മൽസ്യം
Back

വിണ്‍മിഴികളും കുമിളക്കണ്ണന്‍മാരും

ജതീഷ്. പി

ബലൂണ്‍പോലെ വീര്‍ത്ത കണ്ണുകളുള്ള ഈ സ്വര്‍ണ്ണമത്സ്യത്തെക്കുറിച്ച്, രണ്ടു തരത്തില്‍ ചിന്തിക്കുന്ന ഹോബിയിസ്റ്റുകളേ നിലവിലുള്ളൂ: അങ്ങയറ്റം ഇഷ്ടപ്പെടുന്നവരും, അങ്ങേയറ്റം വെറുക്കുന്നവരും. ഇങ്ങനെ പരസ്പരവിരുദ്ധങ്ങളായ രണ്ടഭിപ്രായങ്ങള്‍ക്കും കാരണം, ഈ മത്സ്യങ്ങളുടെ ബലൂണ്‍കണ്ണുകള്‍ തന്നെ! കേരളത്തിലെ അക്വേറിയം കടകളില്‍ സാധാരണ കാണപ്പെടുന്ന ബ്ലാക്ക് മൂറുകളുടെ സ്വര്‍ണ്ണവര്‍ണ്ണമുള്ള വകഭേദങ്ങളായിട്ടാണ്, പലരും ഈയിനങ്ങളെ കാണുന്നത്. എന്നാല്‍ വിണ്‍മിഴികളും, കുമിളക്കണ്ണന്‍മാര്‍ എന്ന ബബിള്‍ ഐസ് (Bubble eye goldfish) മത്സ്യങ്ങളും, വ്യത്യസ്തയിനങ്ങള്‍ തന്നെയാണ്.

ഇരട്ടവാലന്മാരായ (doubletailed) ഫാന്‍സി സ്വര്‍ണ്ണമത്സ്യങ്ങളാണ് വിണ്മിഴികള്‍ അഥവാ സെലെസ്റ്റിയല്‍ ഐസ് (Celestial eye goldfish). മഞ്ഞകലര്‍ന്ന സ്വര്‍ണ്ണനിറം മുതല്‍ ചെമപ്പും വെള്ളയും കറുപ്പും പുള്ളികളുള്ള വിണ്മിഴികള്‍ വരെ, ഇന്ന് വിപണിയില്‍ ലഭ്യമാണ്. കണ്ണുകളിലാണ് പ്രത്യേകത. ബ്ലാക്ക് മൂറിനെപ്പോലെ റ്റെലെസ്‌കോപ്പിക്കാണ് കണ്ണുകളെങ്കിലും, നോട്ടം ആകാശത്തേക്കാണ്! ചൈനയില്‍ ചൊട്ടന്‍ ഗാന്‍ എന്നറിയപ്പെടുന്ന ഈ മത്സ്യങ്ങള്‍ക്ക്, ചെറുപ്രായത്തില്‍ മറ്റു സ്വര്‍ണ്ണമത്സ്യയിനങ്ങളുമായി പറയത്തക്ക വ്യത്യാസങ്ങളൊന്നുമില്ല. എന്നാല്‍ വിരിഞ്ഞിറങ്ങി ആറു മാസങ്ങള്‍ക്ക് ശേഷം കൃഷ്ണമണികള്‍ മുകളിലേക്ക് നോക്കിത്തുടങ്ങും. വിവിധവര്‍ണ്ണങ്ങളോടു കൂടിയ മെറ്റാലിക് ചെതുമ്പലുകള്‍ ആകര്‍ഷകമാക്കുന്ന ശരീരമുണ്ടെങ്കിലും, കാഴ്ചശക്തി വളരെ കുറവാണ് വിണ്മിഴികള്‍ക്ക്. ചൈനക്കാരുടെയും കൊറിയക്കാരുടെയും അഭിപ്രായത്തില്‍ മുതുചിറകുകളി (dorsal fin) ല്ലാത്തവയാണത്രെ യഥാര്‍ത്ഥ വിണ്മിഴികള്‍! വിണ്മിഴികളുമായി രൂപസാദൃശ്യമുള്ള അമേരിക്കന്‍ സ്വര്‍ണ്ണമത്സ്യങ്ങളാണ് തവളത്തലയന്മാര്‍ (Frog head goldfish). പക്ഷെ ഇവയുടെ കണ്ണുകള്‍ വിണ്മിഴികളെ അപേക്ഷിച്ച് വലിപ്പം കുറഞ്ഞവയാണ്.

ബ്ലാക്ക് മൂര്‍ പോലുള്ള റ്റെലെസ്‌കോപ്പിക് കണ്ണന്‍മാരായ സ്വര്‍ണ്ണമത്സ്യങ്ങളില്‍നിന്ന്, ക്രമാനുഗതപ്രജനനഫലമായി ചൈനയിലോ കൊറിയയിലോ ഉരുത്തിരിച്ചെടുക്കപ്പെട്ടവയാണ്, വിണ്മിഴികള്‍. ചൈനയില്‍ നിന്ന് കണ്ടെടുത്ത, പതിനേഴാം നൂറ്റാണ്ടില്‍ സൃഷ്ടിക്കപ്പെട്ട ചില ലിഖിതങ്ങളില്‍ ഈയിനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജപ്പാനിലെത്തിയ ഈയിനം, അല്പകാലം കൊണ്ടുതന്നെ ഡെമി റാഞ്ചു എന്ന പേരില്‍ ഏറെ പ്രശസ്തമായി. രണ്ടാം ലോകമഹായുദ്ധം വരെ, ജപ്പാനില്‍ നിന്നാണ് വിണ്മിഴികളെ മറ്റു രാജ്യങ്ങള്‍ ഇറക്കുമതി ചെയ്തത്. പക്ഷെ ഇന്ന്, ഈയിനത്തെ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത് ചൈനയാണ്. വിണ്മിഴികളോടുള്ള ആരാധനമൂലം അവയുടെ പടമുള്ള സ്റ്റാമ്പുകള്‍ പുറത്തിറക്കുകവരെ ചെയ്തു, ചൈനക്കാര്‍.

കുമിളക്കണ്ണന്‍മാരാകട്ടെ, പത്തൊന്‍പതാം നൂറ്റാണ്ടില്‍ മാത്രം ആവിര്‍ഭവിച്ച സ്വര്‍ണ്ണമത്സ്യങ്ങളാണ്. വിണ്മിഴികളെപ്പോലെ ചൈനയിലാണ് ഇവയും ഉരുത്തിരിച്ചെടുക്കപ്പെട്ടത്. പിന്നീട് ജപ്പാനിലെത്തിയ ഇവ, സുയിഹോഗന്‍ എന്ന പേരിലറിയപ്പെട്ടു. ആറു മുതല്‍ എട്ടിഞ്ച് വരെ നീളം വെക്കുന്ന വിണ്മിഴികളെ അപേക്ഷിച്ച് വലിപ്പം കുറഞ്ഞവയാണ് കുമിളക്കണ്ണന്‍മാര്‍. കണ്ണുകളോട് ചേര്‍ന്ന് കാണുന്ന ദ്രാവകം നിറച്ച കുമിളകള്‍ മൂലം, ഇവയുടെയും സഞ്ചാരവും വാനം നോക്കിത്തന്നെ. ഈ ദ്രാവകത്തിന് വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള ശേഷിയുണ്ടെന്നും, മത്സ്യകോശങ്ങളെ കൃത്രിമമായി വളര്‍ത്തിയെടുക്കാന്‍ ഇതിനെ ഉപയോഗപ്പെടുത്താമെന്നും ഗവേഷകര്‍ കരുതുന്നു. വിണ്മിഴികളുടെ കണ്ണുകളോടൊപ്പം വലിയ വായുകുമിളകള്‍ ഒട്ടിച്ചു ചേര്‍ത്ത പ്രതീതിയാണ് കുമിളക്കണ്ണന്‍മാരെ കണ്ടാല്‍. ഒരേ വലിപ്പത്തിലും ആകൃതിയിലും നിറത്തിലുമുള്ള ഈ കുമിളകള്‍, മത്സ്യങ്ങളുടെ നീന്തലിനനുസരിച്ച് ഒരുമിച്ചു ചലിക്കുന്നവയുമാണ്. വിണ്മിഴികളെപ്പോലെ കുമിളക്കണ്ണന്‍മാരും മുതുചിറകില്ലാത്ത മത്സ്യങ്ങളാണ്. പക്ഷെ, കുമിളക്കണ്ണന്‍മാരുടെ ശരീരത്തിലെ മെറ്റാലിക് ചെതുമ്പലുകള്‍ കൂടുതല്‍ വര്‍ണ്ണാഭമാണ് (ചെമപ്പ്, നീല, കറുപ്പ്, ചോക്കളേറ്റ്, കാലികോ, വെള്ളയും ചുവപ്പും കലര്‍ന്നത്, ചുവപ്പും കറുപ്പും കലര്‍ന്നത്, വെള്ളയും കറുപ്പും കലര്‍ന്നത്). മാത്രമല്ല, കറുപ്പ് നിറത്തിലുള്ള ചെതുമ്പലുകള്‍ കാലക്രമേണ സ്വര്‍ണ്ണനിറത്തിലാകാറുമുണ്ട്.

മറ്റു സ്വര്‍ണ്ണമത്സ്യങ്ങളുടെ പരിപാലനരീതികളെല്ലാം വിണ്മിഴികള്‍ക്കും കുമിളക്കണ്ണന്‍മാര്‍ക്കും ബാധകമാണെങ്കിലും, ഇനി പറയുന്ന കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ വെക്കണം. ഈ രണ്ടു മത്സ്യങ്ങളും മൃദുനയനങ്ങളോടു കൂടിയവയും കാഴ്ചശക്തി കുറഞ്ഞവയുമാണ്. അതുകൊണ്ടു തന്നെ ചടുലമായി നീന്തുന്ന മറ്റിനം സ്വര്‍ണ്ണമത്സ്യങ്ങളോടൊപ്പം ഇവയെ വളര്‍ത്തരുത്. ഇത്തരം സാഹചര്യങ്ങളില്‍ മത്സരിച്ചു തീറ്റയെടുക്കാന്‍ ഇവക്കാകില്ല. മാത്രമല്ല, മറ്റു മത്സ്യങ്ങള്‍ ഇവയുടെ കണ്ണുകള്‍ക്ക് ക്ഷതമേല്‍പ്പിക്കാറുമുണ്ട്. കണ്ണുകള്‍ക്ക് പരിക്കുപറ്റുമെന്നതിനാല്‍ കൂര്‍ത്ത കല്ലുകള്‍, മൂര്‍ച്ചയേറിയ അരികുകളുള്ള അലങ്കാരവസ്തുക്കള്‍ തുടങ്ങിയവ അക്വേറിയത്തില്‍ നിന്നും ഒഴിവാക്കണം. ചെറുപ്രായത്തില്‍ കുമിളകള്‍ക്കേല്‍ക്കുന്ന ക്ഷതങ്ങള്‍, കാലക്രമേണ തനിയെ സുഖമാകാറുണ്ട്. പലപ്പോഴും പൊട്ടിപ്പോയ കുമിളകള്‍ വളര്‍ന്നുവരാറുമുണ്ട്. പക്ഷെ ഇങ്ങനെയുള്ള പുതിയ കുമിളകളുടെ ആകൃതിയും വലിപ്പവും ആദ്യത്തെപ്പോലെയാകണമെന്നില്ല. ഇത് മത്സ്യങ്ങളുടെ നീന്തലിനെ ബാധിക്കാം. മാത്രമല്ല, പ്രായം കൂടുന്തോറും പുനരുജ്ജീവനശേഷി കുറഞ്ഞുവരുന്നതിനാല്‍ ശരിയായ പരിപാലനരീതികളിലൂടെ, ഈ മത്സ്യങ്ങളുടെ കണ്ണുകള്‍ക്ക് ക്ഷതമേല്‍ക്കാതെ സൂക്ഷിക്കണം. വെള്ളത്തില്‍നിന്നും വലകൊണ്ടു കോരി പുറത്തെടുക്കുമ്പോള്‍ ഒരു കൈകൊണ്ട് കുമിളകള്‍ക്ക് താങ്ങ് നല്‍കിയില്ലെങ്കില്‍ ഭാരം മൂലം അവയ്ക്ക് പരിക്കുപറ്റാന്‍ സാധ്യതയുണ്ട്. ചെറിയ പോറലുകള്‍ പോലും കുമിളകളില്‍ ക്ഷതമേല്‍പ്പിക്കുകയും ഫംഗസ്, ബാക്റ്റീരിയ തുടങ്ങിയവമൂലമുള്ള അസുഖങ്ങള്‍ ബാധിക്കാന്‍ ഇടനല്കുകയും ചെയ്യും. പൊതുവെ പ്രശ്‌നക്കാരല്ലാത്ത ഗപ്പി മത്സ്യങ്ങള്‍ പോലും ചിലപ്പോള്‍ കുമിളകള്‍ കടിച്ചുപൊട്ടിക്കാന്‍ ശ്രമിക്കാറുണ്ട്. അതിനാല്‍ വിണ്മിഴികളും കുമിളക്കണ്ണന്‍മാരുമുള്ള ടാങ്കില്‍ ബ്ലാക്ക് മൂര്‍, പാന്‍ഡാ മൂര്‍, റ്റെലസ്‌കൊപ്പ് ഐസ് തുടങ്ങിയ മത്സ്യങ്ങളെ മാത്രം നിക്ഷേപിക്കുന്നതായിരിക്കും നല്ലത്. കുളത്തില്‍ വളര്‍ത്താന്‍ ഒട്ടും യോജിച്ചവയല്ല, ഈ മത്സ്യങ്ങള്‍. 18-19 ഡിഗ്രി സെല്‍ഷ്യസ് ആണ് ഏറ്റവും യോജിച്ച ജലോഷ്മാവ്. പ്രതിരോധശക്തിയെ ബാധിക്കുമെന്നതിനാല്‍ ജലോഷ്മാവിലെ പോടുന്നനെയുള്ള ഏറ്റക്കുറച്ചിലുകള്‍ ഒഴിവാക്കണം.

മറ്റ് സ്വര്‍ണ്ണമത്സ്യയിനങ്ങള്‍ക്ക് കൊടുക്കുന്ന അതേ ഭക്ഷണം തന്നെ കുമിളക്കണ്ണന്മാര്‍ക്കും കൊടുക്കാവുന്നതാണ്. ട്യൂബിഫെക്‌സ്, ബ്ലഡ് വേംസ് തുടങ്ങിയവ തീറ്റയായി നല്‍കിയാല്‍, കണ്ടുപിടിക്കാനായി കുമിളക്കണ്ണന്മാര്‍ക്ക് ഒരുപാടു പ്രയാസപ്പെടെണ്ടിവരും. അതിനാല്‍ ഇത്തരം തീറ്റകള്‍ ഫ്രീസ് ചെയ്തു നല്കാം. അക്വേറിയത്തിന്റെ അടിത്തട്ടു ചികയുന്ന പ്രകൃതക്കാരായതിനാല്‍, വെള്ളത്തിലേക്ക് താഴ്ന്നു പോകുന്ന പെല്ലെറ്റു രൂപത്തിലുള്ള തീറ്റകളാണ് ഈ മത്സ്യങ്ങള്‍ക്കനുയോജ്യം. മറ്റു സ്വര്‍ണ്ണമത്സ്യങ്ങളെപ്പോലെ വേവിച്ച ലെട്ട്യൂസ്, കാരറ്റ്, പഠാണിപ്പയര്‍ തുടങ്ങിയവ കുമിളക്കണ്ണന്‍മാരും ഇഷ്ടപ്പെടുന്നു. അക്വേറിയത്തിന്റെ ഒരു ഭാഗത്തുതന്നെ പതിവായി തീറ്റ നല്കുന്നത് എളുപ്പത്തില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കണ്ടുപിടിക്കാന്‍ ഈ മത്സ്യങ്ങളെ സഹായിക്കും. ശക്തമായ ജലപ്രവാഹം സൃഷ്ടിക്കുന്ന ഫില്‍റ്റര്‍ ഒഴിവാക്കി, പകരം ഒരു സ്‌പോഞ്ച് ഫില്‍റ്റര്‍ ഘടിപ്പിക്കുക.

മുട്ടവിരിഞ്ഞിറങ്ങിയ കുമിളക്കണ്ണന്‍മാരില്‍ കുമിളകള്‍ വളര്‍ന്നുതുടങ്ങുന്നത് മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ്. മത്സ്യങ്ങള്‍ക്ക് രണ്ടു വയസ്സ് തികയുന്നതോടെ കുമിളകള്‍ പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കും. പിന്നീട് കുമിളകളുടെ വളര്‍ച്ച മന്ദഗതിയിലാകുമെങ്കിലും, അവ ചെറിയ തോതില്‍ വളര്‍ന്നുകൊണ്ടേയിരിക്കും. കുമിളകള്‍ വളരുന്തോറും മത്സ്യങ്ങളുടെ കാഴ്ചശക്തി കുറഞ്ഞുകൊണ്ടിരിക്കുകയും അത് നീന്തലിനെ ബാധിക്കുകയും ചെയ്യും. പ്രായമാകുമ്പോള്‍ കാഴ്ചശക്തി നശിക്കുകയെന്നതുതന്നെ ഈ മത്സ്യയിനങ്ങളുടെ ശാപം. ജനിതകകാരണങ്ങള്‍ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിലും, കുമിളക്കണ്ണുകളും കാഴ്ചശക്തിയും തമ്മിലുളള ബന്ധം വിശദപഠനമര്‍ഹിക്കുന്നു. വാനംനോക്കിമിഴികള്‍ക്ക് കാരണമായ ജീനുകളാണോ അതോ മുതുചിറക് അപ്രത്യക്ഷമാകാന്‍ കാരണമായ ജീനുകളാണോ കാഴ്ചശക്തിയെ ബാധിക്കുന്നത് എന്ന ചോദ്യത്തിന്, തൃപ്തികരമായ ഉത്തരം ഇനിയും ലഭിച്ചിട്ടില്ല. ജനിതക കാരണങ്ങളാല്‍ത്തന്നെ, അഞ്ചു മുതല്‍ പത്തു വര്‍ഷങ്ങള്‍ മാത്രമേ ഈ മത്സ്യങ്ങള്‍ക്ക് ആയുസ്സുള്ളൂ. ഇത്തരം ന്യൂനതകളുണ്ടെങ്കിലും വളരെ നന്നായി ഇണക്കിയെടുക്കാവുന്ന ഒരു സ്വര്‍ണ്ണമത്സ്യയിനമാണ് കുമിളക്കണ്ണന്‍മാര്‍. നന്നായി ഇണങ്ങിയ മത്സ്യങ്ങള്‍ കയ്യിലേക്ക് നീന്തിവന്നു തീറ്റയെടുക്കാറുണ്ട്. പക്ഷെ തുടക്കക്കാര്‍ക്ക് ഒട്ടും യോജിച്ചവയല്ല, വിണ്മിഴികളും കുമിളക്കണ്ണന്‍മാരും.

ഒറ്റനോട്ടത്തില്‍:

അനുയോജ്യമായ ജലോഷ്മാവ് -18-19 ഡിഗ്രി
അനുയോജ്യമായ pH 6-8
ജലത്തിന്റെ കാഠിന്യം 5 - 19
ഈ രണ്ടിനനങ്ങള്‍ക്കും കാഴ്ചശക്തി താരതമ്യേന കുറവാണ്
കൂര്‍ത്തവശങ്ങളുള്ള അലങ്കാരവസ്തുക്കള്‍ ഒഴിവാക്കുക
പവര്‍ഫില്‍റ്ററിനു പകരം സ്‌പോഞ്ച്ഫില്‍റ്റര്‍ ഉപയോഗിക്കുക
കണ്ണുകള്‍ക്ക് ക്ഷതം പറ്റാതെ ശ്രദ്ധിക്കുക
കുളത്തില്‍ വളര്‍ത്താന്‍ അനുയോജ്യരല്ല
റ്റെലെസ്‌കൊപിക് ഐ സ്വര്‍ണ്ണമത്സ്യങ്ങളോടൊപ്പം മാത്രം വളര്‍ത്തുക
ജലഗുണമേന്മ നിലനിര്‍ത്തുന്നത് പ്രധാനം
സ്വര്‍ണ്ണമത്സ്യ പരിപാലനരീതികളിലെ പൊതു മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബാധകം
തുടക്കക്കാര്‍ക്ക് ഒട്ടും യോജിച്ചവയല്ല
 

നന്ദി: ഷാലിമ, ജി.
കൂടുതല്‍ വിവരങ്ങള്‍ക്ക്:  http://varnamaslyangal.blogspot.com/

 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS