മൃഗസംരക്ഷണമേഖലയില്‍ കന്നുകാലികള്‍, കോഴികള്‍ എന്നിവയ്ക്ക് അവയുടെ പ്രാകൃത്യാലുള്ള സ്വഭാവസവിശേഷതകള്‍ നിലനിറുത്താനാവുന്ന രീതിയില്‍ പരിചരണം ആവശ്യമാണ്. ഇത് അവയുടെ ഉത്പാദനക്ഷമതയെ സ്വാധിനിക്കും. ജൈവകൃഷി തുടങ്ങുന്നതിനു മുമ്പ് എല്ലാ ഘട്ടങ്ങളിലും സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്. കന്നുകാലിവളര്‍ത്തലില്‍ ഫാം മുഴുവനായി ജൈവകൃഷിയ്ക്ക് പരിവര്‍ത്തനം ചെയ്യാന്‍ കുറഞ്ഞത് മൂന്നുവര്‍ഷം വേണ്ടി വരും. വേണ്ടത്ര വായുസഞ്ചാരം, അമിത സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷണം, തൊഴുത്തില്‍ ആവശ്യത്തിന് സ്ഥലസൗകര്യം, യഥേഷ്ടം ശുദ്ധജലം എന്നിവ അത്യന്താപേക്ഷിതമാണ്. താറാവ്, കോഴി, മുയല്‍ എന്നിവയെ കൂടുകളില്‍ (Cages) പാര്‍പ്പിക്കരുത്. കാലിത്തീറ്റയായി നല്‍കുന്ന തീറ്റപ്പുല്ല്, പ്രാകൃതിക പുല്‍വര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്ക് കീടനാശിനികള്‍, കളനാശിനികള്‍, രാസവളങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കരുത്. ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. കൂട്ടത്തോടെ ജീവിക്കുന്ന മൃഗങ്ങളെ വെവ്വേറെ കൂടുകളില്‍ പാര്‍പ്പിക്കരുത്. ജൈവകൃഷിയുടെ നിബന്ധനകള്‍ പാലിച്ചു കഴിഞ്ഞാല്‍ ജൈവോല്പന്നങ്ങള്‍ വില്‍പ്പന നടത്താം.
മൃഗചികിത്സ നടത്തുമ്പോള്‍ ജൈവസംരംഭങ്ങളില്‍ ഹോര്‍മോണുകള്‍, വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഘടകങ്ങള്‍ എന്നിവ ഉപയോഗിക്കരുത്. അടിയന്തിരഘട്ടങ്ങളില്‍, രോഗഭീഷണി നിലവിലുണ്ടെങ്കില്‍ മാത്രമേ വാക്‌സിനുകള്‍ ഉപയോഗിക്കാവൂ. ആയുര്‍വേദ, ഹോമിയോ, യുനാനി മരുന്നുകള്‍ ഉപയോഗിക്കാം. അക്യുപങ്ചര്‍ ചികിത്സയും അനുവര്‍ത്തിക്കാം. വെറ്ററിനറി മരുന്നുകള്‍ അത്യാവശ്യ ഘട്ടത്തില്‍ മാത്രമേ ഉപയോഗിക്കാവൂ. ഇവ ഉപയോഗിക്കുമ്പോള്‍ ഉത്പന്നങ്ങള്‍ക്ക് Withholding Period ആവശ്യമാണ്.
കടമ്പകളേറെ
മൃഗസംരക്ഷണമേഖലയില്‍ ജൈവകൃഷിയ്ക്ക് കടമ്പകളേറെയാണ്. ജൈവോത്പന്നങ്ങള്‍ക്ക് വിദേശരാജ്യങ്ങളില്‍ സാധ്യതയുണ്ടെങ്കിലും വികസിതരാജ്യങ്ങളിലെ ആവശ്യത്തിനനുസരിച്ച് വികസ്വര രാജ്യങ്ങള്‍ ഉത്പാദന പ്രക്രീയയില്‍ മാറ്റം വരുത്തുന്നത് ആഭ്യന്തര ഉത്പാദനം കുറയാനിടവരുത്തും. ജൈവകൃഷിയില്‍ ഉത്പാദനക്ഷമത തന്മൂലം തുലോം കുറവാണ്. ജൈവകൃഷി സംരംഭങ്ങള്‍ ലാഭകരമാക്കാന്‍ വിളകള്‍ക്ക് മികച്ച വില ലഭിക്കേണ്ടതുണ്ട്. വികസിതരാജ്യങ്ങളില്‍ Organic Products- നോടുള്ള താത്പര്യം മനസ്സിലാക്കി വികസ്വര രാജ്യങ്ങള്‍ രാജ്യാന്തര വിപണിയിലേക്ക് ഉത്പന്നങ്ങള്‍ ലഭ്യമാക്കി വരുന്നു. എന്നാല്‍ 5% താഴെ കര്‍ഷകരുള്ള വികസിത രാജ്യങ്ങള്‍ ജൈവകൃഷി താത്പര്യപ്പെടുന്നതുപോലെ 75% ത്തോളം കര്‍ഷകരുള്ള ഇന്ത്യ ജൈവകൃഷിയിലേക്ക് തിരിയുന്നത് ഭക്ഷ്യസുരക്ഷിതത്വത്തെ പ്രതികൂലമായി ബാധിക്കും.
എന്നാല്‍ നമ്മുടെ നാട്ടില്‍ നിലവിലുള്ള പരമ്പരാഗത കൃഷിസംരംഭങ്ങള്‍ ജൈവകൃഷിമേഖലയിലേക്കു മാറ്റുന്നതാണ് എളുപ്പം. രാജ്യാന്തര വിപണിയിലെ താത്പര്യങ്ങള്‍ക്കനുസരിച്ച് മാതൃകാപരമായ രീതിയില്‍ ചെറിയൊരു ശതമാനം കൃഷിരീതികള്‍ പരമ്പരാഗത ശൈലിയില്‍ നിന്നും ജൈവകൃഷിയിലേക്ക് മാറ്റുന്നതാണ് കരണീയം.
ജൈവകൃഷി പരിസ്ഥിതിക്കിണങ്ങിയതായതിനാല്‍ സ്ഥായിയായ കാര്‍ഷിക ആവാസ വ്യവസ്ഥ വികസിപ്പിച്ചെടുക്കുവാന്‍ ഏറെ സഹായകമാണ്.
വിപണിയില്‍ ലഭിക്കുന്ന ജൈവോത്പന്നങ്ങള്‍ പൂര്‍ണ്ണമായും ജൈവീകം ആയിരിക്കണമെന്നില്ല. എത്ര ശതമാനം ഓര്‍ഗാനിക് ആണെന്ന് ലേബലില്‍ പ്രത്യേകം കാണിച്ചിരിക്കും. പരമ്പരാഗത കൃഷിരീതിയില്‍ നിന്നും ജൈവകൃഷിയിലേക്കുള്ള മാറ്റത്തിന് ഏതാണ്ട് രണ്ടു വര്‍ഷത്തോളം സമയം വേണ്ടി വരും. ഇത് Conversion Period എന്ന പേരിലറിയപ്പെടുന്നു. ഏതൊരു ജൈവകൃഷിയിലും ഒഴിച്ചു കൂടാന്‍ പറ്റാത്ത ഘടകമാണ് കന്നുകാലിവളര്‍ത്തല്‍. ജൈവകൃഷിയില്‍ മികച്ച ജൈവവളം ചാണകം തന്നെയാണ്.
മൃഗസംരംക്ഷണമേഖലയില്‍ ജൈവകൃഷി ശ്രമകരമാണെന്ന് സൂചിപ്പിച്ചല്ലോ. പ്രജനനം, പരിചരണം, തീറ്റക്രമം, രോഗനിയന്ത്രണം എന്നിവയ്ക്ക് അനുയോജ്യമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം. പരിസ്ഥിതിക്കിണങ്ങിയ, അതാത് സ്ഥലത്ത് വളര്‍ത്താന്‍ യോജിച്ച ഇനങ്ങളെ മാത്രമേ ജൈവകൃഷിയില്‍ വളര്‍ത്താവൂ. ജന്തുക്കള്‍ക്കൊരുക്കുന്ന പാര്‍പ്പിടത്തില്‍ ആവശ്യത്തിന് സ്ഥലസൗകര്യമുണ്ടായിരിക്കണം. ഉദാഹരണമായി ജൈവപാല്‍ ഉത്പാദിപ്പിക്കാന്‍ ഓര്‍ഗാനിക് ഡയറി ഫാം തുടങ്ങുമ്പോള്‍ ഒരു ഹെക്ടറില്‍ 1.8 എന്ന തോതില്‍ മാത്രമേ കന്നുകാലികള്‍ പാടുള്ളൂ. പശുവിന് തൊഴുത്തില്‍ 6 ചതുരശ്ര മീറ്റര്‍ സ്ഥല സൗകര്യം വേണം വ്യായാമത്തിന് മൂന്നു ചതുരശ്രമീറ്റര്‍ അധികമായി വേണം. വിത്തുകാളകള്‍ക്ക് 10 ചതുശ്ര മീറ്റര്‍ സ്ഥലവിസ്തൃതിയും 30 ചതുരശ്രമീറ്റര്‍ വ്യയാമത്തിനുള്ള നടസ്ഥലവും ആവശ്യ മാണ്.
കിടാരികള്‍ക്ക് തൊഴുത്തില്‍ 1.5 ചതുരശ്രമീറ്റര്‍ എന്ന തോതില്‍ സ്ഥലം വേണം. ടര്‍ക്കി, താറാവ്, അരയന്നം എന്നിവയെ ജൈവകൃഷി സംരംഭത്തില്‍ കൂട്ടില്‍ വളര്‍ത്താന്‍ യഥാക്രമം 2,10,2 ചതുരശ്ര മീറ്റര്‍ സ്ഥലം ആവശ്യമാണ്.
കൂട്ടില്‍ യഥേഷ്ടം വായുസഞ്ചാര സൗകര്യം വേണം. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ച് സംരക്ഷണം ലഭിക്കത്തക്കവിധം കൂടുകള്‍ നിര്‍മ്മിക്കണം. യഥേഷ്ടം ശുദ്ധജലം ആവശ്യമാണ്. പ്രകൃത്യാലുള്ള സ്വഭാവ സവിശേഷതകള്‍ അനുവര്‍ത്തിക്കാനുള്ള സൗകര്യവും ഒരുക്കണം.
ശ്രദ്ധിക്കുക
ജൈവകൃഷിയില്‍ നിന്നുള്ള ജന്തുജന്യ ഉത്പന്നങ്ങള്‍ ജൈവകൃഷി തുടങ്ങിയാല്‍ ജൈവോത്പന്നങ്ങളായി വിപണനം നടത്താം. ലേബലില്‍ Conversion Period ലാണെന്ന് പ്രത്യേകം വ്യക്തമാക്കിയിരിക്കണം.
ജൈവകൃഷിയ്ക്കായി കൊണ്ടുവരേണ്ട മൃഗങ്ങളുടെയും പക്ഷികളുടെയും പ്രായം ചുവടെ ചേര്‍ക്കുന്നു.
a) ഇറച്ചിക്കോഴി കുഞ്ഞുങ്ങള്‍ 2 ദിവസം പ്രായത്തില്‍
b) മുട്ടക്കോഴി - 18 ആഴ്ച പ്രായത്തില്‍
c) താറാവ്, ടര്‍ക്കി - 2 ആഴ്ച പ്രായത്തില്‍
d) പന്നിക്കുഞ്ഞുങ്ങള്‍ - 6 ആഴ്ച പ്രായത്തില്‍
e) കന്നുകുട്ടികള്‍ - 4 ആഴ്ച പ്രായത്തില്‍
സര്‍ട്ടിഫിക്കേഷന്‍ രീതികള്‍ പരമാവധി 5 വര്‍ഷങ്ങള്‍ക്കകം പൂര്‍ത്തിയാക്കേണ്ടതാണ്.
ജൈവകൃഷിയില്‍ കൃത്രിമ ബീജസംയോജനം പ്രാവര്‍ത്തികമാക്കാം. ഹോര്‍മോണുകള്‍, ജനിതകവ്യതിയാനം വഴി ഉരുത്തിരിച്ചെടുത്ത ജനുസ്സുകള്‍ എന്നിവ അനുവദനീയമല്ല.
100% ജൈവകൃഷിയിലൂടെ വളര്‍ത്തിയ തീറ്റ മാത്രമേ കന്നുകാലികള്‍ക്ക് നല്‍കാവൂ.
വളര്‍ച്ച ത്വരിതപ്പെടുത്തുന്ന വസ്തുക്കള്‍ (growth promoters, stimulants) എന്നിവ ഉപയോഗിക്കരുത്. പ്രകൃത്യാലുള്ള വിറ്റാമിനുകളും ധാതുലവണങ്ങളും മാത്രമേ ഉപയോഗിക്കാവൂ. സാംക്രമിക രോഗങ്ങള്‍ക്കെതിരായുള്ള പ്രതിരോധ കുത്തിവെയ്പുകള്‍ നല്കാവുന്നതാണ്. ചികിത്സക്കായി ഹെര്‍ബല്‍, ഹോമിയോ, ആയുര്‍വേദ, യുനാനി മരുന്നുകളും, അക്യുപംക്ചര്‍ രീതികളും അവലംബിക്കാം. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുത്. ആന്റിബയോട്ടിക്കുകള്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഉത്പന്നങ്ങള്‍ക്ക് Double withdrawal period അതായത് നിഷ്‌കര്‍ഷിക്കുന്നതിന്റെ ഇരട്ടിക്കാലയളവ് ഉപയോഗിക്കരുത്. കൂടാതെ ലേബലില്‍ ഉപയോഗക്രമം രേഖപ്പെടുത്തുകയും വേണം.
ഇറച്ചി സംസ്‌കരണ പ്രക്രിയയില്‍ കശാപ്പിനുള്ള മൃഗങ്ങളെ വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ യഥേഷ്ടം ശുദ്ധജലം കൊടുക്കണം. ആവശ്യത്തിന് വിശ്രമവും നല്‍കണം. സ്‌ട്രെസ്സുളവാക്കുന്ന കാര്യങ്ങള്‍ ഉപയോഗിക്കണം. ഒരു മൃഗത്തെ അറവു പ്രക്രിയയ്ക്ക് വിധേയമാക്കുമ്പോള്‍ മറ്റു മൃഗങ്ങള്‍ കാണരുത്. കന്നുകാലി കളെ അറവുശാലയില്‍ എത്തിക്കാന്‍ 8 മണിക്കൂറില്‍ കൂടുതല്‍ സമയം എടുക്കരുത്. മയക്കുമരുന്നുകള്‍ (tranquilizers) ഉപയോഗിക്കരുത്.
തൊഴുത്തും കൂടും പരിസരവും ശുചിയാക്കാന്‍ സോഡിയം ഹൈപ്പോക്ലോറൈറ്റ് , സോഡിയം ഹൈഡ്രോക്‌സൈഡ്, നീരാവി, ഫോര്‍മലിന്‍, അമ്ലങ്ങള്‍, സസ്യജന്യ കാര്‍ബണിക അണുനാശിനികള്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ്, സോഡിയം കാര്‍ബണേറ്റ്, പൊട്ടാസ്യം സോപ്പ്, സോഡിയം സോപ്പ് മുതലായവ ഉപയോഗിക്കാം.
കേരളത്തില്‍ അടുക്കളമുറ്റത്തെ കോഴി, താറാവ്, ടര്‍ക്കി വളര്‍ത്തലില്‍ ജൈവകൃഷി വളരെ ഫലപ്രദമായി പ്രാവര്‍ത്തികമാക്കാം. കാലാവസ്ഥയ്ക്കിണങ്ങിയ കോഴികളെ വളര്‍ത്തണം. ഇതിലൂടെ ലഭിക്കുന്ന ജൈവ മുട്ടകള്‍ക്ക് (Organic eggs) ആവശ്യക്കാര്‍ ഏറെയാണ്. വലിയ മുതല്‍മുടക്കില്ലാതെ ഈ പ്രക്രിയ നടപ്പിലാക്കാം. രോഗനിയന്ത്രണത്തിനായി കോഴികള്‍ക്ക് വാക്‌സിന്‍ നല്‍കാവുന്നതാണ്.
ഇറച്ചിക്കോഴി, ഇറച്ചിത്താറാവ്, ടര്‍ക്കി മൂരിക്കുട്ടി വളര്‍ത്തല്‍ എന്നിവയിലും ജൈവകൃഷി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാം. ജൈവകൃഷിയില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുചിത്വവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
ജൈവ ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ ഓര്‍ഗാനിക് ആണെന്നത് ലേബലില്‍ രേഖപ്പെടുത്തിയിരിക്കണം. സര്‍ട്ടിഫിക്കേഷന്‍ ഇല്ലാതെ ജൈവ ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്നത് ശിക്ഷാര്‍ഹമാണ്. ജൈവകൃഷിയ്ക്ക് സാക്ഷ്യപത്രം നല്‍കുന്ന നിരവധി സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സികളുണ്ട്. അവയില്‍ ചിലത് :
1) Association for Promotion of Organic Farming, Bangalore
2) Bio Inspector, Switzerland
3) Indian Organic Certification Agency. Indocert, Aluva, Kochi
4) SGS India Pvt. Limited, Gurgaon
5) Skal International, Netherlands, Bangalore
6) Naturland, Kochi
അക്രെഡിറ്റഡ് ഏജന്‍സികള്‍ സര്‍ട്ടിഫിക്കേഷന്‍ നടത്തിയാല്‍ മാത്രമേ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ പാടുള്ളൂ. മൃഗസംരക്ഷണമേഖലയില്‍ കടമ്പകളേറെയുള്ള ജൈവകൃഷി പരീക്ഷണാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കുന്നതാണ് നല്ലത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Centre for Bharatiya Marketing Development (CBMD) എന്ന ഏജന്‍സി ജൈവകൃഷി പ്രോതാസാഹിപ്പിച്ചു വരുന്നു. ജൈവ ഉത്പന്നങ്ങളില്‍ കീടനാശിനി, കളനാശിനി, വിഷാംശം ആന്റിബയോട്ടിക്കുകള്‍ മുതലായവ കുറവാകണമെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. എന്നാല്‍ രാജ്യത്തിന്റെ 1.13% ഭൂവിസ്തൃതിയുള്ള നമ്മുടെ സംസ്ഥാനത്ത് ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രമേ കൂടുതല്‍ സ്ഥലം പശുവളര്‍ത്തലിനായി കണ്ടെത്താന്‍ സാധിക്കൂ. തൊഴിലും ഉപജീവനമാര്‍ഗവുമായി പശുവളര്‍ത്തല്‍ മാറിക്കഴിഞ്ഞ ഇക്കാലത്ത് ഊര്‍ജിത ഉത്പാദന പ്രക്രിയകള്‍ ജൈവകൃഷിയാക്കി മാറ്റുക തീര്‍ത്തും അസാധ്യമാണ്.