ക്ഷീര
Back

എരുമ വളര്‍ത്തല്‍

ഡോ. കെ. അനില്‍കുമാര്‍
അസോസിയേറ്റ് പ്രൊഫസര്‍ &ഹെഡ്, കന്നുകാലി ഗവേഷണ കേന്ദ്രം, കേരള വെറ്ററിനറി & അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി, തിരുവാഴാംകുന്ന്, പാലക്കാട് 678 601

ലോകത്തില്‍ ഏറ്റവും കൂടുതല്‍ എരുമകളുള്ള രാജ്യം ഇന്ത്യയാണ്. ഇന്ത്യയിലാണെങ്കില്‍ മൊത്തം പാലുല്‍പാദനത്തിന്റെ ഏറിയപങ്കും എരുമകളില്‍ നിന്നാണ്. എന്നാല്‍ കേരളത്തിലാകട്ടെ ദിനംപ്രതി എരുമകളുടെ എണ്ണം കുറഞ്ഞുവരുന്നു. അവസാന കണക്കുകളനുസരിച്ച് സംസ്ഥാനത്ത് ഏകദേശം 60000 എരുമകളേ ഉള്ളു. പശുക്കളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എരുമകളുടെ സവിശേഷതകളും അവയുടെ പരിപാലനരീതികളും പരിശോധിക്കാം. 

പൊതുവെ പറഞ്ഞാല്‍ എരുമകള്‍ക്ക് പശുക്കളെക്കാള്‍ വലുപ്പവും ശരീരഭാരവും കൂടുതലാണ്. ഇവയുടെ പോഷകങ്ങളുടെ ആവശ്യകതയും പശുക്കളേക്കാള്‍ അധികമാണ്. ഒരു എരുമക്കുട്ടിക്ക് ജനനസമയത്ത് 40 കിലോഗ്രാമിനടുത്ത് ശരീരഭാരമുണ്ടായിരിക്കും. ഇവയുടെ ശരീരഭാരം കൂടി ഏകദേശം 4 മാസമാകുമ്പോഴേക്കും നൂറു കിലോഗ്രാമിനടുത്ത് തൂക്കമുണ്ടാകും.

എരുമകളുടെ ജനുസ്‌സുകള്‍
ഇന്ത്യയാണ് എരുമകളുടെ ഉത്ഭവസ്ഥാനം. ഇന്ന് 12 എരുമജനുസ്‌സുകളെ അംഗീകരിച്ചിട്ടുണ്ട്. ഇതില്‍ത്തന്നെ കേരളത്തില്‍ ലഭ്യമാകുന്നത് രണ്ടു ജനുസ്‌സുകളാണ്.

മുറ
ലോകത്തിലെ എരുമകളില്‍ ഏറ്റവും ഉല്പാദനശേഷിയുള്ള ഇനമാണ് മുറ എരുമകള്‍. ഇവയുടെ പ്രത്യേകത കടും കറുപ്പ് നിറവും, വളഞ്ഞ കൊമ്പുകളുമാണ്. വളരെ ചുരുണ്ട ഈ കൊമ്പുകള്‍ ചിലപ്പോള്‍ വിരല്‍പോലും കടക്കാന്‍ കഴിയാത്തവിധം ചുരുളായിരിക്കും. വാലിന്റെ അറ്റത്ത് വെളുപ്പുനിറവും ഈ ജനുസ്‌സിന്റെ ഒരു സ്വഭാവമാണ്. ഈ എരുമകള്‍ക്ക് ചിലപ്പോള്‍ നെറ്റിയില്‍ വെളുത്ത പാണ്ടുാകാറുണ്ട്. ഹരിയാനയാണ് ഇവയുടെ ഉത്ഭവസ്ഥാനം. നല്ല മുറ എരുമകള്‍ക്ക് 20 ലിറ്ററിനുമേല്‍ ദിനംപ്രതി പാലുല്പാദിപ്പിക്കാന്‍ കഴിയും.

മുറ എരുമകളുടെ ഒരു പ്രധാനപ്രശ്‌നം പ്രത്യുല്പാദന ക്ഷമതയാണ്. കേരളത്തിലെ കാലാവസ്ഥയില്‍ ഇവക്ക് മിക്കവാറും മദിലക്ഷണങ്ങള്‍ കാണാറില്ല. അതിനാല്‍ത്തന്നെ ഇക്കാര്യത്തില്‍ പ്രത്യേകശ്രദ്ധ ആവശ്യമാണ്.
മറ്റു എരുമകളുടെ ജനുസ്‌സുകളെ അപേക്ഷിച്ച് മുറ എരുമകള്‍ക്ക് കൂടുതല്‍ വെള്ളം ആവശ്യമാണ്. വെള്ളത്തില്‍ ദിവസവും രണ്ടോ മൂന്നോ മണിക്കൂര്‍ നേരം മുങ്ങിക്കിടക്കാനുള്ള സാഹചര്യമുണ്ടായാല്‍ അവയുടെ ഉല്പാദനവും വര്‍ദ്ധിക്കുന്നതായി കണ്ടിട്ടുണ്ട്.
ഈ പ്രശ്‌നങ്ങളുണ്ടെങ്കിലും ഇന്ത്യയിലെല്ലായിടത്തും മുറ എരുമകള്‍ക്ക് നല്ല സ്വീകാര്യതയുണ്ട്.

സൂര്‍ത്തി എരുമകള്‍
ഗുജറാത്തിലെ സൂര്‍ത്തി എരുമകള്‍ താരതമ്യേന വലുപ്പം കുറഞ്ഞവയാണ്. അരിവാളുപോലെ വളഞ്ഞ കൊമ്പുകള്‍ ഇവയുടെ പ്രത്യേകതയാണ്. സൂര്‍ത്തി പോത്തുകളേയാണ് പണ്ടുകാലത്ത് കേരളത്തില്‍ പ്രജനനത്തിനായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ പാലുല്‍പാദനശേഷി കുറവായതിനാല്‍ ഇവയെമാറ്റി മുറപോത്തുകളുടെ ബീജമാണ് ഇന്ന് ഉപയോഗിക്കുന്നത്.

സൂര്‍ത്തി എരുമകള്‍ക്ക് ഉല്പാദനം കുറവാണെങ്കിലും പ്രത്യുല്പാദനക്ഷമത വളരെ കൂടുതലാണ്. ചെറിയ ശരീരവും ഇവയെ കര്‍ഷകര്‍ക്ക് പ്രിയമുള്ളതാക്കുന്നു. ഇന്ത്യയിലെ ധവളവിപ്ലവത്തിന് ഏറ്റവും വലിയ സംഭാവന അമുല്‍ പ്രസ്ഥാനത്തിന്റേതാണ്. അവിടത്തെ പ്രധാന പാലുല്പാദകര്‍ മെഹ്‌സന ജനുസ്‌സിലെ എരുമകളാണ്. ഇവ മുറ ഇനത്തിന്റെ ഉല്പാദനക്ഷമതയും സൂര്‍ത്തി ജനുസ്‌സിന്റെ പ്രത്യുല്പാദനക്ഷമതയും ഒത്തിണങ്ങിയ ജനുസ്‌സാണ്. ഇതിനെ മുറജനുസ്‌സിന്റേയും സൂര്‍ത്തിജനുസ്‌സിന്റേയും സങ്കരപ്രജനനത്തിലൂടെയാണ് ഉരുത്തിരിച്ചെടുത്തത്.

ജാഫറബാഡി
ഗുജറാത്തില്‍നിന്നുള്ള ഈ ഇനം എരുമകളാണ് ശരീരഭാരത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലുപ്പമുള്ളവ. 1000 കിലോഗ്രാമോളം വലുപ്പമുള്ള പോത്തുകള്‍ ലഭ്യമാണ്. ഉല്പാദനശേഷിയും കൂടുതലാണ്. കേരളത്തില്‍ ഇവ ലഭ്യമല്ല.

പരിപാലനരീതികള്‍
എരുമകള്‍ക്ക് ചൂടും തണുപ്പും താങ്ങാനുള്ള കഴിവ് പശുക്കളേക്കാള്‍ കൂടുതലാണ്. ഇവക്ക് ശരീരത്തില്‍ വിയര്‍പ്പ്ഗ്രന്ഥികളില്ലാത്ത കാരണം ചൂടുകാലത്ത് വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത് വളരെ പ്രയോജനം ചെയ്യും. ഇതിനു സാദ്ധ്യമല്ലെങ്കില്‍ ഇടയ്ക്കിടെ വെള്ളം നനച്ചുകൊടുക്കുന്നത് നന്നായിരിക്കും.

എരുമകളുടെ തൊഴുത്തില്‍ പശുക്കളെ അപേക്ഷിച്ച് കൂടുതല്‍ സ്ഥലം നല്‍കണം. കിടാങ്ങളെ സാധാരണയായി എരുമകളോടൊപ്പമാണ് പാര്‍പ്പിക്കാറുള്ളത്. ഫാമുകളില്‍ ആദ്യ ദിവസം തന്നെ കുട്ടികളെ തള്ളയില്‍നിന്നും പിരിക്കാറുണ്ടെങ്കിലും കര്‍ഷകന്‍ കുട്ടികളെ വിട്ടിട്ടാണ് പാല്‍ ചുരത്തിക്കാറുള്ളത്. പശുക്കളേക്കാള്‍ മാതൃഗുണം കൂടുതലുള്ളതിനാല്‍ എരുമകള്‍ക്ക് ഇത് കൂടുതല്‍ അഭികാമ്യമാണ്.

പോഷണം
എരുമയുടെ പാലില്‍ കൂടുതല്‍ കൊഴുപ്പും മറ്റു ഖരപദാര്‍ത്ഥങ്ങളും ഉണ്ട്. അതിനാല്‍ ഇവയുടെ ഉല്പാദനത്തിനനുസരിച്ച് കൂടുതല്‍ തീറ്റ നല്‍കണം. ഓരോ രണ്ടു കിലോഗ്രാം പാലിനും ഒരു കിലോഗ്രാം നിരക്കില്‍ ഉല്പാദനത്തിനുള്ള സാന്ദ്രീകൃതാഹാരം നല്‍കണം. ഇതുകൂടാതെ 6 മാസം ചെനയാകുമ്പോള്‍ ഒരു കിലോഗ്രാം അധികതീറ്റ നല്‍കണം. വളരെ പരുക്കനായ തീറ്റയും ഇവക്ക് കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയും. ആയതിനാല്‍ പശുക്കള്‍ക്ക് നല്‍കാന്‍ കഴിയാത്ത പരുഷാഹാരങ്ങളും എരുമകള്‍ക്ക് നല്‍കാം. ഒരു ദിവസം പൂര്‍ണ്ണവളര്‍ച്ചയെത്തിയ മുറ എരുമകള്‍ക്ക് ഏകദേശം 50 കിലോഗ്രാമിനടുത്ത് പുല്ല് ആവശ്യമാണ്.

പ്രത്യുല്‍പാദനം
മൂന്നുമാസം പ്രായത്തോടെയാണ് എരുമക്കിടാരികള്‍ പ്രത്യുല്‍പാദനക്ഷമമാകുന്നത്. 4 വയസോടെ അദ്യപ്രസവം നടക്കണം. ഈ സമയത്ത് ഇവക്ക് ഏകദശം 400 കിലോഗ്രാമിനടുത്ത് ശരീരഭാരമുാകണം. ഗര്‍ഭകാലം 300 ദിവസമാണ്. പ്രസവത്തിനുശേഷം ഏകദേശം 90 ദിവസത്തിനും 120 ദിവസത്തിനും ഇടയില്‍ അടുത്ത മദിലക്ഷണങ്ങള്‍ കാണിക്കും. രണ്ടു പ്രസവങ്ങള്‍ തമ്മില്‍ ഏകദേശം 15 മുതല്‍ 18 മാസം കാലമുണ്ടാകും. മദിയുടെ ലക്ഷണങ്ങള്‍ ഇവയില്‍ പശുക്കളേപോലെ പ്രകടമല്ല. അതിനാല്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളം പ്രത്യക ശ്രദ്ധ ആവശ്യമാണ്. മദിയുടെ ദൈര്‍ഘ്യം 18-24 മണിക്കൂര്‍ സമയമാണ്. ഓരോ മദിചക്രവും 18 മുതല്‍ 24 ദിവസംവരെ നീണ്ടതാണ്.

ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങള്‍:
എരുമകള്‍ പശുക്കളെ അപേക്ഷിച്ച് പെട്ടെന്നുതന്നെ പേടിക്കുന്ന പ്രകൃതിയുള്ള മൃഗങ്ങളാണ്. ഇവയെ കൈകാര്യം ചെയ്യുമ്പോള്‍ വളരെ ശ്രദ്ധ ആവശ്യമാണ്. ചെറിയ ചെറിയ മാറ്റങ്ങള്‍പോലും ഇവയുടെ പാലുല്‍പാദനത്തെ ബാധിക്കും. കറവക്കാരന്‍ മാറിയാലും കറവസമയം മാറിയാലും കറക്കുന്ന സ്ഥലം മാറിയാലും ഇവയുടെ ഉല്‍പാദനത്തില്‍ കുറവുവരാം. എരുമകള്‍ സാധാരണയായി അവരെ പരിപാലിക്കുന്നവരുമായി നന്നായി ഇണങ്ങും. അതിനാല്‍ത്തന്നെ ഇവക്ക് മൂക്കുകയര്‍പോലും ഇടേണ്ടകാര്യമില്ല.

മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ എരുമവളര്‍ത്തല്‍ പ്രോല്‍സാഹിപ്പിക്കാനുള്ള നടപടികള്‍ എടുക്കുന്നുണ്ട്. ഓരോ പഞ്ചായത്തിലും വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. എരുമപ്പാലിന്റെ ഉയര്‍ന്ന മൂല്യത്തിനുകാരണം അതിലെ അധികം കൊഴുപ്പും മറ്റു ഖരപദാര്‍ത്ഥങ്ങളുമാണ്. ഇവയുടെ സാന്നിദ്ധ്യംകൊണ്ട് എരുമപ്പാലിന് പശുവിന്‍പാലിനേക്കാള്‍ പോഷകമൂല്യം കൂടുതലാണ്. പാലുല്‍പന്നങ്ങള്‍ ഉണ്ടാക്കാനും എരുമപ്പാല്‍ അനുയോജ്യമാണ്. സാധാരണയായി പശുവിന്‍ പാലിന്റെ വിലയേക്കാള്‍ 30%-50% വില എരുമപ്പാലിന് കൂടുതലായി ലഭിക്കുന്നു. കേരള വെറ്ററ്ററിനറി സര്‍വ്വകലാശാലയുടെ കീഴിലുള്ള തിരുവാഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സഹായത്തോടെ എരുമകളുടെ നെറ്റ്‌വര്‍ക്ക് പദ്ധതി നടപ്പിലാക്കുന്നു. 2009ല്‍ തുടങ്ങിയ ഈ ഗവേഷണ പദ്ധതിയില്‍ ഇന്ത്യയിലെ ഏറ്റവും നല്ല എരുമജനുസ്‌സായ മുറ ഇനത്തില്‍പ്പെട്ട എരുമകളെ അവയുടെ ഉത്ഭവസ്ഥാനമായ ഹരിയാനയില്‍നിന്നും കൊണ്ടുവന്ന് പോറ്റിവളര്‍ത്തുന്നു. കേരളത്തിലെ കാലാവസ്ഥയില്‍ ഇവയുടെ ഉല്പാദനക്ഷമതയും പ്രത്യുല്പാദനക്ഷമതയും പഠിക്കുന്നതോടൊപ്പം കേന്ദ്ര എരുമ ഗവേഷണ സ്ഥാപനത്തിന്റെ ഉയര്‍ന്ന മൂല്യമുള്ള പോത്തുകളുടെ ബീജവും ഉപയോഗിക്കുന്നു.

പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയിലും ഈ ഗവേഷണ പദ്ധതി തുടരാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. പന്ത്രണ്ടാം പദ്ധതിയില്‍ 5 കോടിയില്‍പരം രൂപയുടെ അടങ്കല്‍ പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ എരുമവളര്‍ത്തുന്ന കര്‍ഷകരെ ഈ പദ്ധതിയുമായി ബന്ധിപ്പിക്കാനും അതുവഴി അവര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കാനും സാധിക്കും. കേരളത്തില്‍ എരുമവളര്‍ത്തലിനുള്ള സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി ഈ വ്യവസായത്തിന്റെ പുരോഗതിക്കായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം.

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS