷീരവികസനം കേരളത്തില്‍ സാധ്യമാകൂ!

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS