1. കേരളത്തില്‍ പക്ഷിപ്പനി നിയന്ത്രിക്കുവാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു വരുന്നു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ രോഗം ബാധിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു ലക്ഷത്തിലധികം താറാവുകളെ കൊന്നു നശിപ്പിച്ചു കഴിഞ്ഞു. ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ പ്രകാരമാണ് രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്.
രോഗത്തിനു കാരണമായ വൈറസ്സ് H5N1 ആണെന്ന് ഇതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഭോപ്പാലിലെ High Security Animal Disease Lab ലാണ് രോഗ നിര്‍ണ്ണയം നടത്തിയത്.
2. കേരളത്തില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇറച്ചിക്കോഴി വിപണിയില്‍ മാന്ദ്യം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഭിതിപ്പെടേണ്ട. കരുതല്‍ നടപടിയെടുത്താല്‍ മതി. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തു നിന്നും ഒരു കിലോമീറ്റര്‍ പരിധിയില്‍ നിന്നും കോഴിയിറച്ചി, മുട്ട, താറാവിറച്ചി എന്നിവ കഴിക്കരുത്.
കോഴിയിറച്ചി നന്നായി വേവിച്ച് കറിവെച്ച് കഴിക്കണം. ബുള്‍സ് ഐ ഒഴിവാക്കണം. കോഴിയിറച്ചി ഫ്രൈ തല്‍ക്കാലം കഴിക്കേണ്ട. കിണറുകളില്‍ ബ്ലീച്ചിംഗ് പൗഡര്‍, പൊട്ടാസ്യം പെര്‍മാംഗനേറ്റ് എന്നിവയിട്ട് രോഗാണുവിമുക്തമാക്കണം. കോഴിക്കാഷ്ഠം തല്‍ക്കാലം വാങ്ങുന്നത് ഒഴിവാക്കണം. ഫാമുകള്‍ക്ക് ചുറ്റും കുമ്മായം വിതറണം. പന്നിഫാമുകള്‍ക്ക് ഇറച്ചിക്കോഴി അവശിഷ്ടങ്ങള്‍ നല്‍കരുത്. വെള്ളം തിളപ്പിച്ചു മാത്രമെ ഉപയോഗിക്കാവൂ. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പക്ഷിപ്പനി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
3. പക്ഷിപ്പനിയെക്കുറിച്ച് മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും അവബോധം വളര്‍ത്താനായി വെറ്ററിനറി സര്‍വ്വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗം പ്രത്യേക ഡോക്യുമെന്ററി പുറത്തിറക്കി. സംസ്ഥാന മൃഗസംരക്ഷണ വകുപ്പു മന്ത്രി ശ്രീ. കെ.പി. മോഹനന്‍ ഡോക്യുമെന്ററി പ്രകാശനം ചെയ്തു.
4. പക്ഷിപ്പനിബാധിത മേഖലകളില്‍ വെറ്ററിനറി സര്‍വ്വകലാശാല സമഗ്ര ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446052800 എന്ന നമ്പറില്‍ ബന്ധപ്പെടാം.
5. ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെ കോഴിക്കോട് ജില്ലയിലെ മടപ്പള്ളി കോളേജില്‍ കാര്‍ഷിക, അനുബന്ധ എക്‌സിബിഷന്‍ നടക്കും.