പരിപാലനം
Back

മൃഗസംരക്ഷണം: ആഗോള പ്രത്യാഘാതങ്ങള്‍, പരിഹാരമാര്‍ഗ്ഗങ്ങള്‍

ഡോ. ടി.പി. സേതുമാധവന്‍

വികസ്വരരാജ്യമായ ഇന്ത്യയില്‍ കൃഷിയുടെ അനുബന്ധഘടകമെന്ന നിലയില്‍ മൃഗസംരക്ഷണമേഖല കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലയളവില്‍ വന്‍ വളര്‍ച്ചാ നിരക്കു കൈവരിച്ചിട്ടുണ്ട്. കോഴിവളര്‍ത്തലിലും കന്നുകാലി വളര്‍ത്തലിലുമാണ് ഈ മാറ്റം ഏറെ പ്രകടം. 2020 -ഓടുകൂടി ഇറച്ചിയുത്പാദന രംഗത്ത് 60% വും പാലുല്പാദനമേഖലയില്‍ 50% വും വളര്‍ച്ച കൈവരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഗ്രാമീണമേഖലയില്‍ 70% പേരും അധികവരുമാനത്തിനായി മൃഗസംരക്ഷണ മേഖലയെ ആശ്രയിക്കുന്നു. ഇവരില്‍ സ്ത്രീ പങ്കാളിത്തം 90% മാനത്തില്‍ അധികമാണ്. എന്നാല്‍ ദേശീയ തലത്തില്‍ മൃഗസംരക്ഷണമേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം 4.88%-ല്‍ നിന്ന് 2.9%-മായി കുറയുന്നുവെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വികസിതരാജ്യങ്ങളിലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ മൃഗസംരക്ഷണരീതി വളരെ വ്യത്യസ്തമാണ്. വികസിത രാജ്യങ്ങളില്‍ വന്‍കിടഫാമുകളിലാണ് കന്നുകാലികളെ വളര്‍ത്തുന്നത്. ഇന്ത്യയിലാകട്ടെ, ഭൂരിഭാഗവും ചെറുകിട, നാമമാത്ര കര്‍ഷകരാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നത്.

കാലാനുസൃതമായ വളര്‍ച്ചയെന്നോണം ഇന്ന് മൃഗസംരക്ഷണമേഖലയില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള മാറ്റം (Commercial outlook) കണ്ടു തുടങ്ങിയിട്ടുണ്ട്. വികസിതരാജ്യങ്ങളെ അപേക്ഷിച്ച് പാലുല്പാദനച്ചെലവ് കുറഞ്ഞ രാജ്യമാണ് ഇന്ത്യ. എന്നാല്‍ ആഗോളവത്കരണത്തിന്റെ പ്രതിഫലനമെന്നോണം ഇന്ത്യയില്‍ സബ്‌സിഡി നിര്‍ത്തലാക്കിയതും, വികസിതരാജ്യങ്ങള്‍ Protection എന്ന പേരില്‍ 'സബ്‌സിഡി' നല്‍കുന്നതും വികസിതരാജ്യങ്ങളെ അപേക്ഷിച്ച് ഉത്പാദനച്ചെലവ് കൂട്ടാന്‍ ഇടവരുത്തിയിട്ടുണ്ട്. തന്മൂലം അന്താരാഷ്ട്ര വിപണിയില്‍ വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്നില്ല. ഉത്പന്നങ്ങളുടെ ഗുണമേന്മ അന്താരാഷ്ട്ര വിപണിയില്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ട്.

ഇറക്കുമതി ചുങ്കം ചുമത്തിയതിലൂടെ, അമേരിക്കയില്‍ നിന്നുള്ള കോഴിക്കാലുകളുടെ വരവു തടയാന്‍ കഴിഞ്ഞെങ്കിലും ശ്രീലങ്ക വഴി ഇത് ചിക്കന്‍ സോസേജായി ഇന്ത്യയിലെത്തുന്നു എന്നതാണ് അത്ഭുതകരമായ വസ്തുത. കോഴിവളര്‍ത്തലില്‍ ഇന്ത്യയെ ആശ്രയിച്ചാണ് ശ്രീലങ്ക നിലനില്‍ക്കുന്നത്!

വിദേശവിപണിയില്‍ ഏറെ സാധ്യതകളുള്ള പാലുത്പന്നമാണ് ചീസ്, നിര്‍ഭാഗ്യവശാല്‍ ഗുണമേന്മയുള്ള ചീസിന്റെ ഉത്പാദനത്തില്‍ നാം പിറകിലാണ്.

മേച്ചില്‍പ്പുറങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവയുടെ വിസ്തൃതിയിലുള്ള കുറവ് തീറ്റപ്പുല്‍ ദൗര്‍ലഭ്യം, തീറ്റവില എന്നിവ ഈ മേഖലയിലെ പരിമിതികളില്‍ ചിലതാണ്. കഴിഞ്ഞ 20 വര്‍ഷക്കാലയളവില്‍ പാലിന്റെ വിലയില്‍ 50%-വും കാലിത്തീറ്റ വിലയില്‍ 45%-വും വര്‍ദ്ധനയുണ്ടായി.

2007 ലെ കന്നുകാലി സെന്‍സസ്സില്‍ കേരളത്തില്‍ എല്ലാ മൃഗങ്ങളുടെ എണ്ണത്തിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ദേശീയ തലത്തില്‍ 1992 മുതല്‍ കന്നുകാലികളുടെ എണ്ണത്തില്‍ മാത്രമേ കുറവ് രേഖപ്പെടുത്തിയിട്ടുള്ളൂ! ഉത്പാദനക്ഷമത കുറഞ്ഞ നാടന്‍ പശുക്കള്‍ സങ്കരയിനമായി മാറിയത് കന്നുകാലികളുടെ എണ്ണം കുറയ്ക്കാനുള്ള കാരണങ്ങളില്‍ ഒന്നായി കരുതാം.

ആടുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. തീറ്റപ്പുല്‍ ദൗര്‍ലഭ്യം, നഗരവത്ക്കരണം, ആട്ടിറച്ചിയുടെ ഉപയോഗം എന്നിവ ഇതിന് വഴിയൊരുക്കിയിട്ടുണ്ട്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാലുല്പാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയിലെ 2010 ലെ പാലുല്പാദനം 104 ലക്ഷം ടണ്ണാണ്. ഉത്പാദിപ്പിക്കപ്പെടുന്ന പാലില്‍ 54% വും കാലിസമ്പത്തിന്റെ മൂന്നിലൊന്നോളം വരുന്ന എരുമകളില്‍ നിന്നാണ്. കേരളത്തില്‍ പാലില്പാദനം 2010 ല്‍ 24 ലക്ഷം ലിറ്ററാണ്. കന്നുകാലികളുടെ എണ്ണത്തിലുണ്ടായ കുറവും കുളമ്പുരോഗവുമാണിതിന് കാരണമായത്. ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ സഹായത്തോടെ കേരളത്തില്‍ നടപ്പാക്കുന്ന ഗോരക്ഷാ പദ്ധതി കുളമ്പുരോഗം നിയന്ത്രിക്കുവാനും പാലുല്പാദനം വര്‍ദ്ധിപ്പിക്കുവാനും ഇടവരുത്തുന്നു.

എരുമകളുടെ എണ്ണത്തിലും സംസ്ഥാനത്ത് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോള വിപണിയില്‍ പോത്തിറച്ചിക്ക് പ്രിയമേറുമ്പോള്‍ കേരളത്തില്‍ എരുമകളുടെ എണ്ണം 60000 ല്‍ താഴെ മാത്രമാണ്.

വ്യാവസായികാടിസ്ഥാനത്തിലുള്ള മുട്ടക്കോഴി വളര്‍ത്തല്‍ കേരളത്തില്‍ ലാഭകരമല്ല. എന്നാല്‍ കുറഞ്ഞ മുതല്‍മുടക്കുള്ള വീട്ടുമുറ്റത്തെ കോഴിവളര്‍ത്തല്‍, താറാവുവളര്‍ത്തല്‍ എന്നിവയ്ക്ക് സാധ്യതകളുണ്ട്.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവു കുറഞ്ഞതും പക്ഷിപ്പനിയും മൂലം നിര്‍ജ്ജീവാവസ്ഥയിലായിരുന്ന ഇറച്ചിക്കോഴി, കാട വിപണി ഇന്ന് ഉയിര്‍ത്തെഴുന്നേല്‍ പ്പിന്റെ പാതയിലാണ്. മൂല്യവര്‍ദ്ധിത നികുതി, പക്ഷിപ്പനി നിയന്ത്രണ നടപടികള്‍ എന്നിവ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴികളുടെ വരവ് കുറയ്ക്കാനിടവരുത്തിയിട്ടുണ്ട്. അഭ്യന്തര കോഴിയുത്പാദനം, വിപണനം, എന്നീ മേഖലകള്‍ കൂടുതല്‍ സജീവമാകാന്‍ ഇതുപകരിക്കും.

കേരളത്തില്‍ പന്നികളുടെ എണ്ണത്തിലും 47%-ത്തോളം കുറവ് രേഖപ്പെടുത്തി യിട്ടുണ്ട്. മലിനീകരണ പ്രശ്‌നങ്ങളാണിതിന് മുഖ്യകാരണം. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് സര്‍ക്കാര്‍ നിബന്ധനകള്‍ അനുവര്‍ത്തിച്ച് പന്നിഫാമുകള്‍ ലാഭകരമായി നടത്താവുന്നതാണ്.

ആഗോളതലത്തില്‍ വെജിറ്റേറിയനിസം ഏറെ വിപുലപ്പെട്ടു വരുന്നു. എന്നാല്‍ പ്രോട്ടീന്‍ ന്യൂനത പ്രശ്‌നമായ ഇന്ത്യയെപ്പോലെയുള്ള വികസ്വര രാജ്യങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന ജന്തുജന്യ പ്രോട്ടീനാണ് ഏക ആശ്രയം.

ജൈവകൃഷിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതോടൊപ്പം കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ഉത്പാദനം സാധ്യമാക്കാനായി കൃഷി, മൃഗസംരക്ഷണം, മത്സ്യം വളര്‍ത്തല്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള സംയോജിത കൃഷിരീതികളും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

പന്നിഫാമുമായി സംയോജിപ്പിച്ച് മത്സ്യം വളര്‍ത്താം. ഇത് മലിനീകരണ പ്രശ്‌നങ്ങള്‍ ഒരളവുവരെ നിയന്ത്രിക്കാന്‍ സഹായിക്കും.

കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ കൃഷിരീതികള്‍ക്കുതകുന്ന സമ്മിശ്രകൃഷിക്കും സാധ്യതകളിന്നുണ്ട്. പശു, ആട്, മുയല്‍, കോഴിവളര്‍ത്തല്‍ എന്നിവ ആരംഭിക്കാവുന്നതാണ്.

പ്രകൃതിക്കിണങ്ങിയതും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്തതുമായ സുസ്ഥിര കൃഷിയ്ക്ക് (Sustainable farming) അന്താരാഷ്ട്രതലത്തില്‍ പ്രാധാന്യം ലഭിച്ചു വരുന്നു.

മൃഗസംരക്ഷണ മേഖലയില്‍ ഉയര്‍ന്ന ഉത്പാദനക്ഷമത കൈവരിക്കാന്‍ മെച്ചപ്പെട്ട ജനുസ്സുകളെ വളര്‍ത്തുന്നതോടൊപ്പം ശാസ്ത്രീയ തീറ്റക്രമം, പരിചാരണമുറകള്‍, രോഗനിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവ അനുവര്‍ത്തിക്കുകയും വേണം.

തീറ്റ നിര്‍മ്മാണ രംഗത്ത് നിരവധി നവീന സാങ്കേതികവിദ്യകള്‍ ഇന്ന് അനുവര്‍ത്തിച്ചു വരുന്നു. ബൈപ്പാസ് പ്രോട്ടീന്‍ തീറ്റ, ബൈപ്പാസ് കൊഴുപ്പ് തീറ്റ, യൂറിയ-മൊളാസസ്സ് ബ്ലോക്ക്, യൂറിയ സംപുഷ്ടീകരണം, വൈക്കോല്‍ പെല്ലറ്റുകള്‍, ഹേ നര്‍മ്മാണം, തീറ്റപ്പുല്‍കൃഷി എന്നിവ ഇവയില്‍ ചിലതാണ്.

വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജിതപ്പെടുത്തുന്നത് ശാസ്ത്രീയ തീറ്റക്രമ പരിചരണമുറകള്‍ സ്വീകരിക്കാന്‍ കര്‍ഷകരെ സഹായിക്കും. പഞ്ചായത്തുതോറുമുള്ള മൃഗാശുപത്രികള്‍ കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. നൂതന ഗവേഷണ ഫലങ്ങള്‍, ബയോടെക്‌നോളജി മുതലായവ മൃഗചികിത്സാരംഗത്ത് പ്രയോജനപ്പെടുത്തി വരുന്നു. സാംക്രമിക രോഗങ്ങളുടെ കാര്യത്തില്‍ പ്രതിരോധകുത്തിവെയ്പ് മുന്‍ഗണന നല്‍കണം. Good manufacturing Practices (GMP) പാലിക്കുന്ന വാക്‌സിന്‍ ഉത്പാദന കേന്ദ്രങ്ങള്‍, R&D യൂണിറ്റുകള്‍ എന്നിവ അത്യാവശ്യമാണ് മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ തിരിവനന്തപുരം ജില്ലയിലെ പാലോട് പ്രവര്‍ത്തിക്കുന്ന Institute of Aniamal Health and Veterinary Biologicals ഇവയില്‍ പ്രധാനപ്പെട്ടവയാണ്. ലബോറട്ടറികളില്‍ Good laboratory Practices (GLP) ഉറപ്പുവരുത്തുന്നത് രോഗനിര്‍ണ്ണയത്തിലും ചികിത്സയിലും പുത്തന്‍ ഉണര്‍വേകും.

കേരളത്തിലുത്പാദിപ്പിക്കപ്പെടുന്ന പാലില്‍ 20% ല്‍ താഴെ മാത്രമേ സംഘടിത മേഖലയിലൂടെ വിപണനം നടത്തുന്നുള്ളൂ. ബാക്കിയുള്ള പാലും മുട്ടയും ഇറച്ചിയും കര്‍ഷകര്‍ നേരിട്ട് വില്‍പന നടത്തുന്നത് അസംഘടിത മേഖലയിലൂടെയാണ്. ഗുണമേന്മയുള്ള ഇത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലക്ക് ശാസ്ത്രീയ വിപണന തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് ലഭ്യമാക്കേണ്ടതുണ്ട്.

ഓമനമൃഗങ്ങളുടെയും പക്ഷികളുടെയും പരിപാലനത്തില്‍ വന്‍ മാറ്റം കേരളത്തില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. നായയെ വീട്ടുകാവലിലെന്നതിനുപരി സന്തതസഹചാരിയെന്ന നിലയിലാണ് പലരും കരുതുന്നത്.

 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS