കേരളത്തില്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട് മേഖലയിലും കോട്ടയം, പത്തനംതിട്ട ജില്ലകളിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തിലുള്ള രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ പുരോഗമിച്ചു വരുന്നു. രോഗത്തെക്കുറിച്ചും നിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ചും പൊതുജനങ്ങളും കര്‍ഷകരും ഭീതിപ്പെടേണ്ട കാര്യമില്ല. എന്നാല്‍ ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. സംസ്ഥാന മൃഗസംരക്ഷണവകുപ്പ്, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വെറ്ററിനറി സര്‍വ്വകലാശാല എന്നിവയുടെ നേതൃത്വത്തില്‍ രോഗനിയന്ത്രണ, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു.
H5N1 വൈറസ്സാണ് മാരകമായ പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളൂവെന്‍സാ രോഗത്തിനിടവരുത്തുന്നത്. 1997 ലാണ് രോഗം ഹോങ്കോംഗില്‍ പൊട്ടിപ്പുറപ്പെട്ടത്. 2006 ലാണ് ഇന്ത്യയില്‍ രോഗം കണ്ടു തുടങ്ങിയത്. തുടര്‍ന്ന് മഹാരാഷ്ട്ര, ഗുജറാത്ത്, മദ്ധ്യപ്രദേശ്, മണിപ്പാല്‍, പശ്ചിമ ബംഗാള്‍, ത്രിപുര, ആസ്സാം, സിക്കിം, ഒഡീസ്സ, മേഘാലയ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴികളോടൊപ്പം ജലപക്ഷികളായ താറാവ്, അരയന്നങ്ങള്‍ എന്നിവയിലാണ് രോഗലക്ഷണങ്ങള്‍ കൂടുതലായി കണ്ടു വരുന്നത്. ദേശാടനപ്പക്ഷികളിലൂടെയാണ് രോഗം കേരളത്തിലെത്തിയതെന്ന് അനുമാനിക്കപ്പെടുന്നു. ജര്‍മ്മനിയിലും, ദക്ഷിണകൊറിയയിലും രോഗം ഇപ്പോഴും നിലവിലുണ്ട്. രോഗം ബാധിച്ച പക്ഷികളിലൂടെയാണ് വൈറസ്സ് മനുഷ്യരിലെത്തുന്നത്. ഇവയുടെ സ്രവങ്ങള്‍, വിസര്‍ജ്ജ്യവസ്തുക്കള്‍ എന്നിവയിലൂടെ മനുഷ്യരില്‍ രോഗമെത്തും. രോഗകാരിയായ വൈറസ്സുകളില്‍ 16 H ഉം 9 N വകഭേദങ്ങളുമുണ്ട്. ഇവയില്‍ H5N1 ആണ് H5N2 -N9 നെക്കാള്‍ രോഗം പരത്തുന്നത്. എന്നാല്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പടര്‍ന്നതായി ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടിലില്ല. പക്ഷെ മാരകമായ വൈറസ്സുകള്‍ പെട്ടെന്നുള്ള ജനിതക വ്യതിയാനത്തിലൂടെ കരുത്താര്‍ജ്ജിച്ച് കൂടുതല്‍ മാരകമാകുമോ എന്ന ഭീതിയാണ് രോഗപര്യവേഷണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ കാരണം! പനി, ചുമ, തൊണ്ടവേദന, ശരീരവേദന തുടങ്ങി സാധാരണ ഫ്‌ലൂവിന്റെ ലക്ഷണങ്ങളാണ് പക്ഷിപ്പനിയിലും പ്രാരംഭദശയില്‍ മനുഷ്യരില്‍ കണ്ടു തുടങ്ങുന്നത്. പക്ഷികളില്‍ തൂക്കം, ശരീരം വിറയല്‍, തീറ്റ തിന്നാതിരിക്കല്‍, തൊണ്ടയില്‍ നിന്നും ശബ്ദം പുറപ്പെടുവിക്കല്‍ എന്നിവ കണ്ടു തുടങ്ങും. രോഗംമൂലം കോഴികളും, താറാവുകളും കൂട്ടത്തോടെ ചത്തൊടുങ്ങും. താറാവുകളടങ്ങുന്ന ജലപക്ഷികള്‍ രോഗവാഹികളായി പ്രവര്‍ത്തിക്കാറുണ്ട്.
രോഗവുമായി ബന്ധപ്പെട്ട പൊതുജനങ്ങളില്‍ നിരവധി സംശയങ്ങളുണ്ട്.
ദേശാടനപക്ഷികളാണ് രോഗം പരത്തുന്നത് എന്നതിനെക്കുറിച്ച് വ്യത്യസ്താഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. ഭോപ്പാലിലെ ഹൈസെക്യൂരിറ്റി ആനിമല്‍ ഡിസീസ് ലാബിലാണ് രോഗ നിര്‍ണ്ണയം നടത്തുന്നത്. കേരളത്തില്‍ തിരുവല്ലയിലുള്ള ഏവിയന്‍ ഡിസീസ് ഡയഗ്നോസ്റ്റിക്ക് ലാബിലും പ്രാഥമിക രോഗ നിര്‍ണ്ണയവും, പരിശോധനകളും നടത്താറുണ്ട്.
രോഗം ബാധിച്ച കോഴികള്‍, താറാവുകള്‍, മറ്റു പക്ഷികള്‍ എന്നിവയുമായി സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. രോഗം ബാധിച്ച കോഴികളുടെ വിസര്‍ജ്ജ്യ വസ്തുക്കളിലൂടെ രോഗം മറ്റുള്ളവയിലേക്കും, മനുഷ്യരിലേക്കും പകരും. ഇവയെ ഇറച്ചിയ്ക്കുവേണ്ടി കൈകാര്യം ചെയ്യുന്നതും, രോഗം ബാധിച്ചവയുടെ ഇറച്ചി, മുട്ട എന്നിവ കഴിക്കുന്നതും രോഗം പടരാനിടവരുത്തും.
രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തു നിന്നും ഒരു കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്തെ കോഴികളെയും പക്ഷികളെയും കൊന്നൊടുക്കുകയാണ് ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന ഫലപ്രദമായ നിയന്ത്രണ മാര്‍ഗ്ഗം.
പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തു നിന്നും 10 കിലോമീറ്റര്‍ വിസ്തൃതിയിലുള്ള സ്ഥലത്തുനിന്നുമുള്ള കോഴിമുട്ട, ഇറച്ചി എന്നിവ കഴിക്കരുത്. രോഗംബാധിച്ച സ്ഥലത്തു നിന്നുള്ള കോഴി, താറാവ്, മുട്ട, കാഷ്ഠം, തീറ്റ എന്നിവ മറ്റു സ്ഥലങ്ങളിലേക്ക് കടത്തരുത്. മറ്റുള്ള പ്രദേശങ്ങളില്‍ കോഴിയിറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് കഴിക്കാം. കോഴിയിറച്ചി നന്നായി വേവിച്ചാല്‍ ഇളം ചുവപ്പു നിറം തവിട്ടു നിറമായി മാറും. അതാതു സ്ഥലത്ത് ഉത്പാദിപ്പിക്കുന്ന ഫാമുകളില്‍ നിന്നുള്ള കോഴിയിറച്ചിയും, മുട്ടയും കഴിക്കുന്നതില്‍ തെറ്റില്ല. താറാവിന്‍ മുട്ട ഉപയോഗിക്കുന്നതിന് മുമ്പായി നന്നായി കഴുകണം. കാഷ്ഠം പറ്റിപ്പിടിച്ചിരിക്കുന്നവ തല്‍ക്കാലം ഉപേക്ഷിക്കണം. ഇറച്ചി ഫ്രൈ, ബുള്‍സയ് എന്നിവ ഒഴിവാക്കണം. കിണറിലെ വെള്ളത്തില്‍ ബ്ലീച്ചിംഗ് പൗഡറോ, പൊട്ടാസ്യം പെര്‍മാംഗനേറ്റോ ഇട്ട് രോഗാണുവിമുക്തമാക്കണം. വീടുകള്‍, ഫാമുകള്‍ എന്നിവയ്ക്ക് പരിസരത്ത് രോഗനിയന്ത്രണത്തിന്റെ ഭാഗമായി കുമ്മായം വിതറാം. ഭക്ഷണം കഴിക്കുന്നതിനു മുമ്പായി കൈ സോപ്പുപയോഗിച്ച് നന്നായി ഉരച്ച് കഴുകണം. 70 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ വൈറസ്സ് നിര്‍വ്വീര്യമാകും.
രോഗം നിയന്ത്രണവിധേയമാകാന്‍ രോഗം ബാധിച്ച പ്രദേശങ്ങളില്‍ നിന്നും രണ്ടാഴ്ച ഇടവിട്ട് മൂന്ന് മാസംവരെ സാമ്പിള്‍ പരിശോധിച്ച് രോഗമില്ലെന്ന് സ്ഥിരീകരിക്കണം. രോഗംബാധിച്ച പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ക്ക് രോഗനിയന്ത്രണത്തിനായി ടാമി ഫ്‌ളൂ (Oseltamivir) എന്ന ആന്റി വൈറല്‍ മരുന്ന് 10 ദിവസ്സം കഴിക്കണം. രോഗം വന്നാലും ചികിത്സയ്ക്ക് വേണ്ടിയും ഉയര്‍ന്ന ഡോസില്‍ 10 ദിവസ്സം കഴിക്കണം. മൂന്നു മാസം രോഗലക്ഷണങ്ങള്‍ കണ്ടില്ലെങ്കില്‍ പ്രസ്തുത പ്രദേശത്ത് വീണ്ടും കോഴികളെയോ, താറാവുകളേയോ വളര്‍ത്താം. സംസ്ഥാന ഗവണ്‍മെന്റ് രോഗംമൂലം കൊന്നൊടുക്കുന്ന കോഴികള്‍ക്ക് 100-200 രൂപവരെ നഷ്ടപരിഹാരം നല്‍കുന്നു. കോഴികളുടെ കഴുത്തിലെ കശേരുക്കളെ വിടുവിപ്പിച്ചാണ് കൊല്ലുന്നത്.
പക്ഷിപ്പനി കേരളത്തിലെത്തിയ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. മറിച്ച് ശാസ്ത്രീയമായ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിച്ച് പ്രവര്‍ത്തിക്കണം. ശ്രദ്ധയോടെയുള്ള കരുതലും, ബോധവല്‍ക്കരണവും രോഗം വരാതിരിക്കാന്‍ സഹായിക്കും. അകാരണമായ ഭീതി കേരളത്തിലെ കോഴി വളര്‍ത്തല്‍ മേഖലയെ പ്രതികൂലമായി ബാധിക്കരുത്.