ആട്
Back

ആടുകള്‍ക്ക് പോളിയോ വന്നാല്‍ ……

ഡോ. ബിജു.പി. ഹബീബ്, ഡോ. ജാനസ്.എ.
വെറ്ററിനറി കോളേജ്, മണ്ണുത്തി - 680651
കേരള വെറ്ററിനറി സര്‍വ്വകലാശാല.

 ആടുകളില്‍ സാധാരണ കാണാറുള്ള രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പോളിയോ എന്‍സഫലോ മലേഷ്യ അഥവാ പോളിയോ രോഗം. വിറ്റാമിന്‍ ബി1 അഥവാ തയമിന്‍ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അളവില്‍ ലഭിക്കാതെ വരുന്നതാണ് രോഗകാരണമായി കണ്ടെത്തിയിട്ടുള്ളത്. അയവെട്ടുന്ന മൃഗങ്ങളില്‍ ആടുകളിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. ഒരുമാസം മുതല്‍ മൂന്നു വയസ്സുവരെയുള്ള ആടുകള്‍ക്കാണ് രോഗസാദ്ധ്യത ഏറ്റവും കൂടുതല്‍. ചെമ്മരിയാട്, പശു എന്നിവയിലും രോഗം കണ്ടെത്തിയിട്ടുണ്ട്

ഇനി നമുക്ക് തയമിന്റെ അളവ് കുറയുന്നതെങ്ങനെയെന്ന് നോക്കാം. ആടിന്റെ ആമാശയത്തിലെ ആദ്യ അറയായ റൂമനില്‍ കാണുന്ന ബ്ക്ടീരിയകളുടെ പ്രവര്‍ത്തനഫലമായാണ് തയമിന്‍ വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാകുന്നത്. റൂമനിലെ അമ്ല-ക്ഷാര നിലയില്‍ പ്രകടമായ വ്യതിയാനം വന്നാല്‍ തയമിന്റെ പ്രവര്‍ത്തനം തടസ്സപ്പെടും. അമിതമായി കഞ്ഞിയോ ചോറോ നല്‍കുമ്പോള്‍ ആമാശയത്തില്‍ അമ്ലത കൂടുന്നത് ഇതിനൊരുദാഹരണമാണ്. തയമിന്‍ അഭാവം ഉാകാവുന്ന മററ് സാഹചര്യങ്ങള്‍ ഇവയാണ്. പൂപ്പല്‍ വിഷബാധ, സള്‍ഫര്‍ വിഷബാധ, ആമ്പ്രോളിയം മരുന്നിന്റെ ഉപയോഗം, ഖരാഹാരം പരുഷാഹാരത്തേക്കാള്‍ കൂടിയ അളവില്‍ തിന്നുക, എന്തിന് സാധാരണ നല്‍കാറുള്ള തീറ്റയില്‍ നിന്നും പെട്ടെന്നുള്ള ഒരു മാറ്റം പോലും റൂമന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കും.

പോളിയോ രോഗത്തിന്റെ ലക്ഷണങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണ്. നന്നായി തീറ്റ തിന്ന് പൂര്‍ണ്ണ ആരോഗ്യത്തോടെയുള്ള ആടുകള്‍ നിന്നനില്പില്‍ വേച്ച് നിലവിളിച്ച് നിലത്തുവീഴും. ഉടന്‍ എഴുന്നേല്‍ക്കുമെങ്കിലും ബാലന്‍സ് തെറ്റി വീഴാന്‍ ഭാവിക്കും. തല നേരേ പിടിക്കാന്‍ കഴിയാതെ വെട്ടിക്കൊണ്ടിരിക്കും. കാഴ്ച മങ്ങുക, കണ്ണ് കോട്ടുക, പല്ലിറുക്കുക, മാംസപേശികള്‍ കോച്ചി വലിക്കുക, കാലുകള്‍ മരവിച്ച് വടിപോലാകുക, വയറ് വീര്‍ക്കുക എന്നീ ലക്ഷണങ്ങള്‍ കാണാം. രോഗം മൂര്‍ഛിക്കുമ്പോള്‍ ഒരു വശത്തേയ്ക്ക് മാത്രം ചരിഞ്ഞ് കിടപ്പിലാകും. തയമിന്‍ കുറയുമ്പോള്‍ തലച്ചോറില്‍ നീര്‍ക്കെട്ടുണ്ടാകുന്നതാണ് ഈ അവസ്ഥയ്ക്ക് നിദാനം.

ആരംഭത്തില്‍ ചികിത്സിച്ചാല്‍ നാല് മുതല്‍ ആറ് ദിവസത്തിനകം ഭേദമാകും. തയാമിന്‍ അടങ്ങിയ വിറ്റമിന്‍ മിശ്രിതവും തലച്ചോറിലെ നീര്‍ക്കെട്ട് കുറയുന്നതിനുള്ള മരുന്നുകളും കുത്തിവയ്ക്കണം. ശ്വാസകോശത്തിനും തലച്ചോറിനും അണുബാധയേല്‍ക്കാന്‍ ഇടയുള്ളതിനാല്‍ ആന്റിബയോട്ടിക്കുകള്‍ ചിലപ്പോള്‍ നല്‍കേണ്ടി വരും.

പോളിയോ ലക്ഷണങ്ങള്‍ക്ക് മറ്റ് പല രോഗങ്ങളുമായി സാമ്യമുള്ളതിനാല്‍ ഒരു വിദഗ്ധ ഡോക്ടര്‍ക്കു മാത്രമേ രോഗം കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയൂ. അതിനാല്‍ രോഗലക്ഷണം ശ്രദ്ധയില്‍പ്പെട്ടാലുടന്‍ തന്നെ ഡോക്ടറുടെ സേവനം തേടണം. ചികിത്സ വൈകിയാല്‍ മരണം സംഭവിക്കാം.

ആടുകളിലെ പോളിയോ രോഗം ഒരു സാംക്രമിക രോഗമല്ല എന്ന കാര്യം പ്രത്യേകം ഓര്‍ക്കണം. പോളിയോ വരാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ ആവശ്യമാണ്. തീറ്റവസ്തുക്കള്‍ ശ്രദ്ധയോടെ തെരഞ്ഞെടുക്കണം. സ്ഥിരമായി നല്‍കാറുള്ള തീറ്റയില്‍ പെട്ടെന്നൊരു മാറ്റം പാടില്ല. കഞ്ഞി അമിതമായി നല്‍കരുത്. ചില സീസണില്‍ (ജൂണ്‍-ജൂലൈ) പ്ലാവില മാത്രം കൂടുതലായി നല്‍കുന്നതും അപകടമാകാനിടയുണ്ട്. രോഗസാധ്യത സംശയിച്ചാല്‍ തീറ്റയില്‍ തയമിന്‍ മിശ്രിതം ചേര്‍ക്കുന്നത് നല്ലതാണ്. രോഗത്തെക്കുറിച്ച് അറിയുക, ആരംഭത്തില്‍ ചികിത്സിക്കുക, ആട് വളര്‍ത്തല്‍ ലാഭകരമാക്കാന്‍ മററ് വഴികളില്ല.

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS