അലാങ്കാര പക്ഷി
Back

പക്ഷികളിലെ വസൂരി രോഗം

ഡോ. ജാനസ്, എ.
അക്കാഡമിക് കണ്‍സള്‍ട്ടന്റ്
കേരള വെറ്ററിനറി സര്‍വ്വകലാശാല

പക്ഷികളില്‍ സാധാരണ കാണുന്ന സാംക്രമികരോഗങ്ങളില്‍ പ്രധാനപ്പെട്ട ഒരു രോഗമാണ് വസൂരി (പോക്‌സ്). വൈറസ് ഇനത്തില്‍പ്പെട്ട സൂക്ഷാമാണുക്കളാണ് രോഗഹേതു. കോഴി, ടര്‍ക്കി, പ്രാവ് തുടങ്ങി എല്ലായിനം പക്ഷികള്‍ക്കും രോഗം വരാം. പക്ഷികള്‍ തമ്മില്‍ കൊത്തുകൂടുമ്പോഴുണ്ടാകുന്ന മുറിവുകളിലൂടെയോ രോഗാണുവാഹകരായ ക്യൂലക്‌സ് ഇനം കൊതുകുകള്‍ രക്തം കുടിക്കുമ്പോഴോ വൈറസുകള്‍ ശരീരത്തില്‍ പ്രവേശിക്കും. രോഗാണുക്കളുടെ സാന്നിദ്ധ്യമുള്ള വായു ശ്വസിക്കുമ്പോഴും പക്ഷികള്‍ക്ക് രോഗം വരാം. വൈറസുകള്‍ ശരീരത്തില്‍ കടന്നാല്‍ നാലു മുതല്‍ പത്തു ദിവസത്തിനുള്ളില്‍ രോഗലക്ഷണം പ്രകടമാകും. ശരീരത്തില്‍ തൂവലുകള്‍ താരതമ്യേന കുറവുള്ള പൂവ്, ആട, ചുണ്ട്, കണ്‍പോള, കഴുത്ത്, കാല്, പാദം, മലദ്വാരം എന്നിവിടങ്ങളില്‍ പോളങ്ങള്‍ വന്ന് കുരുപ്പുകള്‍ ഉണ്ടാകുന്നതാണ് പ്രധാന രോഗലക്ഷണം. വായ, നാവ്, അന്നനാളം, ശ്വസനനാളി എന്നീ ഭാഗങ്ങളിലും കുരുപ്പുകള്‍ വരാം. കണ്‍പോളകള്‍ വീര്‍ത്ത് കാഴ്ച മറയും. വെള്ളവും തീറ്റയും എടുക്കാനാവാതെ പട്ടിണിയാകും. തൊയില്‍ കഫം നിറഞ്ഞ് ശ്വാസംമുട്ടല്‍ അനുഭവപ്പെടും. ഉന്മേഷക്കുറവ്, തൂക്കക്കുറവ്, മുട്ടയുല്പാദനം കുറയുക എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. ശരിയായി പരിചരിക്കാതിരുന്നാല്‍ മരണം സംഭവിക്കും. വൈറസ് രോഗമായതിനാല്‍ പ്രത്യേക ചികിത്സയില്ല. പക്ഷികളുടെ ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ ഊര്‍ജ്ജവും പോഷക വസ്തുക്കളും അടങ്ങിയ മരുന്നുകള്‍ നല്‍കണം. ത്വക്കിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിന് വൈറ്റമിന്‍ എ നല്‍കണം. നന്നായി പരിചരിച്ചാല്‍ മൂന്നു നാല് ആഴ്ചയോടെ രോഗം ഭേദമാകും. വീര്‍ത്ത കണ്‍പോളകള്‍ 2% സലൈന്‍ ലായനി ഉപയോഗിച്ച് കഴുകണം. ക്ലോറോമൈസെറ്റിന്‍ പോലെയുള്ള ആന്റിബയോട്ടിക് കുഴമ്പ് പുരട്ടാം. കണ്ണില്‍ അണുബാധയേറ്റാല്‍ കാഴ്ച നഷ്ടപ്പെടും. ശരീരത്തിലെ കുരുപ്പുകള്‍ വൃണമായാല്‍ ബാക്ടീരിയ, ട്രൈക്കോമോണസ് തുടങ്ങിയ അണുബാധയേല്‍ക്കാനിടയുണ്ട്. അതിനാല്‍ പൊവിഡോണ്‍ അയഡിനോ ബോറിക് ആസിഡ് കുഴമ്പോ പുരട്ടണം. കണ്‍പോളകള്‍ അടഞ്ഞ പക്ഷികള്‍ക്ക് തീറ്റയും വെള്ളവും എടുത്തു നല്‍കേണ്ടി വരും. കുരുപ്പുകള്‍ ക്രമേണ ചുങ്ങിയുണങ്ങി പൊറ്റയായി കൊഴിഞ്ഞുവീഴും. ഇങ്ങനെ കൊഴിയുന്ന കുരുപ്പുകളില്‍ ധാരാളം വൈറസുകള്‍ ഉാകും. ഈ വൈറസുകള്‍ ആ പ്രദേശത്ത് വര്‍ഷങ്ങളോളം നശിക്കാതെ കിടക്കുന്നതിനാല്‍ പിന്നീട് രോഗബാധയുണ്ടാകുന്നതിന് കാരണമാകും. അതിനാല്‍ വസൂരി വന്ന പക്ഷികളുടെ കൂടും ഉപകരണങ്ങളും പരിസരവും അണുനാശിനി തളിച്ച് രോഗാണു വിമുക്തമാക്കണം.

കൊതുകുകളുടെ എണ്ണം പെരുകുന്നത് പക്ഷികളില്‍ വസൂരി രോഗം പെട്ടെന്ന് പടരുന്നതിന് കാരണമാകാറുണ്ട്. അതിനാല്‍ കൂടിന്റെ പരിസരത്ത് മലിനജലം കെട്ടിക്കിടക്കാനനുവദിക്കരുത്. കൂടും പരിസരവും എപ്പോഴും വൃത്തിയായും ശുചിയായും സൂക്ഷിക്കണം. ചെള്ള്, മണ്ഡരി മുതലായ പരാദങ്ങളും വസൂരി പകര്‍ത്താനിടയുള്ളതിനാല്‍ ബാഹ്യപരാദ നിയന്ത്രണം അനിവാര്യമാണ്. വിലകൂടിയ പക്ഷികളുടെ കൂടിന് കൊതുകുവല ഇടണം.

വസൂരി രോഗവുമായി സാമ്യമുള്ള മറ്റ് രോഗങ്ങള്‍ തിരിച്ചറിഞ്ഞ് ഉചിതമായ ചികിത്സ നല്‍കുന്നതിന് വെറ്ററിനറി ഡോക്ടറുടെ ഉപദേശം തേടണം. കോഴിക്കുഞ്ഞുങ്ങളില്‍ ബയോട്ടിന്‍ എന്ന വിറ്റാമിന്റെ കുറവ് തൊലിയിലും വിരലുകളിലും കുരുപ്പുകള്‍ വരുന്നതിന് കാരണമാകും. ബയോട്ടിന്‍ (വിറ്റാമിന്‍ ബി-ഏഴ്) ന്യൂനത വസൂരി രോഗത്തില്‍ നിന്നും വേര്‍തിരിച്ചറിഞ്ഞ് ചികിത്സ നല്‍കണം.

പ്രാവുകള്‍ക്ക് വസൂരി രോഗത്തോടൊപ്പം ട്രൈക്കോമോണിയാസിസ് (കാങ്കര്‍) രോഗവും വരാം. വായില്‍ മഞ്ഞ കലര്‍ന്ന വെള്ള കുരുപ്പുകളാണ് പ്രധാന ലക്ഷണം. മെട്രോണിടാസോള്‍ എന്ന മരുന്ന് ഒരാഴ്ച നല്‍കിയാല്‍ രോഗം ഭേദമാകും.

വസൂരി രോഗം ഒരിക്കല്‍ വന്ന് ഭേദമായാല്‍ പക്ഷികള്‍ക്ക് ശാശ്വതമായ രോഗപ്രതിരോധശേഷി കിട്ടുന്നതിനാല്‍ പിന്നീട് വസൂരി വരാനുള്ള സാദ്ധ്യതയില്ല. എന്നിരുന്നാലും യഥാസമയം വസൂരി പ്രതിരോധ കുത്തിവയ്പ് നല്‍കി രോഗം നിയന്ത്രിക്കാവുന്നതാണ്. കോഴിക്കുഞ്ഞുങ്ങള്‍ക്ക് ആറു മുതല്‍ എട്ട് ആഴ്ച പ്രായത്തിലും പന്ത്രണ്ടു മുതല്‍ പതിനാറ് ആഴ്ച പ്രായത്തിലും കുത്തിവയ്പ് നല്‍കാം. ബ്രോയിലര്‍ (ഇറച്ചി) കോഴികള്‍ക്ക് വസൂരി പ്രതിരോധ കുത്തിവയ്പ് നല്‍കാറില്ല. പക്ഷികള്‍ക്ക് വസൂരി പ്രതിരോധകുത്തിവയ്പ് നല്‍കിയശേഷം ഒരാഴ്ച കഴിഞ്ഞ് കുത്തിവയ്പ് നല്‍കിയ ശരിരഭാഗത്ത് കുരുപ്പുപോലെ തടിപ്പ് വന്നിട്ടുണ്ടെങ്കില്‍ പ്രതിരോധമരുന്ന് ഫലപ്രദമായി എന്ന് മനസ്സിലാക്കാം. ഇങ്ങനെ തടിപ്പ് വന്നിട്ടില്ലാത്ത പക്ഷികള്‍ക്ക് വീണ്ടും മരുന്ന് നല്‍കേണ്ടി വരും.

ടര്‍ക്കികോഴികള്‍ക്ക് ഏഴ്-എട്ട് ആഴ്ച പ്രായത്തിലും പിന്നീട് മൂന്നു നാലുമാസം കഴിഞ്ഞും വസൂരി പ്രതിരോധ കുത്തിവയ്പ് നല്‍കാം. പ്രാവുകള്‍ക്ക് ആറ് ആഴ്ച പ്രായത്തില്‍ വസൂരി പ്രതിരോധ കുത്തിവയ്പ് നല്‍കണം.

പക്ഷികളിലെ വസൂരി രോഗം ഫൗള്‍ പോക്‌സ് (ഏവിയന്‍ പോക്‌സ്) എന്നാണ് അറിയപ്പെടുന്നത്. പക്ഷി വസൂരി മനുഷ്യരിലേക്ക് പകരില്ല. എന്നാല്‍ പശു, എരുമ, എന്നിവയില്‍ കാണുന്ന വസൂരി അവയെ പരിപാലിക്കുന്ന കറവക്കാരുടെ കൈത്തയില്‍ ചെറിയ കുരുക്കള്‍ ഉണ്ടാകുന്നതിന് ഇടയാകാറുണ്ട്. കറവക്കാര്‍ കൈ സോപ്പും അണുനാശിനിയും ഉപയോഗിച്ച് കഴുകിയാല്‍ ഈ സാധ്യത ഒഴിവാക്കാം. മനുഷ്യരില്‍ കാണുന്ന ചിക്കന്‍ പോക്‌സ് എന്ന രോഗത്തിന് ചിക്കന്‍ അഥവാ കോഴിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഓര്‍ക്കണം. മനുഷ്യരില്‍ നിന്നും ഈ രോഗം കോഴികളിലേക്ക് പകരുകയില്ല.

കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തുന്ന രോഗമാണ് പക്ഷി വസൂരി. വൃത്തിയും രോഗാണു വിമുക്തവുമായ ചുറ്റുപാട്, വായു സഞ്ചാരവും സൂര്യപ്രകാശം ഏല്‍ക്കുന്നതുമായ കൂട്, പോഷക സമൃദ്ധമായ തീറ്റ, കൊതുകു നിയന്ത്രണം, വസൂരി പ്രതിരോധ കുത്തിവയ്പ് എന്നീ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പക്ഷിവസൂരി നിന്ത്രണവിധേയമാക്കാം.

ഡോ. ജാനസ്. എ.
janusbiju@yahoo.co.in
അക്കാഡമിക് കണ്‍സള്‍ട്ടന്റ്
കേരള വെറ്ററിനറി സര്‍വ്വകലാശാല

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS