ആട്
Back

ആടുകളിലെ അകിടു രോഗങ്ങള്‍

ഡോ. ബിജു പി. ഹബീബ്, ഡോ. ജാനസ് .എ.
വെറ്ററിനറി കോളേജ്, മണ്ണുത്തി
കേരള വെറ്ററിനറി സര്‍വ്വകലാശാല

അകിടുവീക്കം 

ആടുകളില്‍ അകിടിനെ ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അകിടുവീക്കം. മുലക്കാമ്പിലൂടെ അകിടില്‍ പ്രവേശിക്കുന്ന ബാക്ടീരിയ, ഫംഗസ്, വൈറസ് മുതലായ അണുക്കളാണ് രോഗഹേതുക്കള്‍. പനി, തീറ്റയ്ക്ക് മടുപ്പ്, അകിടില്‍ ചൂട്, നീര്, വേദന,കല്ലിപ്പ്, പാലിന് നിറംമാറ്റം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ മറ്റ് ചിലപ്പോള്‍ തീവ്രരൂപത്തിലും അകിടുവീക്കം വരാം. ഗാംഗ്രിനസ് മാസ്റ്റൈറ്റിസ് എന്നാണിതറിയപ്പെടുന്നത്. അകിടിന് കല്ലിപ്പ് കാണുമെങ്കിലും വേദന അനുഭവപ്പെടാറില്ല. തണുത്ത് മരവിച്ച് കോശങ്ങള്‍ നിര്‍ജ്ജീവമാകും. അകിട് വീണ്ടുകീറി വ്രണങ്ങള്‍ ആയി ചില ഭാഗങ്ങള്‍ അടര്‍ന്നുപോകാനും ഇടയാകും. കറന്നാല്‍ കടുത്ത കട്ടന്‍ചായ നിറത്തില്‍ സ്രവങ്ങള്‍ വരും. രോഗാണുക്കള്‍ പുറന്തള്ളുന്ന വിഷാംശം രക്തത്തില്‍ കലരുന്നതോടെ മാരകമായിത്തീരും. ചികിത്സിച്ചാല്‍ ആടിന്റെ ജീവന്‍ രക്ഷിക്കാമെങ്കിലും പാലുല്പാദനം ഗണ്യമായി കുറയും.

അകിടുവീക്കം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ഡോക്ടറുടെ സേവനം തേടണം. സ്വയം ചികിത്സ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ദിവസവും കുറഞ്ഞത് മൂന്നുനേരം ആടിനെ ശ്രദ്ധയോടെ പരിചരിച്ചാല്‍ രോഗം ആരംഭത്തില്‍ കുപിടിക്കുന്നതിനും വൈകാതെ ചികിത്സ നല്‍കാനും കഴിയും. പാല്‍ പരിശോധിച്ച് രോഗാണുക്കളുടെ പ്രത്യേകത അനുസരിച്ച് ആന്റിബയോട്ടിക്കുകള്‍ നല്‍കണം. നീര് കുറയുന്നതിന് മഗ്നീഷ്യം സള്‍ഫേറ്റ് ഗ്ലിസറിന്‍ കുഴമ്പ് പുരട്ടാം. അണുബാധയുള്ള പാല്‍ കറന്നു കളയണം. രോഗം പൂര്‍ണ്ണമായും ഭേദമാകുന്നതുവരെ പാല്‍ ഭക്ഷ്യയോഗ്യമല്ല. ആട്ടിന്‍കൂടും പരിസരവും വൃത്തിയായും അണുവിമുക്തമായും സൂക്ഷിച്ചാല്‍ രോഗസാധ്യത കുറയ്ക്കാം.
ഉയര്‍ന്ന അളവില്‍ പാല്‍ ലഭിക്കുന്ന ആടുകള്‍ക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ പ്രത്യേക ശ്രദ്ധ നല്‍കണം. അകിടുവീക്കത്തിന് കാരണക്കാരായി വിവിധതരം രോഗാണുക്കള്‍ ഉള്ളതിനാല്‍ ഫലപ്രദമായ വാക്‌സിനുകള്‍ ലഭ്യമല്ല. 

ഹീമഗലക്ഷ്യ
അകിടിന് ക്ഷതങ്ങള്‍ ഏല്‍ക്കുമ്പോള്‍ പാലില്‍ രക്തം കലരുന്ന അവസ്ഥയാണ് റോസ് മില്‍ക്ക് അഥവാ ഹീമഗലക്ഷ്യ. അകിടിലെ രക്തക്കുഴലുകള്‍ പൊട്ടി രക്തവാര്‍ച്ചയുാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. മിക്കപ്പോഴും പ്രസവത്തോടനുബന്ധിച്ചാണ് റോസ് മില്‍ക്ക് വരാറുള്ളത്. കറന്നെടുത്ത പാല്‍ ഒരു ഗ്ലാസ്സിലേക്ക് പകര്‍ന്നു വച്ചാല്‍ റോസ് നിറമായി കാണാം. അല്പനേരം കഴിഞ്ഞ് ഗ്ലാസ്സിന്റെ അടിഭാഗം പരിശോധിച്ചാല്‍ രക്തം അടിഞ്ഞുകൂടിയിരിക്കും. പുറമേയ്ക്ക് പ്രകടമല്ലാത്ത രീതിയിലുള്ള മുറിവുകള്‍ അകിടില്‍ വരാനിടയുണ്ട്. മറ്റ് ആടുകളുടെ ആക്രമണം, ആട്ടിന്‍കുട്ടികള്‍ പാല്‍ കിട്ടാതെ വരുമ്പോള്‍ അകിടില്‍ ഇടിച്ചു കുടിക്കാന്‍ ശ്രമിക്കുക, കറവക്കാര്‍ പെരുവിരല്‍ മടക്കി കാമ്പില്‍ അമര്‍ത്തി പിഴിയുക എന്നിവയാണ് പ്രധാന കാരണങ്ങള്‍.

മരുന്ന് നല്‍കാതെ തന്നെ മിതമായ തോതിലുള്ള റോസ് മില്‍ക്ക് നാലോ അഞ്ചോ ദിവസത്തിനകം സ്വാഭാവികമായി ഭേദമാകും. എന്നാല്‍ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ വിറ്റമിന്‍ കെ, കാത്സ്യം, എന്നിവയുടെ ന്യൂനതയുണ്ടെങ്കില്‍ ചികിത്സിക്കണം. രക്തവാര്‍ച്ച കുറയുന്നതിനുള്ള മരുന്നുകളും വിറ്റമിന്‍ കെ, കാത്സ്യം എന്നിവയും നല്‍കണം. പ്രകടമല്ലാത്ത അകിടുവിക്കവും കാണപ്പെടാം. പാല്‍ പരിശോധിച്ച് ആന്റിബയോട്ടിക്കുകള്‍ നല്‍കണം.

പോക്‌സ് രോഗം
അകിടിന്റെ തൊലിപ്പുറത്ത് കുരുപ്പും കുമിളകളും വന്ന് പൊട്ടിയടരുന്നത് വൈറസ് രോഗമായ പോക്‌സിന്റെ ഒരു ലക്ഷണമാണ്. പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ അകിട് കഴുകി ആന്റിബയോട്ടിക് ലേപനമോ ബോറിക് ആസിഡ് കുഴമ്പോ പുരട്ടിയാല്‍ മുറിവുണങ്ങും.

സ്‌പൈടര്‍ റ്റീറ്റ്
പാല്‍ ഒഴുകി വരുന്നതിന് തടസ്സമായി ദശവളര്‍ന്ന് മുലക്കാമ്പിന്റെ നാളി അടഞ്ഞുപോകുന്ന അവസ്ഥയാണ് സ്‌പൈടര്‍ റ്റീറ്റ്. ശസ്ത്രക്രിയയിലൂടെ ദശനീക്കം ചെയ്താല്‍ പാല്‍ കറന്നെടുക്കാം. ചികിത്സയിലൂടെ ഭേദമാകുമെങ്കിലും താമസിയാതെ ദശ വീണ്ടും വളരാനിടയുണ്ട്.

വ്രണങ്ങള്‍
മേഞ്ഞുനടക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് ആടുകള്‍. കമ്പിവേലികള്‍ക്കിടയിലൂടെ നുഴഞ്ഞു കയറിയും കുറ്റിച്ചെടിയും മുള്‍പ്പടര്‍പ്പുമുള്ള പ്രദേശത്ത് മേയുമ്പോള്‍ കൂര്‍ത്ത ഭാഗങ്ങളില്‍ അകിട് തട്ടിയും മുറിവേല്‍ക്കുന്നത് സാധാരണമാണ്. മുറിവ് അണുവിമുക്തമാക്കി ലേപനങ്ങള്‍ പുരട്ടണം. ചികിത്സിക്കാതിരുന്നാല്‍ മുറിവില്‍ ഈച്ചകള്‍ മുട്ടയിടും. വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ അകിടിലെ കലകള്‍ കാര്‍ന്നുതിന്നും. ഇത് അകിടുവീക്കത്തിനിടയാക്കും.

ഔഷധ ഗുണമുള്ള പാല്‍
മാംസാവശ്യങ്ങള്‍ക്കായാണ് മുഖ്യമായും ആടിനെ വളര്‍ത്താറുള്ളത്. പാലുല്പാദനത്തിനും അത്രതന്നെ പ്രാധാന്യമുണ്ട്. ഔഷധ ഗുണമുള്ള സമ്പൂര്‍ണ്ണ പോഷകാഹാരമായ ആട്ടിന്‍പാലിന് ആവശ്യക്കാരേറെയാണ്. പശുവിന്‍പാലിനെ അപേക്ഷിച്ച് ആട്ടിന്‍ പാലിന്റെ കൊഴുപ്പ് കണികകള്‍ക്ക് വലുപ്പം കുറവായതിനാല്‍ പെട്ടെന്ന് ദഹിക്കും. അതിനാല്‍ വൃദ്ധര്‍ക്കും രോഗികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഒരുപോലെ നല്‍കാവുന്ന ഭക്ഷ്യവസ്തുവാണ് ആട്ടിന്‍ പാല്‍. താരതമ്യേന രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് ആട്ടിന്‍പാല്‍ നല്‍കുമ്പോള്‍ പാസ്ച്വറൈസ് ചെയ്ത് അണുവിമുക്തമാക്കി നല്‍കുന്നതാണ് അഭികാമ്യം. പാലിലൂടെ പകരാവുന്ന ജന്തുജന്യരോഗങ്ങളായ ക്ഷയം, എലിപ്പനി, ബ്രൂസല്ലോസിസ്, ടോക്‌സോപ്ലാസ്‌മോസിസ് മുതലായ രോഗങ്ങളുടെ വ്യാപനം തടയാന്‍ ഇതുപകരിക്കും. ശുചിത്വമുള്ള അന്തരിക്ഷവും ചിട്ടയായ പരിചരണവും രോഗത്തെക്കുറിച്ചുള്ള അറിവും പാലിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും ഉല്പാദനം കൂട്ടുന്നതിനും ഉപകരിക്കും.

ലേഖകരുടെ വിലാസം
ഡോ. ബിജു പി. ഹബീബ്
അസിസ്റ്റന്റ് പ്രൊഫസര്‍
ക്ലിനിക്കല്‍ മെഡിസിന്‍
വെറ്ററിനറി കേളേജ് മണ്ണുത്തി
കേരള വെറ്ററിനറി സര്‍വ്വകലാശാല
ഫോണ്‍ : 984720953737  

ഡോ. ജാനസ് .എ.
അക്കാഡമിക് കണ്‍സള്‍ട്ടന്റ്
പ്രിവന്റീവ് മെഡിസിന്‍
വെറ്ററിനറി കേളേജ് ഹോസ്പിറ്റല്‍, മണ്ണുത്തി
കേരള വെറ്ററിനറി സര്‍വ്വകലാശാല
ഫോണ്‍ : 9446039537

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS