ആരോഗ്യം
Back

ഭക്ഷ്യസുരക്ഷയ്ക്ക് പരാദരോഗ നിയന്ത്രണം

ഡോ. ബിന്ദു ലക്ഷ്മണന്‍
അസി. പ്രൊഫസ്സര്‍, പരാദശാസ്ത്ര വിഭാഗം വെറ്ററിനറി കോളേജ്, മണ്ണുത്തി.

കന്നുകാലികളുടെ ഉല്പാദനത്തേയും ഉല്പാദനക്ഷമതയേയും പ്രതികൂലമായി ബാധിക്കുന്ന രോഗങ്ങള്‍ ഭക്ഷ്യസുരക്ഷയ്ക്ക് സുപ്രധാന വെല്ലുവിളി ഉയര്‍ത്തുന്നവയാണ്. ഇതില്‍ പരാദരോഗങ്ങളുടെ പ്രസക്തി ഒട്ടും ചെറുതല്ല. കൃത്യമായ രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ക്ക്, അതിനാല്‍ തന്നെ, ഭക്ഷ്യസുരക്ഷയില്‍ ഗണ്യമായ പങ്കുവഹിക്കാനുണ്ട്്. ശാസ്ത്രീയമായ രോഗ നിര്‍ണ്ണയവും ചികിത്സാരീതികളും രോഗനിയന്ത്രണത്തിന്റെ അത്യാവശ്യ ഘടകങ്ങള്‍ തന്നെ. നമ്മുടെ നാട്ടിലെ കന്നുകാലികളില്‍ നല്ലൊരു ശതമാനം പരാദരോഗബാധിതരാണ്. വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന പരാദങ്ങള്‍ ഉെണ്ടന്നിരിക്കെ, പലതരം പരാദങ്ങളുടേയും നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ വെവ്വേറെയാണ് എന്ന തിരിച്ചറിവ് രോഗനിയന്ത്രണത്തിന്റെ അടിസ്ഥാന തത്വവുമാണ്.

കന്നുകാലികളില്‍ വയറിളക്കം സാധാരണയായി കാണാറുണ്ട് ഇതില്‍ പരാദങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. നാടവിരകളും, ഉരുളന്‍ വിരകളും, പണ്ടപ്പുഴുക്കളും, സൂക്ഷ്മാണുക്കളായ പ്രോട്ടോസോവയും ഇതിനുത്തരവാദികളാവാം. ഇവയെല്ലാം വയറിളക്കം എന്ന ലക്ഷണമുണ്ടാക്കുമെങ്കിലും, ഇവ ഓരോന്നിന്റെയും ജീവിതചക്രം വളരെ വ്യത്യസ്തപ്പെട്ടതാണ്. രോഗവാഹകരുടെ ചാണകത്താല്‍ മലിനമാകുന്ന ഭക്ഷണത്തിലൂടെ ഉരുളന്‍വിരയും, പ്രോട്ടോസോവയും വയറിളക്കത്തിന് കാരണമാവുന്നു. ചിലയിനം ഉരുളന്‍വിരകള്‍ തൊലി തുളച്ചും, കന്നിപ്പാല്‍ വഴിയും, മേച്ചില്‍പ്പുറങ്ങളിലെ പുല്ല് തിന്നുക വഴിയും ശരീരത്തിനകത്ത് പ്രവേശിക്കുന്നു. എന്നാല്‍, പുല്ലില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന ശൈശവദിശയിലൂടെയാണ് പണ്ടപ്പുഴു ബാധയും, നാടവിരബാധയും പ്രധാനമായും ഉണ്ടാവുന്നത്.

ജീവിതചക്രത്തിലെ വ്യത്യാസത്തിനുപരി ഇവയ്ക്ക് ഫലപ്രദമായ മരുന്നുകളും വ്യത്യസ്തമാണ് എന്നത് ശ്രദ്ധേയം തന്നെ. അതിനാല്‍, ശാസ്ത്രീയ രോഗനിര്‍ണ്ണയത്തിനു മുതിരാതെ, നേരിട്ട് വയറിളക്കത്തിനുള്ള മരുന്ന് നല്‍കുന്ന പ്രവണത ഒട്ടും തന്നെ ആശാസ്യമല്ല. മരുന്ന് മാത്രമല്ല, പരാദങ്ങളുടെ ശൈശവദിശ രൂപംകൊള്ളുന്ന ചുറ്റുപാടുകളുടെ ശുചിത്വവും രോഗനിയന്ത്രണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഫിനൈല്‍, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് തൊഴുത്തും പരിസരവും വൃത്തിയാക്കേതാണ്. പണ്ടപ്പുഴുബാധയുള്ള പ്രദേശങ്ങളില്‍, വെള്ളക്കെട്ടുള്ള സ്ഥലത്ത്, അതായത് പാടങ്ങള്‍, തോട് മുതലായവയുടെ അടുത്ത് കന്നുകാലികളെ മേയാന്‍ വിടുന്നതും അവിടുത്തെ പുല്ല് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഒഴിവാക്കേണ്ടതാണ്.

കന്നുകാലികളില്‍ കാണുന്ന മറ്റൊരു സാധാരണ രോഗലക്ഷണമാണ് പനി. ബബീസിയ, തൈലേറിയ, ട്രിപനോസോമ തുടങ്ങിയ പല പരാദങ്ങളും ഈ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നു. അദ്യത്തെ രെണ്ടണ്ണം പട്ടുണ്ണികള്‍ വഴിയാണ് പകരുന്നതെങ്കില്‍ ട്രിപ്പനോസോമ കടിക്കുന്ന ഈച്ചകള്‍ വഴി പകരുന്നു. ഇവയ്‌ക്കോരോന്നിനും വ്യത്യസ്ത മരുന്നുകള്‍ വ്യത്യസ്ത തോതില്‍ ഉപയോഗിക്കേണ്ടതുണ്ട് എന്ന വസ്തുത കൃത്യമായ രോഗനിര്‍ണ്ണയത്തിന്റെ പ്രസക്തി വിളിച്ചോതുന്നു. മരുന്നിനോടൊപ്പം കീടനാശിനി പ്രയോഗവും രോഗനിയന്ത്രണത്തില്‍ പ്രധാനപ്പെട്ടതാണ്.

മേച്ചില്‍ പുറങ്ങളില്‍ നിന്നുമാണ് പട്ടുണ്ണി ബാധ ഉണ്ടാവുന്നത്. ചാണകകൂനയിലോ, ഒഴുകുന്നതും കെട്ടിക്കിടക്കുന്നതുമായ ജലാശയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ചെടികളിലോ ആണ് ഈച്ചകള്‍ മുട്ടയിട്ട് പെരുകുന്നത്. അതുകൊണ്ട് രോഗം വീണ്ടും വരാതിരിക്കാന്‍ കൃത്യമായ മുന്‍കരുതലുകള്‍ സമയാസമയങ്ങളില്‍ സ്വീകരിക്കേണ്ടതുണ്ട് വിരമരുന്നുകള്‍ ഒരിക്കലും രോഗപ്രപതിരോധത്തിനുള്ള “വാക്‌സിന്‍” അല്ല. ശരീരഭാരവും, ശാസ്ത്രീയമായ പരാദരോഗ നിര്‍ണ്ണയവും വിരമരുന്നിന്റെ ഫലപ്രാപ്തിയെ ഗണ്യമായി ബാധിക്കുന്നു. അശാസ്ത്രീയമായും, അനിയന്ത്രിതമായും “ലക്ഷണങ്ങളെ” മാത്രം ചികിത്സിക്കുന്ന മരുന്നുകള്‍ പരാദരോഗ നിയന്ത്രണത്തിലെ പ്രതികൂല ഘടകങ്ങളാണ്. വിരമരുന്നുകള്‍ കൂടാതെ പരാദങ്ങള്‍ക്കെതിരെ ചില നൂതന നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്. പരാദങ്ങളെ നശിപ്പിക്കുന്ന ഒരു തരം “ഫംഗസ്” കന്നുകാലികളുടെ ചാണകത്തില്‍ നിന്നും വേര്‍തിരിച്ചെടുത്തിട്ടുണ്ട്. ഇവയെ ഉള്‍ക്കൊള്ളിച്ച കാലിത്തീറ്റയും ആധുനിക ശാസ്ത്രലോകം വികസിപ്പിച്ചിട്ടുണ്ട്. ഇത് ജൈവ രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങളിലെ ഒരു നാഴികക്കല്ല് തന്നെയാണ്.

പരാദരോഗപ്രതിരോധം ജനിതകമായി കൈവരിക്കുന്നതാണ് എന്ന സത്യം അത്തരത്തിലുള്ള നിയന്ത്രണ മാര്‍ഗ്ഗങ്ങളുടെ സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നു. വികസിത രാജ്യങ്ങളില്‍ ജനിതകപ്രതിരോധം ഒരു പ്രധാന ചര്‍ച്ചാ വിഷയമാണെങ്കില്‍, നമ്മുടെ നാട്ടില്‍ ഇതിന് പ്രചാരം കുറവാണ്. എങ്കിലും മൃഗങ്ങളിലെ പരാദരോഗപ്രതിരോധത്തെ മനസ്സിലാക്കുവാനായി ചില അടിസ്ഥാന പഠനങ്ങള്‍ നമ്മുടെ നാട്ടിലും നടന്നു വരുന്നുണ്ട് എന്നത് ആശാവഹമാണ്.

മേല്‍പറഞ്ഞ നിയന്ത്രണ മാര്‍ഗ്ഗങ്ങളില്‍, ഒരു വഴിമാത്രം ഏറ്റവും നല്ലത്, എന്ന് ചൂണ്ടിക്കാണിക്കുന്നത് അബദ്ധമാണ്. അതിനാല്‍ തന്നെ കേരളത്തിലെ കാലാവസ്ഥയ്ക്കും കന്നുകാലികള്‍ക്കും അനുയോജ്യമായ ഒരു സംയോജിത പരാദനിയന്ത്രണ മാര്‍ഗ്ഗം ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

സന്ദേശങ്ങൾ

ശ്രീ പിണറായി വിജയന്‍( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ അഡ്വ. കെ. രാജു ( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ വി.എസ. സുനിൽ കുമാർ ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ചോദ്യപ്പെട്ടി

Web designed by netBIOS