കന്നുകാലികൾ
Back

ക്ഷീരമേഖലയ്ക്ക് സാധ്യതയേറുന്നു

ഡോ. ടി.പി. സേതുമാധവന്‍

മാറുന്ന ആഗോള സാമ്പത്തിക ചുറ്റുപാടില്‍ ഇന്ത്യയില്‍ ക്ഷീരമേഖലയ്ക്ക് സാധ്യതയേറുന്നു. ലോകത്തില്‍ വെച്ചേറ്റവും കൂടുതല്‍ പാലുല്പാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയിലെ പ്രതിവര്‍ഷ പാലുല്പാദനം 127 ദശലക്ഷം ടണ്ണാണ്. ഈ മേഖലയില്‍ 4% ത്തിലധികം വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി വരുന്നു.

2013 ല്‍ ലോകത്തിലുല്പാദിച്ച പാലില്‍ 84% പശുവിന്‍പാലാണ്. ഇത് പ്രതിദിനം 168 കോടി ലിറ്ററോളം വരും. എരുമപ്പാല്‍ 13% മാണ്. (26 കോടി ലിറ്റര്‍) എരുമപ്പാലിന്റെ ഉല്പാദനത്തിലാണ് കൂടുതല്‍ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്.

ലോകത്തില്‍ പാലിന്റെ പ്രതിശീര്‍ഷ ലഭ്യതയില്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലയളവില്‍ 9% ത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വികസിതരാജ്യങ്ങളിലെ പാലുല്പാദനത്തിലെ കുറഞ്ഞ വളര്‍ച്ചാ നിരക്കും, ജനസംഖ്യയിലുണ്ടായ വര്‍ദ്ധനവും ഇതിനിടവരുത്തിയിട്ടുണ്ട്.

എന്നാല്‍ വികസ്വര രാജ്യങ്ങളില്‍ പാലിന്റെ ലഭ്യത വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ പാലുല്പാദനം വികസ്വര രാജ്യങ്ങളില്‍ 40% ത്തില്‍ നിന്ന് 48% മായി ഉയര്‍ന്നിട്ടുണ്ട്. എഷ്യന്‍ രാജ്യങ്ങള്‍ പ്രത്യേകിച്ച് ഈ രംഗത്ത് ഏറെ മുന്നിലാണ്. ലാറ്റിന്‍ അമേരിക്ക, ആസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളില്‍ പാലുല്പാദനത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. യൂറോപ്പ്യന്‍ യൂണിയന്‍, ആഫ്രിക്ക, സെന്‍ട്രല്‍ അമേരിക്ക എന്നീ രാജ്യങ്ങളില്‍ ഉല്പാദനത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടില്ല. ആളോഹരി വരുമാനത്തിലുള്ള വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ പാലിന്റെയും, പാലുല്പന്നങ്ങളുടെയും വിലയിലുണ്ടായ വര്‍ദ്ധനവ് എന്നിവ ഉല്പാദനം വര്‍ദ്ധിയ്ക്കാന്‍ ഇടവരുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ 2012 ല്‍ വെണ്ണ, പാല്‍പ്പൊടി എന്നിവയുടെ വിലയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

വിപണിയില്‍ പാലിന്റെ വില്പന വിലയില്‍ കര്‍ഷകന് ലഭിക്കുന്നത് ഇന്ത്യയില്‍ 62% മാണ്. ആസ്‌ട്രേലിയയിലിത് 26% വും ചൈനയില്‍ 44% വും, ന്യൂസിലാന്റില്‍ 28% വുമാണ്. സംഘടിത മേഖലയില്‍ കര്‍ഷകന് ലഭിയ്ക്കുന്ന പാലിന്റെ വില (Farmers gate milk prices) ഇന്ത്യയില്‍ ലിറ്ററിന് ശരാശരി 25 രൂപയാണ്. അസംഘടിത മേഖലയിലിത് 14 രൂപയാണെന്നോര്‍ക്കണം. അമേരിക്കയില്‍ 18.47 രൂപയും, ആസ്‌ട്രേലിയയില്‍ 21.73 രൂപയും, ന്യൂസിലാന്റില്‍ 22.64 രൂപയുമാണ്.
അന്താരാഷ്ട്ര വിപണിയില്‍ പാലുല്പാദനത്തില്‍ 2% ത്തിന്റെ വര്‍ദ്ധനവുണ്ടായി ട്ടുണ്ട്.

യൂറോപ്യന്‍ യൂണിയനില്‍ പാലുല്പന്നങ്ങളുടെ വ്യാപാരത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സബ്‌സിഡി കുറഞ്ഞതിനാല്‍ വ്യാപാരികള്‍ ഉത്പന്നം വിപണിയിലെത്തിക്കാന്‍ മടി കാണിക്കുന്നു. ആസ്‌ട്രേലിയയിലും ന്യൂസിലാന്റിലും ചില സീസണുകളില്‍ വിപണനത്തിന് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ പാല്‍പ്പൊടിയുടെ കയറ്റുമതി സബിസിഡി കുറഞ്ഞിട്ടുണ്ട്. 2013 ഓടു കൂടി സബ്‌സിഡി നിര്‍ത്തലാക്കുമെന്ന് യൂറോപ്പ്യന്‍ .യൂണിയന്‍ ഹോങ്കോംഗില്‍ സമ്മതിച്ചിട്ടുണ്ട്. പാലുല്പന്നങ്ങളുടെ വില അന്താരാഷ്ട്ര വിപണിയില്‍ കരുത്താര്‍ജ്ജിച്ചു വരുന്നു. അതിനാല്‍ വര്‍ദ്ധിച്ച വിലയില്‍ കുറവ് വരാനിടയുണ്ട്.

ഇന്ത്യമുന്നേറുന്നു
ഇന്ത്യയില്‍ പാലുല്പാദന രംഗത്ത് വന്‍ കുതിച്ചു കയറ്റം തന്നെ ദൃശ്യമായി തുടങ്ങിയിട്ടുണ്ട്. ഉത്തരപ്രദേശ് മൊത്തം പാലുല്പാദനത്തില്‍ ഏറെ മുന്നിലാണ്. 17% പാലും യു.പിയില്‍ നിന്നാണ്. രാജസ്ഥാന്‍ (10%), ആന്ധ്രാപ്രദേശ് (9%), ഗുജറാത്ത് (7%), പഞ്ചാബ് (7%), ഹരിയാന (5%), തമിഴ്‌നാട് (5%), എന്നിവ മുന്‍ നിരയിലാണ്. കേരളവും, ആസ്സാമും ഈ രംഗത്ത് ഏറെ പിറകിലാണ്. സങ്കരയിനം പശുക്കള്‍ ദേശീയ തലത്തില്‍ 22% ല്‍ താഴെ മാത്രമാണ്. പൂര്‍ണ്ണമായി സങ്കര പ്രജനനം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളമെന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യയുടെ പ്രാതിനിധ്യം വളരെ കുറവാണ്. ആഗോള വിപണിയില്‍ ഇന്ത്യയുടെ വിഹിതം വര്‍ദ്ധിപ്പിയ്ക്കാന്‍ വെണ്ണയുടെ ഇറക്കുമതി തീരുവ 40% ത്തില്‍ നിന്നും 100% മായി ഉയര്‍ത്തണം. ഉല്പന്ന വിപണനത്തിന് സംരക്ഷണ നടപടികള്‍ ആവശ്യമാണ്. വികസിത രാജ്യങ്ങള്‍ കയറ്റുമതി സബ്‌സിഡി കുറയ്‌ക്കേണ്ടതാണ്. സാനിറ്ററി ആന്റ് ഫൈറ്റോ സാനിറ്ററി കാര്യങ്ങളില്‍ വ്യക്തമായ മാനദണ്ഡം ആവശ്യമാണ്. ഇന്ത്യയില്‍ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി നിരവധി ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിയ്ക്കുന്ന ക്ഷീരമേഖലയെക്കുറിച്ച് അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ അവബോധം വളര്‍ത്താനുള്ള നടപടികളാവശ്യമാണ്.

ഇന്ത്യാ ഗവണ്‍മെന്റിന് പാല്‍പ്പൊടിയുടെ കാര്യത്തില്‍ 15% ഇറക്കുമതി തീരുവ 10,000 മെട്രിക്ക് ടണ്‍ ഇറക്കുമതിയ്ക്ക് വരെ ചുമത്താനും. തുടര്‍ന്നങ്ങോട്ട് 60% മാക്കാനും കഴിഞ്ഞിട്ടുണ്ട്. 2010-12 ല്‍ ഇറക്കുമതി ഇതുമൂലം കുറഞ്ഞിട്ടുണ്ട്. പാലുല്പാദനത്തില്‍ വിവിധ സീസണില്‍ കുറവുണ്ടായിട്ടും മൊത്തം ഉല്‍പാദനത്തെ ബാധിച്ചിട്ടില്ല. കയറ്റുമതി നിയന്ത്രണം മൂലം പാല്‍പ്പൊടി 0.5% ല്‍ താഴെ മാത്രമെ കയറ്റുമതി ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ. അമേരിക്കയും, യൂറോപ്യന്‍ യൂണിയനും ലോകവ്യാപാര സംഘടന നിബന്ധനകള്‍ പൂര്‍ണ്ണമായും പ്രാവര്‍ത്തികമാക്കിയിട്ടില്ല. വികസിത രാജ്യങ്ങള്‍ ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്നതും, മറ്റു നികുതിയിതര നിബന്ധനകള്‍ പ്രാവര്‍ത്തികമാക്കുന്നതും പാലുല്പന്ന കയറ്റുമതിയെ സാരമായി ബാധിച്ചുവരുന്നു.

കയറ്റുമതി
കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ വികസിത രാജ്യങ്ങളിലെ ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള Ethnic Products ന്റെ ഉത്പാദനത്തിന് ഊന്നല്‍ നല്‍കണം. ഉദാഹരണമായി മികച്ച ഗുണമേന്മയും, ആകര്‍ഷകമാര്‍ന്ന മണവുമുള്ള ഇന്ത്യന്‍ വെണ്ണ, ഇന്ത്യന്‍ രുചിക്കിണങ്ങിയ നെയ്യ്, വെജിറ്റേറിയന്‍ ചീസ്, ഗുലാബ് ജാമുന്‍, ശ്രീകാന്‍ഡ്, പനീര്‍, കോട്ടേജ് ചീസ് എന്നിവ ഇവയില്‍ ചിലതാണ്.

പാലുല്പാദനം കുറഞ്ഞ മദ്ധ്യ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലേക്ക് UHT പാസ്ചു റൈസ്ഡ് പാല്‍ ടെട്രാ പായ്ക്കറ്റിലാക്കിയെത്തിക്കാം. പാല്‍പ്പൊടി കൂടിയ അളവില്‍ പായ്ക്ക് ചെയ്ത് മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാം.

ഇന്ത്യക്ക് ശ്രീലങ്ക, തായ്‌ലാന്റ്, സിങ്കപ്പൂര്‍, നേപ്പാള്‍, ഭൂട്ടാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി സൗജന്യ വ്യാപാരക്കരാര്‍ നിലവിലുണ്ട്.

വികസിത രാജ്യങ്ങള്‍ക്കാവശ്യം അവരുടെ വിപണി വികസ്വര രാജ്യങ്ങളിലെത്തിക്കുകയാണ്. സബ്‌സിഡി നല്‍കി കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ച പാല്‍ ഉല്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ്ക്കാനാണ് അവര്‍ താല്‍പര്യപ്പെടുന്നത്.

ഇന്ത്യയില്‍ പാലുല്പാദനത്തില്‍ പ്രതിവര്‍ഷം 4% ത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തി വരുന്നു. ഉപഭോക്താക്കളുടെ വാങ്ങാനുള്ള ശേഷി വര്‍ദ്ധിച്ചു വരുന്നു. ജനസംഖ്യയിലുണ്ടാകുന്ന വര്‍ദ്ധനവും ആവശ്യകത ഉയര്‍ത്താനിടവരുത്തുന്നു. പാലിന്റെ പ്രതിശീര്‍ഷ ഉപഭോഗത്തില്‍ കഴിഞ്ഞ ആറുവര്‍ഷക്കാലയളവില്‍ 22% ത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഉപഭോഗം 230 മില്ലി ലിറ്ററില്‍ നിന്നും 281 മില്ലി ലിറ്ററായി ഉയര്‍ന്നിട്ടുണ്ട്. 2020 ഓടുകൂടി പാലിന്റെ ഉപഭോഗം 190 ദശലക്ഷം മെട്രിക്ക് ടണ്ണായി ഉയരും. ആവശ്യകതയ്ക്കനുസരിച്ച് ഉല്പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.

സബ്‌സിഡി കുറഞ്ഞതോടെ പാല്‍പ്പൊടിയുടെ വില ഉയര്‍ന്നു വരുന്നു. താരതമ്യേന വിലക്കുറവുള്ള ഇന്ത്യന്‍ പാല്‍പ്പൊടിയ്ക്ക് ആഗോള വിപണിയില്‍ പ്രിയമേറി വരുന്നു.

പാലുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഇനിയും ഊന്നല്‍ നല്‍കേണ്ടതുണ്ട്. രാജ്യത്തെ പാലുല്പാദനം രണ്ടു രീതിയില്‍ വര്‍ദ്ധിപ്പിക്കാം. കറവപ്പശുക്കളുടെ എണ്ണം വര്‍ദ്ധിപ്പിച്ചും, ഉല്പാദനക്ഷമത ഉയര്‍ത്തിയും ഇത് സാധിച്ചെടുക്കാം. പശുക്കളുടെ ഉത്പാദനക്ഷമതയുടെ കാര്യത്തില്‍ ഇസ്രായേല്‍, അമേരിക്ക, ഡെന്‍മാര്‍ക്ക്, കാനഡ, നെതര്‍ലാന്റ്‌സ്, യുകെ, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ മുന്നിലാണ്. ഇന്ത്യ ഈ രംഗത്ത് ഏറെ പിന്നിലാണ്.

ഉല്പാദനക്ഷമത ഉയര്‍ത്താന്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശാസ്ത്രീയ പ്രജനന മാര്‍ഗ്ഗങ്ങള്‍, കന്നുകുട്ടി പരിപാലനം, ജനിതകമേന്മയുള്ള കന്നുകാലികള്‍, ശുദ്ധ പ്രജനനം, ഡാറ്റാ ബാങ്ക്, E ആനിമല്‍ പ്രോഗ്രാം, സമീകൃത തീറ്റ, ടി.എം.ആര്‍., രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ എന്നിവ അവലംബിക്കേണ്ടതുണ്ട്.

വ്യാവസായിക ഡയറി ഫാമുകള്‍
വ്യാവസായിക അടിസ്ഥാനത്തിലുള്ള ഡയറി ഫാമുകള്‍ തുടങ്ങുകയാണ് ഇതിനുള്ള പരിഹാരം. മുടക്കുമുതലില്‍ നിന്നും ആദായകരമായ വരുമാനം ലഭിയ്ക്കുന്നതോടൊപ്പം, തൊഴില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കും.

വ്യാവസായികാടിസ്ഥാനത്തിലുള്ള ഡയറി ഫാമിംഗിന്് നിരവധി സവിശേഷതക ളുണ്ട്. പാലിന്റെയും പാലുല്പന്നങ്ങളുടെയും ലഭ്യമായ വിപണി, കൃഷിയെ അപേക്ഷിച്ച് സീസണനുസരിച്ചുള്ള കുറഞ്ഞ വ്യതിയാനം, കുറഞ്ഞ കാലയളവിലുള്ള വരുമാനം, മൂല്യ വര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണത്തിലൂടെയുള്ള ഉയര്‍ന്ന വരുമാനം, വായ്പ ലഭിയ്ക്കുവാനുള്ള എളുപ്പം എന്നിവ വ്യാവസായികാടിസ്ഥാനത്തിലുള്ള ഡയറിഫാമിംഗിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഡയറി ഫാം ലാഭകരമായി പ്രവര്‍ത്തിപ്പിക്കാന്‍ തീറ്റ, തീറ്റക്രമം, പരിചരണം, പ്രജനനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കേണ്ടതുണ്ട്. പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഈ മേഖലയില്‍ പ്രാവര്‍ത്തികമാക്കുന്നത് ലാഭവിഹിതം ഉയര്‍ത്താനിടവരുത്തും.

തൊഴിലാളികളെ ലഭിയ്ക്കാനുള്ള ബുദ്ധിമുട്ട്, പരിശീലനത്തിന്റെ അഭാവം, കൂടിയ മുതല്‍ മുടക്ക്, തീറ്റ, തീറ്റപ്പുല്ല്, ശുദ്ധമായ വെള്ളം, തൊഴുത്ത് തുടങ്ങിയ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ പരിമിതികള്‍, പശുക്കള്‍ക്കളുടെ തീറ്റ, മരുന്നുകള്‍ മുതലായവ വാങ്ങുന്നതിലെ പരിമിതികള്‍, ഉയര്‍ന്ന കറവ കാലയളവ്, പ്രജനനത്തിലെ തകരാറുകള്‍ എന്നിവയാണ് പൊതുവെ ഡയറിഫാം നഷ്ടത്തിലാക്കുന്നത്.

ഫാം ലാഭകരമായി പ്രവര്‍ത്തിയ്ക്കാന്‍ തീറ്റ, തീറ്റക്രമം എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം. പരുഷാഹാരങ്ങളില്‍ പച്ചപ്പുല്ല്, വൈക്കോല്‍, സമീകൃത തീറ്റ, വിറ്റാമിന്‍-ധാതു ലവണ മിശ്രിതം, കാഫ് സ്റ്റാര്‍ട്ടര്‍, കാഫ് ഗ്രോവര്‍ തീറ്റ, കിടാരി തീറ്റ എന്നിവ ലഭ്യമാക്കണം.

പശുക്കള്‍ക്ക് തൊഴുത്തില്‍ ആശ്വാസകരമായ അവസ്ഥ സംജാതമാക്കുന്ന Cow comfort ന് പ്രാധാന്യം നല്‍കണം. തീറ്റയ്ക്കും, കറവയ്ക്കുമുള്ള സ്ഥലങ്ങളില്‍ തൊഴുത്ത് കോണ്‍ക്രീറ്റ് ചെയ്യുന്നത് നല്ലതാണ്. തൊഴുത്തില്‍ അന്തരീക്ഷോഷ്മാവ് കുറയ്ക്കാന്‍ ആവശ്യത്തിന് വായു സഞ്ചാരത്തിനുള്ള സൗകര്യം വേണം.

ശരാശരി കന്നുകുട്ടി ജനന നിരക്ക് 40% മാണ്. രണ്ട് കറവകള്‍ തമ്മിലുള്ള ഇടവേള 12 മാസമാണ്. വ്യാവസായികാടിസ്ഥാനത്തില്‍ ഡയറി ഫാം തുടങ്ങുമ്പോള്‍ ആദ്യ പ്രസവം 28 മാസത്തില്‍ നടക്കണം. 60% പശുക്കളും ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ ഇനങ്ങളായിരിക്കണം. എല്ലാ പശുക്കളെയും ഇന്‍ഷ്വര്‍ ചെയ്തിരിക്കണം. പ്രതിദിനം ഒരു പശുവിന്റെ ശരാശരി പാലുല്പാദനം 13 ലിറ്ററാണ്.

ഒരേക്കര്‍ സ്ഥലത്ത് 30 പശുക്കളുടെ ഫാം തീറ്റപ്പുല്ല് കൃഷി ചെയ്ത് ലാഭകരമായി പ്രവര്‍ത്തിപ്പിക്കാം. 3525 ചതുരശ്ര അടി വിസ്തൃതിയുള്ള ഷെഡ് ആവശ്യമാണ്. സൈലേജുണ്ടാക്കി തീറ്റയായി നല്‍കാം. ഫോഗര്‍, ഫാനുകള്‍, ചാഫ് കട്ടര്‍, ബയോഗ്യാസ് പ്ലാന്റ് എന്നിവ ഫാമില്‍ ആവശ്യമാണ്.

തീറ്റച്ചെലവ്
കറവപ്പശുക്കള്‍ക്ക് ദിവസേന 170 രൂപ തീറ്റച്ചെലവും, കറവയില്ലാത്ത പശുക്കള്‍ക്ക് 86 രൂപയും തീറ്റച്ചെലവ് വേണ്ടിവരും. വ്യാവസായികാടിസ്ഥാനത്തിലുള്ള ഡയറി ഫാമില്‍ നിന്നും മുടക്കു മുതലിന്റെ 30% ത്തോളം വരുമാനം പ്രതീക്ഷിക്കാം.

ദേശീയ തലത്തിലുള്ള ക്ഷീരമേഖലയിലെ സാധ്യതകള്‍ പരശോധിക്കുമ്പോള്‍ കേരളം ഈ രംഗത്ത് പിറകിലാണെന്ന് മനസ്സിലാക്കാം. കേരളത്തില്‍ കന്നുകാലികളുടെ എണ്ണം പ്രതിവര്‍ഷം 7.5% ത്തോളം കുറയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 92% ത്തോളം സങ്കരയിനം പശുക്കളുള്ള കേരളത്തില്‍ ആവശ്യമായ അളവില്‍ പാലിനുവേണ്ടി അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. വര്‍ദ്ധിച്ച തീറ്റച്ചെലവും, സ്ഥലപരിമിതിയും ഈ രംഗത്തുള്ള പരിമിതികളാണെങ്കിലും തരിശായി കിടക്കുന്ന സ്ഥലങ്ങള്‍, തെങ്ങിന്‍ തോപ്പുകള്‍ എന്നിവിടങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള ഡയറി ഫാമുകള്‍ തുടങ്ങുന്നത് സംസ്ഥാനത്തെ പാലുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഈ രംഗത്ത് വിവിധ ഏജന്‍സികളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്. എന്നാല്‍ മാത്രമെ ദേശീയ തലത്തിലുള്ള ക്ഷീരവികസനത്തിനാനുപാതികമായി കേരളത്തിന് മുന്നേറാന്‍ സാധിക്കൂ.

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS